fbpx

ആലത്തൂരില്‍ നാട്ടുചന്തക്ക് തുടക്കം

നാടന്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണി ഒരുക്കി തിങ്കളാഴ്ചകളില്‍ നാട്ടുചന്ത സജീവമാകും

ആലത്തൂര്‍: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ സഹകരണത്തോടെ നിറ കാര്‍ഷിക ഉത്പാദന വിപണന സമിതിയുടെ നേതൃത്വത്തില്‍ ആലത്തൂരില്‍ നാട്ടുചന്തക്ക് തുടക്കമായി. പ്രാദേശികമായ കാര്‍ഷിക വിഭവങ്ങളുടെ കൈമാറ്റം, കര്‍ഷകര്‍ക്ക് ന്യായവില , ഇടനിലക്കാരില്ലാതെ കാര്‍ഷിക ഉത്പന്നങ്ങളുടെ വിപണനം എന്നിവയ്ക്ക് നാട്ടുചന്ത വഴിയൊരുക്കും. ആലത്തൂര്‍ പുതിയ ബസ് സ്റ്റാന്‍ഡിലുള്ള നിറ ഇക്കോഷോപ്പ് പരിസരത്ത് എല്ലാ തിങ്കളാഴ്ചയും രാവിലെ 9.30 മുതല്‍ 5.30 വരെയാണ് നാട്ടുചന്ത പ്രവര്‍ത്തിക്കുക. ആലത്തൂരിലെയും പരിസര പ്രദേശത്തെയും കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴം-പച്ചക്കറികള്‍, അരി , മൂല്യവര്‍ധിത ഉത്പന്നങ്ങള്‍, വെളിച്ചെണ്ണ, ചെറുധാന്യഉത്പന്നങ്ങള്‍, നാടന്‍ കോഴിമുട്ട തുടങ്ങി നിരവധി വിഭവങ്ങള്‍ നാട്ടുചന്തയിലൂടെ വിപണനം നടത്തും. ആലത്തൂരിലെയും പരിസരപ്രദേശത്തെയും കര്‍ഷകര്‍ക്ക് പുറമെ വി.എഫ്.പി.സി.കെ. കര്‍ഷകരുടെ ഉത്പന്നങ്ങളും നാട്ടുചന്തയില്‍ ലഭ്യമാകും. കൃഷിവകുപ്പിന്റെ് സഹായത്തോടെയുളള കര്‍ഷകരുടെ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളും നാട്ടുചന്തയില്‍ ലഭ്യമാണ്.കര്‍ഷകരില്‍ നിന്നും സംഭരിച്ച കുറ്റിപയര്‍, വള്ളിപ്പയര്‍, വാഴ കൂമ്പ്, ഉണ്ണി പിണ്ടി, പപ്പായ, വെള്ളരി, നാടന്‍ കത്തിരി, വെണ്ടക്ക, കപ്പ കിഴങ്ങ്, കാന്താരി ഉള്‍പ്പെടെ വിവിധ ഇനം മുളക്, കോവയ്ക്ക, കുമ്പളം, നാടന്‍ തക്കാളി, മത്തന്‍, ചേന, ഇഞ്ചി, സലാഡ് വെള്ളരി, വിവിധ ഇനം വാഴക്കായകള്‍, മുരിങ്ങക്കായ, മുരിങ്ങയില, പച്ചചീര, ചുവന്ന ചീര, മണിത്തക്കാളി ചീര, പാലക്ക് ചീര, കറിവേപ്പില എന്നീ നാടന്‍ ഇനങ്ങളും നാടന്‍ കോഴി-താറാവ് മുട്ടകള്‍, അവല്‍, വെളിച്ചെണ്ണ, ചോളം, കുതിരവാലി, കമ്പ്, കോറ, ചാമ, കൂവരക്, തിന, കാവടി ശര്‍ക്കര, പനംചക്കര, കുന്നന്‍കായ പൊടി, ഞവര, കൂവ, മില്ലറ്റ് ഹെല്‍ത്ത് മിക്സ്, മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപൊടി, കുടംപുളി, കുരുമുളക്, തേന്‍, നന്നാരി സര്‍ബത്ത്, അച്ചാറുകള്‍, കൊണ്ടാട്ടം എന്നീ മൂല്യവര്‍ധിത ഉത്പന്നങ്ങളും സവാള, ചെറിയ ഉള്ളി, ഉരുള കിഴങ്ങ്, ക്യാരറ്റ്, ബീറ്റ്റൂട്ട്, ബീന്‍സ്, കൊത്തമര, ക്യാബേജ്, കോളിഫ്ളവര്‍, കാപ്സിക്കം, വെളുത്തുള്ളി ഉള്‍പ്പടെയുള്ളവ ചന്തയില്‍ ലഭ്യമാണ്.കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ സംഭരിക്കുന്നതിന് പുറമെ ഇക്കോഷോപ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ സ്വന്തമായി വിപണനം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് സ്ഥലം ലഭ്യമാക്കാനും അവസരമൊരുക്കും. നിറ കാര്‍ഷിക ഉത്പാദന വിപണ സമിതിയിലെ സേവന സജ്ജരായ കര്‍ഷകര്‍ തന്നെയാണ് നാട്ടുചന്തയുടെ വിപണി പ്രവര്‍ത്തകര്‍. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആലത്തൂരിലെ 100 കൃഷിയിടങ്ങളിലാണ് കൃഷി ആരംഭിച്ചത്. രണ്ടാം വിളക്കാലത്ത് 1000 കുടുംബങ്ങളില്‍ കൃഷി ആരംഭിക്കാനുള്ള പദ്ധതികള്‍ കൃഷിവകുപ്പ്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്താനും പ്രാദേശികമായി പരമാവധി പഴം പച്ചക്കറി ഉത്പന്നങ്ങള്‍ ഉത്പാദിപ്പിക്കാനുമാണ് ലക്ഷ്യം.നാട്ടുചന്തയുടെ ഉദ്ഘാടനം ആലത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. ഷൈനി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ചന്ദ്രന്‍ പരുവക്കല്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍. കുമാരി, വാര്‍ഡ് അംഗം നജീബ്, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ മേരി വിജയ, കൃഷി ഓഫീസര്‍ എം.വി. രശ്മി, നിറ കാര്‍ഷിക ഉത്പാദന സമിതി പ്രസിഡന്റ് കെ.ഡി. ഗൗതമന്‍ എന്നിവര്‍ സംസാരിച്ചു.