മലപ്പുറം ബോട്ടപകടം: അടിയന്തര യോഗം വിളിച്ച് മന്ത്രി വീണാ ജോര്‍ജ്*

താനൂർ ബോട്ടപകടം; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ.മലപ്പുറം താനൂര്‍ ബോട്ടപകടത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ രാത്രിയില്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു.പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കി മൃതദേഹം വിട്ടുകൊടുക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മതിയായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ തൃശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുമെത്തിച്ച് തിരൂര്‍, തിരൂരങ്ങാടി, പെരിന്തല്‍മണ്ണ ആശുപത്രികളിലും മഞ്ചേരി മെഡിക്കല്‍ കോളേജിലും പോസ്റ്റുമോര്‍ട്ടം നടത്തും. മഞ്ചേരിയ്ക്ക് സമീപമുള്ളവരെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വച്ച് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതാണ്. രാവിലെ 6 മണിക്ക് തന്നെ പോസ്റ്റുമോര്‍ട്ടം ആരംഭിക്കാന്‍ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. കഴിയുമെങ്കില്‍ കുറച്ച് മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ കൂടി സജ്ജീകരണങ്ങളൊരുക്കി പോസ്റ്റുമോര്‍ട്ടം നടത്താനും മന്ത്രി നിര്‍ദേശം നല്‍കി.ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.മലപ്പുറം താനൂരിലുണ്ടായ ബോട്ടപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ലഭ്യമാകുന്ന വിവരമനുസരിച്ച് 21 പേരാണ് മരിച്ചത്. നാളെ സംസ്ഥാനത്ത് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തെ തുടർന്ന് മെയ് 8 ന് നടത്താനിരുന്ന താലൂക്കുതല അദാലത്തുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ സർക്കാർ ഔദ്യോഗിക പരിപാടികളും മാറ്റി വെച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ താനൂർ ബോട്ടപകടം നടന്ന സ്ഥലത്തേക്ക് തിരിക്കും.അപകടത്തിൽ മരിച്ചവരിൽ അധികവും കുട്ടികളാണെന്നാണ് ലഭ്യമായ വിവരം. ഇതുവരെ 15 പേരെയാണ് രക്ഷപ്പെടുത്താനായത്. ഏതാണ്ട് 5 പേരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. 40 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണെന്ന് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ അറിയിച്ചു. ഹൗസ് ബോട്ടായതിനാൾ കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിരിക്കുകയാണ്. ഫയർഫോഴ്സിന്റെ നാല് യൂണിറ്റാണ് നിലവിൽ സ്ഥലത്തുള്ളതെന്നും കൂടുതൽ ആളുകളെ ആവശ്യമെങ്കിൽ എത്തിക്കുമെന്നും ബി. സന്ധ്യ വ്യക്തമാക്കി.വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് ആണ് മറിഞ്ഞത്. നിരവധി പേർ അപകടത്തിൽ പെട്ടിട്ടുണ്ട്. രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. പരപ്പനങ്ങാടി, താനൂർ, തിരൂർ, തിരൂരങ്ങാടി എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് പരിക്കേറ്റവരിൽ പലരെയും പ്രവേശിപ്പിച്ചിട്ടുള്ളത്. വൻ ജനക്കൂട്ടവും വാഹനങ്ങളും രക്ഷാപ്രവർത്തനത്തിന് തടസ്സമാകുന്നതിനാൽ പൊതുജനം അപകടസ്ഥലത്തേക്ക് പോകാതെ സഹകരിക്കണമെന്ന് പൊലീസ് അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ബോട്ട് മുങ്ങിയ സംഭവത്തിൽ ഏകോപിതമായി അടിയന്തിര രക്ഷാപ്രവർത്തനം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ മലപ്പുറം ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്മാൻ എന്നിവർ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

[adsforwp id=”35311″]

Comments are closed.