fbpx

പുതുവത്സരത്തിൽ ലഹരിക്കെതിരെ സ്നേഹപ്പൊതികൾ വിതരണം ചെയ്ത് എളമ്പുലാശ്ശേരി സ്കൂളിലെ കുട്ടികൾ

മലപ്പുറം : പുതുവത്സരത്തിൽ ലഹരിക്കെതിരെ എളമ്പലാശ്ശേരി സ്കൂളിലെ കുട്ടികൾ സ്നേഹപ്പൊതികൾ വിതരണം ചെയ്തു. 2023 ലഹരിയില്ലാത്ത ലോകത്തെ സൃഷ്ടിക്കാനുള്ള കർമ്മ പദ്ധതികളുടെ തുടക്കമായിട്ടാണ് സ്നേഹപ്പൊതികൾ തയാറാക്കിയത്. ലഹരി ഉപയോഗിക്കുന്നവർക്ക് സംഭവിക്കുന്ന മാരകമായ വിപത്തുകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് തയാറാക്കിയ ലഘുലേഖയും മധുരവുമാണ് സ്നേഹ പ്പൊതിയിൽ ഉള്ളത്. രാവിലെ 8 മണി മുതൽ രാത്രി 12 മണി വരെ മലപ്പുറം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളായ ചേളാരി, വേണ്ടര , മലപ്പുറം, മഞ്ചേരി, പാണ്ടിക്കാട്, നിലമ്പൂർ, യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥലങ്ങളിൽ സ്കൂൾ ബസിൽ സഞ്ചരിച്ച് കുട്ടികൾ സ്നേഹപ്പൊതികൾ വിതരണം ചെയ്തു. തണൽ ഫൗണ്ടേഷൻ ചെയർമാൻ മുഹമ്മദലി ബാബു, സബാഹ് സ്ക്വയർ ചെയർമാൻ, സബാഹ് കുണ്ടുപുഴയ്ക്കൽ, രാജ്യസഭാ അംഗം പി വി അബ്ദുൾ വഹാബ് എം പി ,തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ കുട്ടികൾക്ക് പിന്തുണയുമായി എത്തി. നിലമ്പൂരിലേക്കുള്ള വഴിയിൽ വച്ച് എസ് ഐ സിബിച്ചൻ , പോലീസുകാരായ മനുദാസ്, ബഷീർ, സഞ്ചു എന്നിവർ കുട്ടികളുടെ പ്രവർത്തനങ്ങളിൽ പങ്കാളികളായി. മലപ്പുറം കെ എസ് ആർ ടി പരിസരത്ത് നടത്തിയ ലഹരി ബോധവൽക്കരണ പരിപാടിയിൽ കെ എസ് ആർ ടി സി ജീവനക്കാരും പങ്കാളികളായി. ഇതോടനുബന്ധിച്ച് നിലമ്പൂരിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളായ കനോലി പ്ലോട്ട്, തേക്ക് മ്യൂസിയം, നടുങ്കയം, ആഢ്യൻപാറ തുടങ്ങിയ സ്ഥലങ്ങളിൽ കുട്ടികൾ സന്ദർശിക്കുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. പരിപാടിക്ക് സ്കൂൾ ലീഡർ ജബിൻ, ഹെഡ്മിസ്ട്രസ് പി എം ഷർമിള, പി മുഹമ്മദ് ഹസ്സൻ , കെ ജയശ്രീ, പി.എം അഖിൽ , കെ അമ്പിളി , പി. നിവേദിത, പി ഷൈജില, ജയ പ്രിയ, അജിഷ, രാജേശ്വരി, ഉമ്മു ഹബീബ എന്നിവർ നേതൃത്വം നൽകി.