മദ്രസ്സ വിദ്യാർത്ഥികൾക്ക് കരുതലിന്റെ സന്ദേശം ;റോഡ് സുരക്ഷാ ബോധവൽക്കരണത്തിൽ മാതൃകയായി സി ഐ ഇ ആർ പാഠപുസ്തകങ്ങൾ

തിരൂരങ്ങാടി : റോട്ടിലെ കരുതലിന്റെ ബാലപാഠങ്ങൾ കുരുന്നു മനസ്സുകളിലേക്ക് പകർന്ന് നൽകുന്ന മദ്രസ്സാ പാഠപുസ്തകത്തിന് മോട്ടോർ വാഹന വകുപ്പിന്റെ അനുമോദനം. കോഴിക്കോട് മർകസുദ്ദ‌അവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഇസ്ലാമിക് എജ്യുക്കേഷൻ ആന്റ് റിസർച്ച് (സി ഐ ഇ ആർ) പുറത്തിറക്കുന്ന പാഠപുസ്തകങ്ങളാണ് ഇതര പാഠ്യപദ്ധതികൾക്കും മാതൃകയാവുന്നത്. വിദ്യാർത്ഥികൾക്കുള്ള പാഠ്യപദ്ധതിയിൽ റോഡ് സുരക്ഷാ ബോധവത്കരണം ഉൾപ്പെടുത്തുന്നതിനെ കുറിച്ച ചർച്ചകൾ സജീവമാവും മുൻപേ തന്നെ ഒന്നര പതിറ്റാണ്ട് മുൻപ് തന്നെ സി ഐ ഇ ആർ അവ സിലബസ്സിൽ ഉൾപ്പെടുത്തിയിരുന്നു.ആറാം ക്ലാസിലെയും എട്ടാം ക്ലാസിലെയും പാഠപുസ്തകങ്ങളിലാണ് റോഡിലെ മര്യാദകളും നിയമ സാക്ഷരതയും അവ പാലിക്കുന്നതിന്റെ പ്രാധാന്യവും ഉൾപ്പെടുത്തിയിട്ടുള്ളത്. ആറാം ക്ലാസിൽ 2008 മുതലും എട്ടാം ക്ലാസിൽ 2016 മുതലുമാണ് ഇവ പഠിപ്പിക്കുന്നത്. പദ്യ രൂപത്തിലും സൂചനാ രൂപത്തിലും അഭ്യാസ രൂപത്തിലുമെല്ലാം റോഡ് നിയമങ്ങളും മര്യാദകളും വളരെ ശാസ്ത്രീയമായും വിശദമായും പഠിപ്പിക്കുന്നുണ്ട്.2003 മുതലാണ് കെ എൻ എം മർകസുദ്ദ‌അവക്ക് കീഴിൽ സി ഐ ഇ ആർ പ്രവർത്തനമാരംഭിച്ചത്. സംസ്ഥാനത്തും വിദേശത്തുമായി നിരവധി മദ്രസ്സകളും സ്കൂളുകളും ഈ പാഠ്യപദ്ധതിയനുസരിച്ച് പ്രവർത്തിക്കുന്നുണ്ട്.കുരുന്നു മനസ്സുകളിലേക്ക് റോഡ് സുരക്ഷയുടെ ബാലപാഠങ്ങൾ കൃത്യമായി പകർന്ന് നൽകുകയും മതാധ്യാപനങ്ങളുടെ ഭാഗമായി തന്നെ അവ പഠിപ്പിക്കുന്നതിലൂടെ അവയുടെ ഗൗരവം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയും ചെയ്യുന്ന സി ഐ ഇ ആർ പാഠ്യരീതി പ്രശംസാർഹവും മാതൃകാപരവുമാണെന്ന് മലപ്പുറം എൻഫോഴ്സ്മെന്റ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ എം കെ പ്രമോദ് ശങ്കർ അഭിപ്രായപ്പെട്ടു. കുട്ടികളുടെ റോഡ് സുരക്ഷാ പഠനം നേരിട്ട് കാണുന്നതിനും സി ഐ ഇ ആറിനെ മോട്ടോർ വാഹന വകുപ്പിന്റെ അനുമോദനമറിയിക്കുന്നതിനുമായി പരപ്പനങ്ങാടി സോഫ്റ്റ് അക്കാദമി കാമ്പസിലുള്ള മദ്രസത്തുൽ ഇസ്ലാഹിയ്യയിൽ എത്തിയതായിരുന്നു അദ്ദേഹം. സി ഐ ഇ ആർ അക്കാദമിക് കൺവീനർ റഷീദ് പരപ്പനങ്ങാടിയെ അദ്ദേഹം തങ്ങളുടെ അഭിനന്ദനവും പിന്തുണയും അറിയിച്ചു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷബീർ പാക്കാടൻ, ഗഫൂർ കരുമ്പിൽ, പരപ്പനങ്ങാടി എജ്യുക്കേഷണൽ കോം‌പ്ലക്സ് ആന്റ് ചാരിറ്റി സെന്റർ ജനറൽ സെക്രട്ടറി ഇ ഒ അബ്ദുൽ ഹമീദ്, അഡ്മിനിസ്ട്രേറ്റർ മൻസൂർ അലി ചെമ്മാട്, മദ്രസത്തുൽ ഇസ്ലാഹിയ്യ സദർ ഇ ഒ അബ്ദുന്നാസർ, ഫിറോസ് പി തുടങ്ങിയവർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഫോട്ടോ: റോഡ് സുരക്ഷാ പാഠങ്ങൾ ഒന്നര പതിറ്റാണ്ടായി മദ്രസാ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകുന്ന സി ഐ ഇ ആർ പാഠ്യപദ്ധതിക്ക് അനുമോദനവും പിന്തുണയും അറിയിച്ച് മലപ്പുറം എൻഫോഴ്സ്മെന്റ് എംവിഐ പ്രമോദ് ശങ്കറിന്റെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സി ഐ ഇ ആർ അക്കാദമിക് കൺവീനർ റഷീദ് പരപ്പനങ്ങാടിയുമായി ചർച്ച നടത്തുന്നു.