*കോട്ടക്കൽ ബസ്സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് ഇന്ന് നാടിന് സമര്‍പ്പിക്കും

കോട്ടക്കല്‍:ആയുര്‍വേദനഗരത്തിന്‍റെ സ്വപ്നസാഫല്യമായ ബസ്സ് സ്റ്റാന്‍ഡ് കം ഷോപ്പിംഗ് കോംപ്ലക്സ് വെള്ളിയാഴ്ച മന്ത്രി എം.ബി രാജേഷ് നാടിന് സമര്‍പ്പിക്കും.27 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ബസ്സ് സ്റ്റാന്‍ഡിന്‍റെ ഉദ്ഘാടന ചടങ്ങിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോട്ടക്കല്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ബുഷ്റ ഷബീര്‍ അറിയിച്ചു.വെള്ളിയാഴ്ച്ച വൈകീട്ട് 4.30ക്ക് നടക്കുന്ന ചടങ്ങില്‍ കെ.കെ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയാണ് ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം നിര്‍വഹിക്കുക. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ മുഖ്യാതിഥിയാകും.എം.പി അബ്ദുസമദ് സമദാനി എം.പി ഷോപ്പുകളുടെ രേഖ കൈമാറും.നിലവിലുണ്ടായിരുന്ന കച്ചവടക്കാര്‍ക്ക് പുതിയ കെട്ടിടത്തില്‍ മുന്‍ഗണനയുണ്ടെന്നും വ്യാപാരികളെ ചേര്‍ത്ത് പിടിച്ചാണ് നഗരസഭ മുന്നോട്ടുപോകുന്നതെന്നും ചെയര്‍പേഴ്സണ്‍ അറിയിച്ചു. പഴയ സ്റ്റാന്‍ഡും നിലവിലെ കെട്ടിടങ്ങളും പൊളിച്ചുമാറ്റിയും ഒന്നര ഏക്കര്‍ ഭൂമിയിലാണ് ഷോപ്പിംഗ് കോംപ്ലക്സ് യാഥാര്‍ത്ഥ്യമാക്കിയത്.യാത്ര സൗകര്യത്തിനായി സ്റ്റാന്‍ഡിന്‍റെ അരികുവശത്തുള്ള റോഡുകള്‍ 10 മീറ്റര്‍ വീതി കൂട്ടി.ബസുകള്‍ക്ക് കടന്നുവരാനും പോകാനുള്ള തരത്തിലുള്ള സംവിധാനം,104 മുറികള്‍,ആധുനിക സംവിധാനത്തോടെയുള്ള ശുചിമുറി,വാഹന പാര്‍ക്കിംഗ് എന്നിവ ഉള്‍പ്പെട്ടതാണ് കെട്ടിടം.കേരള അര്‍ബന്‍ ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുത്താണ് നിര്‍മ്മാണം. നഗരത്തിന്‍റെ ഹൃദയഭാഗത്ത് സ്റ്റാന്‍ഡ് പ്രവര്‍ത്തനമാരംഭിക്കുന്നതോടെ വ്യാപാരി അടക്കമുള്ളവര്‍ക്ക് അതിജീവനത്തിന്‍റെ പാതയാണ്. കെട്ടിടത്തില്‍ പുതിയ വ്യാപാര വാണിജ്യ കേന്ദ്രങ്ങളും വരുന്നതോടെ ജില്ലയുടെ പ്രധാന വ്യവസായഇടമായി കോട്ടക്കല്‍ മാറും.

Comments are closed.