ഒരേ സമയം അഞ്ച് അവയവമാറ്റ ശസ്ത്രക്രിയകൾ, ചരിത്രം സൃഷ്ടിച്ച് കിംസ്ഹെൽത്ത്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

തിരുവനന്തപുരം, അവയവ മാറ്റിവെയ്ക്കൽ രംഗത്ത് ചരിത്രം സൃഷ്ടിച്ച് തിരുവനന്തപുരം കിംസ്ഹെൽത്ത്. മസ്തിഷ്‌കമരണം സംഭവിച്ച ഒരു വ്യക്തിയുടെ അവയവങ്ങൾ മൂന്ന് രോഗികൾക്ക് ഒരേ സമയം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയയാണ് കിംസ്ഹെൽത്തിൽ നടന്നത്. ഇതോടെ ഒരേ സമയം രണ്ട് മൾട്ടി ഓർഗൻ ട്രാൻസ്പ്ലാന്റ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ  ആശുപത്രിയായി തിരുവനന്തപുരം കിംസ്ഹെൽത്ത് മാറി.

കിംസ്ഹെൽത്തിലെ ഡോക്ടർമാരും നഴ്‌സുമാരും അടക്കം നൂറോളം ആരോഗ്യപ്രവർത്തകരുടെ 24 മണിക്കൂർ നീണ്ട പ്രയത്‌നമാണ് അവയവ മാറ്റിവെയ്ക്കൽ രംഗത്തെ അപൂർവ നേട്ടത്തിന് കാരണമായത്. മസ്തിഷ്‌ക മരണം സംഭവിച്ച 24 വയസ്സുളള തമിഴ്‌നാട് സ്വദേശിയുടെ അവയവങ്ങൾ ആണ് മൂന്ന് രോഗികൾക്ക് പുതുജീവൻ നൽകിയത്. ദാതാവിന്റെ കരൾ, പാൻക്രിയാസ്, വൃക്കകൾ എന്നിവയാണ് ആണ് മൂന്ന് രോഗികളിൽ മാറ്റിവെച്ചത്.രണ്ട് അവയവങ്ങൾ ആവശ്യമുള്ള 26 വയസ്സുള്ള സ്ത്രീക്കും 39 വയസ്സുള്ള പുരുഷനും ഒരേസമയം ശസ്ത്രക്രിയ നടത്തി. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ശസ്ത്രക്രിയ നടത്തുന്നത്. ഒരു രോഗിയ്ക്ക് കരളിന്റെ പകുതിയും വൃക്കയും, രണ്ടാമത്തെ രോഗിയ്ക്ക് പാൻക്രിയാസും വൃക്കയും ആണ് മാറ്റിവെച്ചത്. കരൾരോഗം ബാധിച്ച 50 വയസ്സുള്ള സ്ത്രീക്കാണ് കരളിന്റെ രണ്ടാം പകുതി നൽകിയത്. ഇത്തരത്തിൽ  മൾട്ടി ഓർഗൻ ട്രാൻസ്പ്‌ളാന്റ് ചെയ്യുന്നതും അപൂർവമാണ്. ദക്ഷിണ കേരളത്തിൽ തന്നെ പാൻക്രിയാസ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയും ആദ്യമായാണ് നടത്തുന്നത്. ഇതിന് നേതൃത്വം നൽകിയത് പാൻക്രിയാറ്റിക് ആന്റ് മൾട്ടി ഓർഗൻ ട്രാൻസ്പ്ളാന്റ് കൺസൾട്ടന്റ് സർജൻ ഡോ. ഷിറാസ് അഹമ്മദ് റാതർ ആണ്.ടൈപ്പ് വൺ പ്രമേഹരോഗിയായി രണ്ട് വൃക്കകളുടെയും പ്രവർത്തനം തകരാറിലായ വ്യക്തിയ്ക്കാണ് പാൻക്രിയാസും വൃക്കയും ഒരേ സമയം മാറ്റിവെച്ചത്. പ്രൈമറി ഹൈപ്പറോക്സലൂറിയ എന്ന രോഗം ബാധിച്ച് വൃക്കയുടെ പ്രവർത്തനം തകരാറിലായ 26 വയസ്സുകാരിയ്ക്കാണ് വൃക്കയും കരളും മാറ്റിവെച്ചത്. ദാതാവിന്റെ കരൾ രണ്ട് ഭാഗമാക്കാൻ തക്ക വലുപ്പവും ആരോഗ്യവും ഉളളതായിരുന്നു. ഇത്തരത്തിൽ ദാതാവിൽ വച്ച് തന്നെ സ്പ്‌ളിറ്റ് ലിവർ ട്രാൻസ്പ്ലാന്റ് നടത്തുന്നതും കേരളത്തിൽ ആദ്യമായിട്ടാണ്. കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയത് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിഭാഗം മേധാവി ആയ ഡോ. ഷബീറലി ടി യും ഹെപ്പറ്റോളജി വിഭാഗം കൺസൾട്ടന്റ് ഡോ. മധു ശശിധരനുമാണ്. വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് യൂറോളജി വിഭാഗം മേധാവിയും കൺസൾട്ടന്റും ആയ ഡോ. റെനു തോമസ്, ട്രാൻസ്പ്ളാന്റ് ഡയറക്ടറും നെഫ്രോളജി വിഭാഗം കൺസൾട്ടന്റുമായ ഡോ. പ്രവീൺ മുരളീധരൻ, നെഫ്രോളജി വിഭാഗം കൺസൾട്ടന്റായ ഡോ. സതീഷ് ബാലൻ എന്നിവരാണ്.  24 മണിക്കൂർ നീണ്ട ശസ്ത്രക്രിയ പൂർത്തീകരിക്കാൻ സാധിച്ചത് ഡോക്ടർമാരും നഴ്‌സ്മാരും, പാരാമെഡിക്കൽ പ്രവർത്തകരുമെല്ലാം അടങ്ങുന്ന കിംസ്ഹെൽത്തിലെ ആരോഗ്യപ്രവർത്തകരുടെ കൂട്ടായ പ്രവർത്തനം കൊണ്ടാണെന്ന് കിംസ്ഹെൽത്ത് ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ ഡോ. എം ഐ. സഹദുളള പറഞ്ഞു. അവയവങ്ങൾ സ്വീകരിച്ച മൂന്ന് പേരും സുഖം പ്രാപിച്ച് വരുന്നു.

സർക്കാരിന്റയെും, അവയവ കൈമാറ്റം സുഗമമായി നടത്താൻ നിയോഗിക്കപ്പെട്ട കേരള സ്‌റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെയും (കെ-സോട്ടോ) മേൽനോട്ടത്തിലാണ് ശസ്ത്രക്രിയകൾ നടത്തിയത്. അപകടസാധ്യത കൂടുതലുള്ള ഒന്നിലധികം അവയവങ്ങൾ തകരാറിലായ രോഗികളെ സഹായിക്കാൻ വേണ്ടിയാണ് സർക്കാർ അവയവദാനത്തിനുളള മാനദണ്ഡങ്ങൾ രൂപീകരിച്ചത്. ഇതിനായി ദേശീയ അന്തർദേശീയ മാർഗനിർദേശങ്ങളാണ് ഞങ്ങൾ  പിന്തുടരുന്നത്. ഇക്കാര്യത്തിൽ ദാതാവിന്റെ കുടുംബത്തിന്റെ നല്ല മനസ് വളരെയധികം ശ്ലാഘനീയമാണെന്നും കേരള സ്‌റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ ഗ്രേഷ്യസ് പറഞ്ഞു.ഹെപ്പറ്റോബിലിയറി ആൻഡ് ലിവർ ട്രാൻസ്പ്ലാന്റ് വിഭാഗത്തിലെ കൺസൾട്ടന്റുമാരായ ഡോ. വർഗീസ് എൽദോ, ഡോ. എസ്. ശ്രീജിത്ത്, യൂറോളജി വിഭാഗം കൺസൾട്ടന്റുമാരായ ഡോ. നിത്യ ആർ, ഡോ. സുധിൻ എസ് ആർ,  അനസ്തേഷ്യാ വിഭാഗം ഡോക്ടർമാരായ  ഡോ. ഹാഷിർ എ, ഡോ. സാഹിൽ, ഡോ. ദിവ്യ എസ്, ഡോ. ഹരി, ഹെപ്പറ്റോളജി വിഭാഗം കൺസൾട്ടന്റ് അജിത് കെ നായർ, ട്രാൻസ്പ്ളാന്റ് പ്രൊക്യൂർമെന്റ് മാനേജർ ഡോ. ആർ മുരളീധരൻ, ട്രാൻസ്പ്ളാന്റ് ക്രിട്ടിക്കൽ കെയർ കൺസൾട്ടന്റ് ഡോ മധുസൂധനൻ, റേഡിയോളജി വിഭാഗം കൺസൾട്ടന്റുമാരായ ഡോ. മനീഷ് കുമാർ യാദവ്, ഡോ. കെ എസ് മനോജ്, ട്രാൻസ്‌പ്ലാന്റ് നേഴ്‌സ് മാനേജർ ലിജു, ട്രാൻസ്‌പ്ലാന്റ് കോർഡിനേറ്റർസ് അഭിനന്ദ്, സബീർ, പ്രമിത എന്നിവരും ഈ ഉദ്യമത്തിന്റെ  ഭാഗമായി.

ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ (DME) ഡോ തോമസ് മാത്യു, തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ കലാ കേശവൻ, തിരുവനന്തപുരം മെഡിക്കൽ കോളേജ് സർജിക്കൽ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. രമേശ് രാജൻ എന്നിവരുടെ സഹായസഹകരണവും ഈ ഉദ്യമത്തിൽ ഉണ്ടായിരുന്നു.