fbpx

ആരോഗ്യ ചികിത്സ രംഗത്ത് നടപ്പിലാക്കേണ്ട പദ്ധതികളുടെ റിപ്പോർട്ട് കേരള മുസ്‌ലിം ജമാഅത്ത് ആരോഗ്യ മന്ത്രിക്ക് കൈമാറി.


മഞ്ചേരി: മലപ്പുറം ജില്ലയുടെ ആരോഗ്യ ചികിൽസ രംഗത്തെ പോരായ്മകളുടെ സ്ഥിതി വിവരണ കണക്ക് ചുണ്ടി കാട്ടി, കേരള മുസ് ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി തയ്യാറാക്കിയ പഠന റിപ്പോർട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജിന് കൈമാറി. ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ വികസന ചർച്ചയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങളും ജില്ലയിലെ ആരോഗ്യരംഗത്തെ നിലവിലുള്ള സാഹചര്യവും വിശദമായ പഠനത്തിന് ശേഷം തയ്യാറാക്കിയതാണി റിപ്പോർട്ട് .
മഞ്ചേരി മെഡിക്കൽ കോളേജിൽ സന്ദർശനം നടത്തിയ ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിൽ കണ്ടാണ് റിപ്പോർട്ട് സമർപ്പിച്ചത്.2013 ൽ മെഡിക്കൽ കോളേജ് ആരംഭിച്ചപ്പോൾ മലപ്പുറത്തെ ജനങ്ങളുടെ ഉദാരമായ സംഭാവന കൊണ്ട് നിർമ്മിച്ച ആശുപത്രി പോലും മലപ്പുറത്ത് കാർക്ക് നഷ്ടമായെന്നും, മറ്റ് ജില്ലകിലുള്ള ജില്ലാ ആശുപത്രിക്ക് സമാന സൗകര്യമുള്ള ഒരാശുപത്രി പോലും ജില്ലക്കില്ലെന്നും, മെഡിക്കൽ കോളേജ് വന്നപ്പോൾ മഞ്ചേരിയിലെ ജനറൽ ആശുപത്രിയും, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നഷ്ടമായെന്നും,കോളേജ് വന്നിട്ട് 8 വർഷം കഴിഞ്ഞിട്ടും അടിസ്ഥാ സൗകര്യങ്ങൾ പോലും ഇപ്പോഴും ലഭ്യമായിട്ടില്ലെന്നും മന്ത്രിയെ ബോധ്യപ്പെടുത്തി. മെഡിക്കൽ കോളേജുകളുടെ പുരോഗതിക്കായി കോടിക്കണക്കിന് കേന്ദ്ര സഹായം ലഭിക്കുന്ന പദ്ധതിയായ പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനയിൽ (പി.എം.എസ് എസ് വൈ ) മഞ്ചേരി മെഡിക്കൽ കോളേജിനെ ഉൾപ്പെടുത്തണം ഇക്കാര്യങ്ങളിലെല്ലാം സർക്കാരിന്റെ അടിയന്തിര ഇടപെടൽ വേണമെന്നും കമ്മിറ്റി കൂടികാഴ്ചയിൽ ആവശ്യപ്പെട്ടു.
കായിക, ഹജ്ജ്‌ വഖഫ് മന്ത്രി വി. അബ്ദുറഹിമാൻ്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ,കേരള മുസ്‌ലിം ജമാഅത്ത് സോൺ ക്ഷേമ കാര്യ സെക്രട്ടറി ഇബ്രാഹീം വെള്ളില, എസ് വൈ എസ് സോൺ സെക്രട്ടറി ഷമീർ പുല്ലൂർ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ :
മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട്, ജില്ലയിൽ നടപ്പിലാക്കേണ്ട ആരോഗ്യ രംഗത്തെ വിവിധ പദ്ധതികളുമായി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി തയ്യാറാക്കിയ റിപ്പോർട്ട് കേരള ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജിന് സമർപ്പിക്കുന്നു.