കെ.പുരം ഗവൺമന്റ്‌ എൽ പി സ്കൂൾ പി ടി എ : ഹൈക്കോടതി ഉത്തരവ്‌ വിദ്യഭ്യാസ വകുപ്പിന്റെ രാഷ്ട്രീയ പ്രീണനത്തിനേറ്റ കനത്ത തിരിച്ചടി

താനൂർ : കെ പുരം ഗവൺമന്റ്‌ എൽ പി സ്കൂൾ പി ടി എ എക്സിക്യൂട്ടീവ്‌ നിലവിലിരിക്കേ വീണ്ടും ജനറൽ ബോഡി യോഗം ചേർന്ന് എക്സിക്യൂട്ടീവ്‌ രൂപീകരിക്കാനുള്ള എ.ഇ ഒ ഓഫീസിന്റെ ശ്രമത്തിനേറ്റ കനത്ത തിരിച്ചടിയാണ്‌ ബഹു കേരളാ ഹൈക്കോടതിയുടെ വിധിയെന്ന് കെ പുരം ഗവൺമന്റ്‌ എൽ പി സ്കൂളിലെപി ടി എ എക്സിക്യൂട്ടീവ്‌ അംഗങ്ങളായ കെ ഉവൈസ്‌ കുണ്ടുങ്ങലും , കെ രാജീവും വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. താനൂർ എം എൽ.എയും ഉപ ജില്ലാ വിദ്യഭ്യാസ ഓഫീസും താനാളൂരിലെ ഇടത്‌ ഭരണസമിതിയും നടത്തിയ ജനാധിപത്യ വിരുദ്ധ നീക്കത്തെ ഫലപ്രദമായി പ്രതിരോധിച്ച ബഹു ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായും എക്സിക്യൂട്ടീവ്‌ അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സെപ്തംബർ 12 ന്‌ പി ടി എ ജനറൽ ബോഡിയിൽ വെച്ച്‌ എക്സിക്യൂട്ടീവ്‌ രൂപീകരിക്കുകയും രൂപീകരിച്ച എക്സിക്യൂട്ടീവിന്റെ 4 യോഗങ്ങൾ ചേരുകയും ചെയ്തതിന്‌ ശേഷമാണ്‌ രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് പി ടി എ ജനറൽ ബോഡി വീണ്ടും വിളിച്ച്‌ ചേർത്ത്‌ എക്സിക്യൂട്ടീവ്‌ രണ്ടാമതും രൂപീകരിക്കണമെന്ന് സ്കൂൾ എച്ച്‌ എമ്മിന്‌ താനൂർ എ ഇ ഒ നിർദ്ദേശം നൽകിയത്‌. നിലവിലുള്ള പി ടി എ എക്സിക്യൂട്ടീവിന്റെ അയോഗ്യത എന്താണെന്ന് മറച്ച്‌ വെച്ച്‌ താനൂർ എ ഇ ഒ ഓഫീസ്‌ നടത്തിയ ചട്ട വിരുദ്ധ പ്രവർത്തനമാണ്‌ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന്‌ വിധേയമായിട്ടുള്ളത്‌. പി ടി എ ജനറൽ ബോഡി വീണ്ടും യോഗം ചേരാനുള്ള നടപടികൾ മരവിപ്പിക്കാനും നിലവിലുള്ള എക്സിക്യൂട്ടീവിൽ നിന്ന് ഭാരവാഹികളെ തിരഞ്ഞെടുക്കുവാനുമാണ്‌ കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്‌.ദീർഘ കാലം അദ്ധ്യാപക ജോലിയിലുണ്ടായിരുന്ന താനാളൂർ ഗ്രാമ പഞ്ചായത്തിലെ രണ്ട്‌ അംഗങ്ങൾ ഭരണത്തിന്റെ ഓത്താശയോടെ നടത്തിയ ശ്രമങ്ങളും ഹൈക്കോടതി ഉത്തരവോടെ വിഫലമായി. എം എൽ എ ക്ക്‌ അനഭിമിതരായവർ പി ടി എ ഭാരവാഹികളായി വന്നാൽ സ്കൂൾ നവീകരണത്തിന്‌ സഹായം ലഭിക്കില്ലെന്ന ആപത്ക്കരമായ സന്ദേശമാണ്‌ താനാളൂരിലെ ഇടത്‌ ഭരണ സമിതി നൽകിയിരിക്കുന്നത്‌. ജനങ്ങളുടെ നികുതിപ്പണത്തെ ഇടത്‌ മുന്നണി രാഷ്ട്രീയ നേട്ടത്തിന്‌ ഉപയോഗപ്പെടുത്തുന്നത്‌ ഭരണഘടനാ വിരുദ്ധമാണ്‌. നേരിട്ട്‌ പരാതി നൽകിയിട്ടും ന്യായങ്ങൾ ബോധ്യപ്പെടുത്തിയിട്ടും ഉന്നതരുടെ സമ്മർദ്ദത്തിന്‌ വഴങ്ങി ചട്ട വിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകിയ താനൂർ ഉപ ജില്ലാ ഓഫീസിലെ രണ്ട്‌ എ ഇ ഒ മാർക്കെതിരേയും ജില്ലാ വിദ്യഭ്യാസ ഓഫീസർ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും എക്സിക്യൂട്ടീവ്‌ അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നിലവിലുള്ള പി ടി എ എക്സിക്ക്യൂട്ടീവ്‌ യോഗം ഉടന ചേരണമെന്നും പി ടി എ ഭാരവാഹികളെ തിരഞ്ഞെടുക്കണമെന്നും ആവശ്യപ്പെട്ടു. പരാതിക്കാരനായ കെ. രാജീവിന്‌ വേണ്ടി അഡ്വ. പി പി റഹൂഫ്‌ ആണ്‌ കോടതിയിൽ ഹാജരായത്

Comments are closed.