ഐടി മേഖലയിൽ യുവാക്കളെ കാത്തിരിക്കുന്നത് അനന്തമായ ജോലി സാധ്യതതകൾ:അരൂർ എംഎൽഎ ദലീമ

കൊച്ചി, വരും നാളുകളിൽ ഐടി മേഖലയിൽ ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത് അനന്തമായ ജോലി സാധ്യതകളാണെന്ന് അരൂർ എംഎൽഎ ദലീമ. ചേർത്തല ഇൻഫോപാർക്കിൽ സംസ്ഥാന സർക്കാരിന്റെ നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോട് കൂടി പാർക്ക് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളുടെ കൺസോർഷ്യമായാ ക്യൂബിക്കിൾ ഫോഴ്സ് സംഘടിപ്പിച്ച റിക്രൂട്ട്മെന്റ് ഡ്രൈവ് ഉദഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംഎൽഎ. ഐടി മേഖലയിൽ വൻ കുതിപ്പിന്റെ നാളുകൾക്കാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നതെന്നും കഴിഞ്ഞ ഒരു വർഷത്തിനിടെ 258 കമ്പനികളാണ് കേരളത്തിലേയ്ക്ക് പുതുതായി കടന്നു വന്നതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. രാവിലെ 10 ന് ആരംഭിച്ച റിക്രൂട്ട്മെന്റ് ഡ്രൈവിൽ 13 കമ്പനികളിലായി ആയിരത്തി ഒരുനൂറോളം ഉദ്യോഗാർത്ഥികൾ പങ്കെടുത്തു. ‘വർക്ക് നിയർ ഹോം’ എന്ന ആശയമാണ് ഇൻഫോപാർക്ക് മുന്നോട്ട് വയ്ക്കുന്നത്, രണ്ടായിരത്തോളം പ്രൊഫഷണലുകളെ കൂടി ഉൾക്കൊള്ളാനുള്ള സൗകര്യവും ഇൻഫ്രാസ്ട്രക്ച്ചറും ചേർത്തല ഇൻഫോപാർക്കിൽ നിലവിലുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഇൻഫോപാർക്ക് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ സുശാന്ത് കുറുന്തിൽ പറഞ്ഞു. ഇത് കൂടാതെ ഉടൻ തന്നെ രണ്ടായിരം പ്രൊഫഷണലുകളെയും കൂടി ഉൾക്കൊള്ളിക്കാവുന്ന രീതിയിൽ സാഹചര്യം ഒരുക്കുകയും അതുവഴി ചേർത്തലയുടെ തന്നെ സമഗ്രമായ വികസനമാണ് ഉന്നം വയ്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സുധീഷ്, വാർഡ് മെമ്പർ കെ കെ ഷിജി എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. ഇന്‍ഫോപാര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ ജൂനിയര്‍ ഓഫീസര്‍ അനില്‍ മാധവന്‍ സ്വാഗതവും ടെക്ജെന്‍ഷ്യ സിഇഓയും സഹസ്ഥാപകനും ക്യൂബിക്കിൾ ഫോഴ്സ് പ്രതിനിധിയുമായ ജോയ് സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

Comments are closed.