ഇനി ‘സൂപ്പര്‍മാനാ’യി തിരിച്ചുവരവില്ല, ഹെൻറി കാവില്‍
ലോകമെമ്പാടും പ്രേക്ഷകരുള്ള സിനിമാ സൂപ്പര്‍ഹീറോയാണ് ഡിസിയുടെ ‘സൂപ്പര്‍മാൻ’. ഹെൻറി കാവിലാണ് ‘സൂപ്പര്‍മാനാ’യി എത്താറുള്ളത്. ഇപ്പോഴിതാ ‘സൂപ്പര്‍മാൻ’ ആരാധകരെ നിരാശരാക്കുന്ന ഒരു വാര്‍ത്ത വന്നിരിക്കുന്നു. ഇനി ഹെൻറി കാവില്‍ ‘സൂപ്പര്‍മാനാ’കില്ല. ഡിസി അധികൃതരായ ജയിംസ് ഗണ്‍, പീറ്റര്‍ സഫ്രൻ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്‍ക്ക് ശേഷമാണ് ഇക്കാര്യം തീരുമാനിച്ചത് എന്ന് ഹെൻറി കാവില്‍ പറയുന്നു. ‘സൂപ്പര്‍മാന്റെ’ ചെറുപ്പകാലത്തെ കുറിച്ചുള്ള കഥ സിനിമയാക്കാനാണ് ഡിസിയുടെ തീരുമാനം. അതിനാല്‍ പുതിയ താരമായിരിക്കും ‘സൂപ്പര്‍മാനാകുക’.ഇനി താൻ ‘സൂപ്പര്‍മാൻ’ ആകില്ലെന്ന് ഹെൻറി കാവില്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അറിയിച്ചത്. ജെയിംസ് ഗണ്‍, പീറ്റര്‍ സഫ്രണ്‍ എന്നിവരുമായി ചര്‍ച്ചയുണ്ടായിരുന്നു, എല്ലാവര്‍ക്കും നിരാശയുണ്ടാക്കുന്ന വാര്‍ത്തയാണ്. ഇനി ‘സൂപ്പര്‍മാനാ’യി തിരിച്ചുവരവില്ല. അങ്ങനെയൊക്കെയാണ് ജീവിതം. ജയിംസിനും പീറ്റര്‍ സഫ്രണിനും പുതിയ ഒരു യൂണിവേഴ്‍സ് സൃഷ്‍ടിക്കണം. തീരുമാനത്തെ അംഗീകരിക്കുന്നു. അവരുടെ പുതിയ സിനിമ സംരഭങ്ങള്‍ക്ക് താൻ ആശംസകള്‍ നേരുന്നുവെന്നും ഹെൻറി കാവില്‍ പറയുന്നു.