fbpx

ഡോക്ടേഴ്‌സ് ഡേ ആശംസകൾ!

✍️ വിജയ് സി എച്ച്

കോവിഡ് ദുർദ്ദശയിലെ രണ്ടാമത്തെ നേഷനൽ ഡോക്ടേഴ്സ് ഡേ ഇന്നെത്തുമ്പോൾ, ചികിത്സാരംഗം നേരിടുന്നത് പതിവു നൊമ്പരങ്ങളല്ല. ഇന്ത്യൻ വൈദ്യശാസ്ത്ര മേഖലയ്ക്ക് മികച്ച സംഭാവനകൾ നൽകിയ ഡോ. ബിധാൻ ചന്ദ്ര റോയിയുടെ ജന്മദിനം രേഖപ്പെടുത്തുന്നത്, സംസ്ഥാനത്ത് പതിമൂന്നായിരത്തോളവും, രാജ്യത്ത് നാല് ലക്ഷത്തോളവുമുള്ള കൊവിഡ് മരണങ്ങളാണ്. നിത്യേനെ മുവ്വായിരം ഉയിരുകൾ പറിച്ചെടുത്തുകൊണ്ട്, പ്രതിദിന മരണ നിരക്കിൽ ഇന്ത്യ ലോകത്ത് ഒന്നാമതായി നിലകൊള്ളുന്നു. ഉന്നത മെഡിക്കൽ ബഹുമതികളായ എം.ആർ.സി.പി-യും, എഫ്.ആർ.സി.എസും നേടിയിരുന്ന ഡോ. റോയി, ഇത്തരത്തിലൊരു മഹാമാരിയുടെ പിടിയിൽ വരുംകാലത്ത് തൻറെ രാജ്യം അകപ്പെട്ടുപോകുമെന്ന് ഒരു ദുഃസ്വപ്നം പോലും കണ്ടുകാണില്ല! ശീഘ്ര വ്യാപനശേഷിയുള്ള പുതിയ വൈറസുകൾ ചികിത്സാ രംഗം യുദ്ധമുഖമായി മാറ്റിക്കൊണ്ടിരിക്കുന്നു. സ്മശാനങ്ങൾ നിറഞ്ഞു കവിയുന്നു, നദികളിൽ അനാഥ മൃതദേഹപ്രവാഹം. തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പൾമണറി മെഡിസിൻ കൺസൾട്ടൻറായി പ്രവർത്തിക്കുന്ന ഡോ. പി. സജീവ് കുമാർ കൊറോണാക്കാലത്തെ ഡോക്ടേഴ്‌സ് ഡേ ചിന്തകളും, ആതുരസേവന രംഗത്തെ നേർക്കാഴ്ചകളും പങ്കുവെക്കുന്നു:

🟥 സാഹചര്യം ശോകപൂർണ്ണം ഡോക്ടേഴ്‌സ് ഡേ എത്തിയിരിക്കുന്നത് ശോകപൂർണ്ണമായൊരു സാഹചര്യത്തിലാണ്. മാസ്കും, ഷീൽഡും, സാനിറ്റൈസറും, ശാരീരിക അകലവും, അടച്ചിടലും ഒന്നാം തരംഗത്തെ ഏകദേശം പ്രതിരോധിച്ചെങ്കിലും, രണ്ടാം തരംഗത്തിൽ കണ്ടത് എല്ലാം തകിടം മറിയുന്നതാണ്. ചില പ്രദേശങ്ങളിൽ കോവിഡിൻറെ ചെറു തരംഗങ്ങൾ വീണ്ടും വരുമെന്ന് ആരോഗ്യ വിദഗ്ദ്ധർ പ്രവചിച്ചിരുന്നുവെങ്കിലും, ഇത്രയും ശക്തമായൊരു രണ്ടാം തിരമാല പ്രതീക്ഷിച്ചിരുന്നില്ല. ജനിതകമാറ്റം വന്ന വൈറസിൻ്റെ വ്യാപനം സംസ്ഥാനത്തെ വീണ്ടും അടച്ചിടലിലേക്കെത്തിച്ചു.

🟥 ഡെൽറ്റ വകഭേദം വിനാശകരം കൊറോണയുടെ പുതിയ അവതാരങ്ങൾ പല രാജ്യങ്ങളിലും കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ കണ്ടത് ഡെൽറ്റ എന്ന വകഭേദമാണ്. രോഗിയുടെ രക്തത്തിൽ ഓക്സിജൻറെ അളവ് അപ്രതീക്ഷമായി കുറയുന്ന അവസ്ഥ ഡെൽറ്റയുമായെത്തിയ രണ്ടാം തരംഗത്തിലാണ് കൂടുതൽ അനുഭവപ്പെട്ടത്. ഈ പ്രതിഭാസം ശ്വാസകോശ രോഗികളിൽ മരണനിരക്ക് കുത്തനെ ഉയർത്തി. കോവിഡ് രോഗികൾ മരിക്കുന്നത് ശ്വസംമുട്ടിയാണ്. ഈ സാഹചര്യത്തിൽ ഒരു ശ്വാസകോശ രോഗ ചികിത്സാ വിദഗ്‌ദ്ധന്‍റെ ചുമതല ചില്ലറയല്ല. സർക്കാർ ആശുപത്രിയിൽ, എൻറെ ചികിത്സാ മുറിയിലെത്തുന്ന രോഗികൾ നൃൂമോണിയ മുതലായ ശ്വാസകോശ സങ്കീർണ്ണതയിലേക്ക് വഴുതി വിഴാതിരിക്കാനാണ് ഞാ൯ ഏറ്റവുമധികം ശ്രദ്ധിക്കുന്നത്.

🟥 വാക്സിൻ പ്രതീക്ഷയുണർത്തി, പക്ഷെ… വർഷാരംഭത്തോടെ വാക്സിൻ വന്നത് വലിയ പ്രതീക്ഷയുണർത്തി. കോവിഡ് കൈപ്പിടിയിൽ ഒതുങ്ങിയെന്ന ആത്മവിശ്വാസമുണ്ടായി. പക്ഷെ, മുൻഗണന അനുസരിച്ച് വാക്സിനുകൾ എല്ലാവരിലേക്കുമെത്തിക്കാൻ കാലതാമസമെടുക്കുന്നു. ഇടക്കിടയ്ക്ക് അനുഭവപ്പെടുന്ന വാക്സിൻ ദൗർ‍ലഭ്യം പ്രതിരോധ കുത്തിവെയ്പ്പിനെ, പ്രത്യേകിച്ച് ജനറൽ വിഭാഗത്തിൽ പെട്ടവർക്കുള്ളതിനെ, സാരമായി ബാധിക്കുന്നു.

🟥 വാക്സിൻ എടുത്തവർക്കും കോവിഡ്? ആരംഭത്തിൽ കണ്ടെത്തിയ കൊറോണ വൈറസിനെ നിർവ്വീര്യമാക്കാൻ വികസിപ്പിച്ചെടുത്ത വാക്സിനുകൾ, ജനിതക വ്യതിയാനം സംഭവിച്ചവയെ പ്രതിരോധിക്കാൻ എത്രത്തോളം പര്യാപ്തമാണെന്നതിനെക്കുറിച്ച് കൂടുതൽ പരീക്ഷണങ്ങൾ നടത്തേണ്ടിയിരിക്കുന്നു. എന്നാൽ, ഒന്നാം ഡോസോ, രണ്ടാം ഡോസോ എടുത്തവർ ടെസ്റ്റ് പോസിറ്റിവിറ്റി കാണിക്കുന്നുണ്ടെങ്കിലും, തീവ്രമായ രോഗ ലക്ഷണങ്ങൾ പ്രദർശിപ്പിക്കുന്നില്ലെന്നാണ് നിരീക്ഷണം.

🟥 ആതുര സേവകരും ആതുരർ നിരവധി ആതുര സേവകർ ആതുരരായി മാറുന്നതും, മരണം വരിക്കുന്നതും കണ്ട ഒരു കറുത്ത ദിനമായി ഡോക്ടേഴ്‌സ് ഡേ-2021 നമ്മുടെ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നുമെന്നത് ഏറെ വേദനാജനകമാണ്. രാജ്യത്ത് ആയിരത്തിലധികം ഡോക്ടർമാർ ഇതുവരെ കോവിഡ് മൂലം മരണമടഞ്ഞു. ഏത്രയോ മറ്റു ആരോഗ്യ പ്രവർത്തകരും മൃത്യുവിന് അടിയറവ് പറഞ്ഞു. പ്രാണവായു ലഭിക്കാതെയാണ് ഡൽഹിയിലെ ബത്ര ആശുപത്രിയിലെ ഡോക്ടർ മരണത്തിന് കീഴടങ്ങിയത്.

🟥 മരണശേഷവും ഡോക്ടർമാരോട് അനീതി മുൻനിരയിൽ തന്നെ നിന്നു പോരാടി, കോവിഡ് ബാധിച്ചു മരിച്ച ഡോക്ടർമാരുടെ മൃതദേഹങ്ങളെ നീതിക്ക് നിരക്കാത്ത വിധം കൈകാര്യം ചെയ്ത സംഭവങ്ങൾ മനസ്സിനെ കീറിമുറിക്കുന്നു. തമിഴ് നാട്ടിൽ ഡോ. സൈമൺ ഹേർക്കുലീസിൻ്റെയും, മേഘാലയയിൽ ഡോ. ജോൺ. എസ്. സൈലോയുടെയും മൃതദേഹങ്ങൾ മറവു ചെയ്തത് നീണ്ടുനിന്ന സംഘർഷങ്ങൾക്കൊടുവിലായിരുന്നു. ഇതിനു പുറമെ പലയിടത്തും ഡോക്ടർമാരും, മറ്റു ആരോഗ്യ പ്രവർത്തകരും ആക്രമിക്കപ്പെടുകയുമുണ്ടായി. പല ആശുപത്രികളും കയ്യേറപ്പെട്ടു. ആതുരസേവനം ചെയ്യുന്നവരെ ആക്രമിക്കുകയും, കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്യുന്നവരെ നിലക്കു നിർത്താനുള്ള നിയമം നടപ്പാക്കേണ്ടതുണ്ട്.

🟥 ശോഭ മങ്ങിയ ഡോക്ടേഴ്‌സ് ഡേ ഡോക്ടർമാരുടെയും മുൻനിര ആരോഗ്യ പ്രവർത്തകരുടെയും സേവനത്തെ ആദരിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ദിനത്തിൽ, ഇക്കുറി ഒരു ഓൺലൈൻ പരിപാടി പോലും നടക്കുമെന്ന് തോന്നുന്നില്ല. ആപൽഘട്ടങ്ങളിൽ ആചരണങ്ങൾക്ക് പ്രസക്തിയുണ്ടോ? പുതിയ തിരമാലയിൽ കേസുകളുടെ എണ്ണം വളരെ കൂടുതലാണ്. ചെറുപ്പക്കാരെയും രോഗം ബാധിക്കുന്നു. കോവിഡിൻറെ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോൾ തന്നെ, മൂന്നാം തരംഗത്തിനും തയ്യാറെടുക്കേണ്ട അശരണാവസ്ഥയിലാണ് ഞങ്ങൾ ഡോക്ടർമാർ. ജീവൻ അപകടത്തിലാണെന്ന് അറിയാമെങ്കിലും, ഡോക്ടർമാരും, മറ്റു ആരോഗ്യ പ്രവർത്തകരും മികച്ച സേവനം തന്നെയാണ് രോഗികൾക്ക് നൽകിക്കൊണ്ടിരിക്കുന്നത്.

🟥 ഇന്നിൻറെ പ്രതീക്ഷകൾ കോവിഡ്-19 എന്ന പേൻഡമിക് മരണം വിതച്ചു കൊണ്ടിരിക്കുന്നു. ഇതുപോലെയൊരു മഹാമാരി ലോകം ഇതിനുമുന്നെ കണ്ടിട്ടില്ല. എന്നിരുന്നാലും, പ്രതിരോധ പ്രവർത്തനങ്ങൾ വഴിയും, യഥാസമയ ചികിത്സ വഴിയും കോവിഡ് മരണങ്ങൾ കുറക്കാനായിട്ടുണ്ട്. രണ്ടാം തരംഗത്തിലെ വ്യാപന, മരണ ഗ്രാഫിനെ താഴേക്ക് കൊണ്ടു വരണം. വാക്സിൻ എല്ലാവരിലും എത്തിക്കണം. അതു വഴി സമൂഹത്തിൻറെ പ്രതിരോധശേഷി (Herd Immunity) വ൪ദ്ധിപ്പിക്കണം. ഗവേഷണങ്ങൾ തുടരണം. പുതിയ മരുന്നുകൾ, വാക്സിനുകൾ എന്നിവയും വരേണ്ടതുണ്ട്. നിലവിലുള്ള ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തണം. ഇന്ത്യയെ പോലുള്ള ഒരു മഹാരാജ്യത്താണ് ഓക്സിജൻ കിട്ടാതെ മനുഷ്യർ പിടഞ്ഞു മരിക്കുന്നത്. മൂന്നാം തരംഗം നേരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ പഴുതുകളില്ലാത്തതുമായിരിക്കണം. മുൻഗണനാ ക്രമത്തിലാണ് വാക്സിൻ വിതരണം തുടങ്ങിയത്. പടിപടിയായി എല്ലാവർക്കും വാക്സിൻ കുത്തിവെയ്ക്കുമ്പോഴേക്കും രണ്ടാം തരംഗമെത്തി. രണ്ടു ഡോസ് വാക്സിൻ എടുത്തവർക്കും കോവിഡ് ബാധയുണ്ടായെങ്കിലും, രോഗം ഗുരുതരമായില്ല. വാക്സിൻ എടുത്തവരിൽ രോഗമെത്തുന്നത് എന്തുകൊണ്ടെന്ന് നമ്മുടെ വൈറോളജി കേന്ദ്രങ്ങളിലെ ഗവേഷകർക്കു കണ്ടുപിടിക്കാനായാൽ, കൊറോണയെ ഈ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റാൻ പിന്നെ അധികം സമയം വേണ്ടിവരില്ല!

🟥 ജാഗ്രത പാലിക്കണം പോയ നൂറ്റാണ്ടുകളിൽ പ്ലേഗ്, സ്പാനിഷ് ഫ്ളൂ, ഏഷ്യൻ ഫ്ളൂ, ഈ നൂറ്റാണ്ടിലെ എച്ച്-1 എൻ-1, സാ൪സ്, മെ൪സ്, എബോള എന്നിവയൊക്കെ ലോകജനതയെ ബാധിച്ചുവെങ്കിലും, അടച്ചിടലിലേക്ക് നയിച്ചത് കോവിഡാണ്. വിദ്യാഭ്യാസ, ശാസ്ത്ര, സാങ്കേതിക മേഖലകളിലും, ചികിത്സാ മേഖലയിലും, ലോകജനത ഏറെ മുന്നേറിയെങ്കിലും, സൂക്ഷ്മാണുക്കൾ ഉയർത്തുന്ന വെല്ലുവിളിയിൽ പകച്ചു പോകുന്നു എന്നത് ഇരുത്തി ചിന്തിപ്പിക്കുന്നു. ഏതൊരു രോഗത്തിനും മൂന്നു ഘടകങ്ങൾ കാണും — ഏജന്റ്, ഹോസ്റ്റ്, എൻവിറോൺമെന്റ്. ഇവിടെ ഏജന്റ്, വൈറസ് ആണ്. ഹോസ്റ്റ്, മനുഷ്യരാണ്. സൂക്ഷ്മകണികൾ വായുവിൽ കലരുന്നതുവഴി രോഗം പകരുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഉണ്ടായ മഹാമാരികളെ മനുഷ്യ സമൂഹം മറികടന്നിട്ടുണ്ടല്ലോ. ശാസ്ത്രീയമായ ഗവേഷണങ്ങളിലൂടെ, മരുന്ന്, വാക്സിൻ, മറ്റ് പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവ വഴി കോവിഡിനേയും നമുക്ക് നിയന്ത്രണവിധേയമാക്കാനാകും. മനുഷ്യകുലത്തിൻറെ പ്രയാണത്തിൽ, കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധികൾ, ഒരു താൽക്കാലിക പ്രതിഭാസമായി കാണാം. ജാഗ്രതയിൽ ഒട്ടും കുറവുണ്ടാകാൻ പാടില്ല. രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി നാം ആദരിച്ച ഡോ. റോയിയുടെ ജന്മദിനവും, ചരമദിനവും നാളെയാണ്. 1882- ജൂലൈ 1-ന് ജനിച്ച ഡോ. റോയ്, 1962-ജൂലൈ 1-ന് അന്തരിച്ചു. മനുഷ്യസ്‌നേഹിയും, സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന അദ്ദേഹത്തിൻറെ ആദർശങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, ഈ കൊറോണാ യുദ്ധത്തിൽ, നമുക്ക് ഒരുമിച്ചു മുന്നേറാം.

————————————-