*ഹജ്ജ്: തീർഥാടകർക്ക് പരമാവധി 47 കിലോ ബാഗേജ്*

കരിപ്പൂർ: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ പോകുന്ന തീർഥാടകർക്ക് അനുവദിക്കുന്ന ബാഗേജിന്റെ പരമാവധി ഭാരം 47 കിലോഗ്രാം. ഇതുസംബന്ധിച്ച സർക്കുലർ കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചു.നേരത്തേ, 54 കിലോഗ്രാം വരെ അനുവദിച്ചിരുന്നു. 20 കിലോ ഭാരം ഉൾക്കൊള്ളുന്ന രണ്ട് ബാഗേജുകളും ഏഴ് കിലോ ഉൾക്കൊള്ളുന്ന ഹാൻഡ് ബാഗുമാണ് ഇത്തവണ അനുവദിച്ചിട്ടുള്ളത്. നിശ്ചിത വലിപ്പവും ആകൃതിയുമുള്ള ബാഗേജുകളാണ് യാത്രയിൽ ഉപയോഗിക്കേണ്ടത്.പെട്ടി 75 സെൻറിമീറ്റർ നീളവും 55 സെൻറിമീറ്റർ വീതിയും 28 സെൻറിമീറ്റർ ഉയരവുമുള്ളവയാകണം. 55 സെൻറിമീറ്റർ നീളവും 40 സെൻറിമീറ്റർ വീതിയും 23 സെൻറിമീറ്റർ ഉയരവുമുള്ളതായിരിക്കണം ഹാൻഡ് ബാഗ്. കേന്ദ്ര ഹജ്ജ് കമ്മിറ്റി നിഷ്‌കർഷിച്ച രീതിയിലുള്ള ബാഗേജ് അല്ലാത്തവ വിമാനത്താവളങ്ങളിൽ തടയും. ബാഗേജിൽ പേര്, കവർ നമ്പർ, വിലാസം, എംബാർക്കേഷൻ പോയൻറ് തുടങ്ങിയവ രേഖപ്പെടുത്താം.വിമാനത്താവളങ്ങളിൽ ബാഗേജുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാനും നഷ്ടപ്പെട്ടാൽ കണ്ടെത്താനുമാണ് വിവരങ്ങൾ രേഖപ്പെടുത്തുന്നത്. കഴിഞ്ഞവർഷം ഏകീകൃത ബാഗേജ് സംവിധാനത്തിന്‍റെ ഭാഗമായി ഹജ്ജ് കമ്മിറ്റി തന്നെ ബാഗുകൾ വിതരണം ചെയ്തിരുന്നു.ഇതിനെതിരെ ആക്ഷേപം ഉയർന്ന പശ്ചാത്തലത്തിലാണ് ഇത്തവണ ഒഴിവാക്കിയത്. കൂടാതെ, തീർഥാടകർ സംസം വെള്ളം സൗദിയിൽനിന്ന് മടങ്ങുന്ന സമയത്ത് കൈവശം കരുതേണ്ടതില്ല. ഓരോ തീർഥാടകർക്കും നാട്ടിൽ തിരിച്ചെത്തുന്ന സമയത്ത് വിമാനത്താവളങ്ങളിൽനിന്ന് വിമാനകമ്പനികൾ മുഖേന അഞ്ച് ലിറ്റർ വീതം സംസം വെള്ളം നൽകുമെന്നും കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇