വന സൗഹൃദ സദസ്സ്: ഏപ്രിൽ രണ്ടു മുതൽ 28 വരെ 20 വേദികളിൽ

സംസ്ഥാനത്തെ വന മേഖലയോട് ചേർന്ന ജനവാസ പ്രദേശങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ട് വനം വകുപ്പ് വന സൗഹൃദ സദസ്സ് സംഘടിപ്പിക്കും. ജനങ്ങളും വനം വകുപ്പും തമ്മിൽ ആരോഗ്യകരമായ ബന്ധം ഉറപ്പിക്കുന്നതിനും മേഖലയിൽ സൗഹാർദ്ദ അന്തരീക്ഷം സൃഷ്ടിക്കാനും വന സൗഹൃദ സദസ്സ് സഹായകമാകും. സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ രണ്ടിന് രാവിലെ പത്തരയ്ക്ക് വയനാട് മാനന്തവാടി സെന്റ് പാട്രിക്സ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷനാകും. പട്ടികജാതി,പട്ടിക വർഗ്ഗ,പിന്നാക്കക്ഷേമ വകുപ്പു മന്ത്രി കെ.രാധാകൃഷ്ണൻ മുഖ്യാതിഥിയാകും.ജില്ലകളിൽ നിശ്ചയിക്കപ്പെട്ട 20 വേദികളിൽ വനം-വന്യജീവി മന്ത്രി എകെ.ശശീന്ദ്രൻ പരാതികൾ നേരിട്ട് കേൾക്കും. വിവിധ ഓഫീസുകളിൽ ലഭിച്ച പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കൽ, മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിയ്ക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ വിദഗ്ദ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സ്വീകരിയ്ക്കുക, വകുപ്പു കൈക്കൊണ്ടതും സ്വീകരിച്ചുവരുന്നതുമായ പദ്ധതികൾ സംബന്ധിച്ച് വിശദീകരണം നൽകൽ എന്നിവ വന സൗഹൃദ സദസ്സിൽ നടക്കും.സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ വനാതിർത്തികൾ പങ്കിടുന്ന വിവിധ ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, എം.എൽ.എ-മാർ, വനം വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ‘വന സൗഹൃദ സദസ്സ്’ സംഘടിപ്പിക്കുന്നത്.സംസ്ഥാനത്തെ 51 നിയമസഭാ മണ്ഡലങ്ങളിലെ 223 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് വന സൗഹൃദ സദസ്സിന്റെ ലക്ഷ്യം. പരിപാടികളിൽ മറ്റ് വകുപ്പു മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ, ജില്ലാ-ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ എന്നിവർ പങ്കെടുക്കും. പരിപാടി ഏപ്രിൽ 28-ന് തിരുവനന്തപുരം ജില്ലയിലെ ആര്യനാട് സമാപിക്കും.

http://keralanews.gov.in

Comments are closed.