fbpx

താന്‍ ശക്തനായിരിക്കുന്നു: പെലെ

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ താന്‍ ശക്തനായിരിക്കുന്നുവെന്ന പ്രതികരണവുമായി ഫുട്‌ബോള്‍ ഇതിഹാസം പെലെ. ഇന്‍സ്റ്റഗ്രാം കുറിപ്പിലൂടെയാണ് പെലെയുടെ പ്രതികരണം. എല്ലാവരെയും പോസിറ്റീവായി നിലനിര്‍ത്താന്‍ താന്‍ ആഗ്രഹിക്കുന്നു. ചികിത്സ തുടരുകയാണ്. തന്നെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നതായും പെലെ കുറിച്ചു.എന്റെ സുഹൃത്തുക്കളേ, എല്ലാവരേയും ശാന്തമായും പോസിറ്റീവായും നിലനിര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ ശക്തനാണ്. വളരെയധികം പ്രതീക്ഷയോടെ, പതിവുപോലെ ചികിത്സ പിന്തുടരുന്നു. എനിക്ക് ലഭിച്ച എല്ലാ പരിചരണത്തിനും മുഴുവന്‍ മെഡിക്കല്‍, നഴ്‌സിംഗ് ടീമിനും നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.എനിക്ക് ദൈവത്തില്‍ വളരെയധികം വിശ്വാസമുണ്ട്, ലോകമെമ്പാടുമുള്ള നിങ്ങളില്‍ നിന്ന് എനിക്ക് ലഭിക്കുന്ന സ്‌നേഹത്തിന്റെ ഓരോ സന്ദേശവും എന്നെ ഊര്‍ജ്ജസ്വലനാക്കുന്നു. ലോകകപ്പില്‍ ബ്രസീലിനെ കൂടി കാണുക!എല്ലാത്തിനും വളരെ നന്ദി’.അര്‍ബുദ ബാധിതനായി ചികിത്സയില്‍ കഴിയുന്ന പെലെയെ ഇന്നലെയാണ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചത്. പെലയ്ക്ക് കീമോതെറാപ്പിയിലൂടെ പ്രതീക്ഷിച്ച ഫലം ലഭിക്കാതെ വന്നതോടെയാണ് പാലിയേറ്റീവ് കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.ചൊവ്വാഴ്ചയാണ് 82കാരനായ പെലെയെ അര്‍ബുദ ചികിത്സയുടെ ഭാഗമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെലെയ്ക്ക് ശ്വാസകോശ സംബന്ധമായ അണുബാധ ഉണ്ടെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നു.കീമോതെറാപ്പി ഇപ്പോള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണെന്നും പെലെയെ സാന്ത്വന പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ വേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ക്ക് മാത്രമാണ് ചികിത്സ നല്‍കുന്നത്.