കരുളായി കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കണം : കേരള മുസ്ലിം ജമാഅത്ത്


കരുളായി: ലക്ഷങ്ങൾ മുടക്കി എല്ലാവിധ സൗകര്യങ്ങളുമേർപ്പെടുത്തിയ കരുളായിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്നു കേരള മുസ്ലിം ജമാഅത്ത് സർക്കിൾ കൗൺസിൽ അധികൃതരോടാവശ്യപ്പെട്ടു. ഇത്രയും ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും ഇല്ലാതിരുന്ന പത്തു വർഷങ്ങൾക്ക് മുമ്പ് കിടത്തി ചികിത്സ ലഭ്യമാക്കാൻ കഴിഞ്ഞിരുന്നത്. അത് നിലനിർത്താൻ കഴിയാത്തത് ഉത്തരവാദപ്പെട്ടവരുടെ പിടിപ്പ് കേടാണ്. നിർധനരായ നൂറ് കണക്കിന് ആളുകളാണ് ദിനംപ്രതി ഈ ആശുപത്രിയിൽ ചികിത്സതേടിയെത്തുന്നത്. പലപ്പോഴും ഡോക്ടർമാരുടെ അസാനിധ്യം സാധാരണക്കാർക്കും നെടുങ്കയ മുൾപ്പെടെയുള്ള ആദിവാസികൾക്കും മറ്റും യഥാസമയം ചികിത്സ ലഭ്യമാക്കാൻ കഴിയാത്ത സാഹചര്യമാണുണ്ടാക്കുന്നത്. ആദിവാസികളുടെ ഏറ്റവും അടുത്ത ആരോഗ്യ കേന്ദ്രമെന്ന നിലയിൽ ഇതിനെ പ്രത്യേക പരിഗണനയോടെ തന്നെ കാണേണ്ടതാണ്. ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ ഇതിനെ പൂർണ്ണ സജ്ജമാക്കാൻ ബന്ധപ്പെട്ടവർ മുന്നേ ട്ട് വരണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല സെക്രട്ടറി കെ.പി. ജമാൽ കരുളായി പറഞ്ഞു. കൗൺസിലിൽ വിഷയമവതരിപ്പിച്ച് പ്രസംഗിക്കുകയായിരുന്നു ഇദ്ദേഹം. സർക്കിൾ പ്രസിഡന്റ് കെ.സി അബ്ദുല്ല സഖാഫിയുടെ അധ്യക്ഷതയിൽ സോൺ പ്രസിഡന്റ് സുലൈമാൻ ദാരിമി വല്ലപ്പുഴ കൗൺസിൽ ഉദ്ഘാടനം ചെയ്തു. പ്രവർത്തന റിപ്പോർട്ടും സാമ്പത്തികാവലോകന രേഖയും ജനറൽ സെക്രട്ടറി സി.കെ. റശീദ് മുസ്ലിയാർ അവതരിപ്പിച്ചു. കൗൺസിൽ കൺട്രോളർ റശീദ് സഖാഫി വല്ലപ്പുഴ, മെന്റർ പി.കോമു മൗലവി ചുള്ളിയോട് , കെ.ടി.അബ്ദുള്ള മുസ്ലിയാർ, ഖാദർ ഹാജി നേതൃത്വം നൽകി.