fbpx

‘ഭൂമി കൈയേറ്റം’; ഏഴ് ദിവസത്തിനകം വീട് ഒഴിയാന്‍ ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രന് നോട്ടിസ്

മൂന്നാർ: ദേവികുളം മുൻ എം.എൽ.എ എസ്. രാജേന്ദ്രന് വീട് ഒഴിയാൻ നോട്ടിസ്. രാജേന്ദ്രൻ താമസിക്കുന്ന മൂന്നാർ ഇക്കാനഗറിലെ ഒൻപത് സെന്റ് ഭൂമി പുറമ്പോക്കാണെന്നു ചൂണ്ടിക്കാട്ടിയാണ് ഏഴു ദിവസത്തിനകം ഒഴിഞ്ഞുപോകാൻ റവന്യൂ വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. ദേവികുളം സബ് കലക്ടർ രാഹുൽ കൃഷ്ണശർമയുടെ നിർദേശപ്രകാരം മൂന്നാർ വില്ലേജ് ഓഫിസറാണ് ഒഴിപ്പിക്കൽ നോട്ടിസ് നൽകിയത്.ഇക്കാനഗറിലെ എട്ട് സെന്റ് സ്ഥലത്താണ് രാജേന്ദ്രൻ കുടുംബസമേതം വീടുവച്ച് താമസിക്കുന്നത്. നിർദേശിച്ച സമയത്തിനകം ഒഴിഞ്ഞുപോയിട്ടില്ലെങ്കിൽ ബലമായി ഒഴിപ്പിക്കുമെന്ന് നോട്ടിസിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്ഥലം ഒഴിപ്പിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് റവന്യു വകുപ്പിനോട് സംരക്ഷണം തേടുകയും ചെയ്തിട്ടുണ്ട്.ഇക്കാനഗറിലെ സർവേ നമ്പർ 843, 843/a എന്നിവിടങ്ങളിലെ 25 ഏക്കറോളം ഭൂമി വൈദ്യുതി വകുപ്പിന്റേതാണെന്നാണ് ബോർഡ് അവകാശപ്പെടുന്നത്. ഇവിടത്തെ ഭൂമി പതിച്ചുനൽകണമെന്ന് ആവശ്യപ്പെട്ട് ഇക്കാനഗർ സ്വദേശി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഇദ്ദേഹം സമർപ്പിച്ച രേഖകൾ വ്യാജമാണെന്നു കണ്ടെത്തുകയായിരുന്നു. തുടർന്നാണ് മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.