പൊതു തെരെഞ്ഞെടുപ്പ് മാതൃകയില്‍ സ്കൂള്‍ ലീഡര്‍ തെരെഞ്ഞെടുപ്പ്

തിരൂരങ്ങാടി : വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്കൂളില്‍ നടന്ന സ്കൂള്‍ ലീഡര്‍ തെരെഞ്ഞെടുപ്പ് കുട്ടികള്‍ക്ക് ആവേശമായി. പൊതു തെരെഞ്ഞെടുപ്പ് നടക്കുന്ന അതേ മാതൃകയിലായിരുന്നു സ്കൂളില്‍ ലീഡറെ കുട്ടികള്‍ക്ക് തെരെഞ്ഞെടുക്കാന്‍ അവസരം ലഭിച്ചത്. എസ്.എസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സ്കൂള്‍ ലീഡര്‍ തെരെഞ്ഞെടുപ്പ് നടത്തിയത്. സ്ഥാനാര്‍ത്ഥികള്‍, നോമിനികള്‍, ബൂത്ത് ഏജന്റുമാര്‍, കൗണ്ടിംഗ് ഏജന്റുമാര്‍, പോളിംഗ് ഒാഫീസര്‍മാര്‍, പ്രിസൈഡിംഗ് ഒാഫീസര്‍മാര്‍, സ്കൗട്ട് വളണ്ടിയര്‍മാര്‍ തുടങ്ങിയ മേഖലകളില്‍ കുട്ടികള്‍ അവരുടെ കഴിവ് തെളിയിച്ചു. നാല് മുതല്‍ ഏഴ് വരെയുള്ള കുട്ടികള്‍ക്കായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത്. ആകെ ഉണ്ടായിരുന്ന 1015 വോട്ടര്‍മാരില്‍ 919 കുട്ടികളും വോട്ടിനെത്തി 90% വോട്ടിംഗ് രേഖപ്പെടുത്തി. ഏഴ് സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച തെരെഞ്ഞെടുപ്പില്‍ കെ.മുഹമ്മദ് നിഫാലിനെ സ്കൂള്‍ ലീഡറായി കുട്ടികള്‍ തെരെഞ്ഞെടുത്തു. കുട്ടികളില്‍ ചെറുപ്പം മുതലേ ജനാധിപത്യ പാഠങ്ങള്‍ അറിയാനും വോട്ടിന്റെ പ്രാധാന്യം മനസ്സിലാക്കുവാനും തെരെഞ്ഞെടുപ്പിന്റെ വിവിധ രീതികളും ഘട്ടങ്ങളും അനുഭവത്തിലൂടെ തിരിച്ചറിയാനും വേണ്ടിയാണ് ഇത്തരത്തിലൂടെ സ്കൂള്‍ ലീഡറെ തെരെഞ്ഞടുക്കന്നത് എന്ന് പ്രധാനാധ്യാപകന്‍ എം.കെ ഫൈസല്‍ മാസ്റ്റര്‍ പറഞ്ഞു. എസ്.എസ് ക്ലബ്ബ് കണ്‍വീനര്‍ വി.വി.എം റഷീദ്, തെരെഞ്ഞെടുപ്പ് കമ്മീഷന്‍ എം.അലി അസ്ഹര്‍, സ്റ്റാഫ് സെക്രട്ടറി എം.പി മഹ്റൂഫ് ഖാന്‍, എസ്.ആര്‍.ജി കണ്‍വീനര്‍ കെ.വി ഹമീദ്, അധ്യാപകരായ ഇ.ഷമീര്‍ ബാബു, സി.മുനീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇