ഭഗവൽ സിങിന്റെ തിരുമല കേന്ദ്രത്തിന്റെയുള്ളിലേയ്ക്ക് പോലീസും നായ്ക്കളും
പത്തനംതിട്ട: ഭഗവൽ സിംഗ് – ലൈല ദമ്പതികളുടെ വീട്ടിൽ കൂടുതൽ നരബലികൾ നടന്നിട്ടുണ്ടോ എന്ന സംശയം ബലപ്പെടുന്നു. ഇലന്തൂരിലെ വീട്ടുവളപ്പിൽ വീണ്ടും സ്ഥലം കുഴിച്ച് പരിശോധന നടത്തുകയാണ്. മൃതദേഹം തിരഞ്ഞ് കണ്ടെത്താൻ പ്രത്യേകം പരിശീലനം ലഭിച്ച മായ, മർഫി എന്നീ നായ്‌ക്കൾ അന്വേഷണ സംഘത്തിനൊപ്പം ഉണ്ട്.കൊച്ചിയിൽ നിന്നാണ് നായ്‌ക്കളെ എത്തിച്ചത്. ഇതിൽ ഒരു നായ മണംപിടിച്ചുനിന്ന സ്ഥലമാണ് കുഴിച്ച് പരിശോധിക്കുന്നത്. നാട്ടുകാർ നേരത്തെ സംശയം പ്രകടിപ്പിച്ച സ്ഥലത്താണ് നായ നിന്നത്. മൂന്ന് പ്രതികളെയും സ്ഥലത്തെത്തിച്ചു.പദ്മയുടെയും റോസ്‌ലിയുടെയും കൊലപാതകത്തിന് മുമ്പ് പ്രതികൾ മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ സംശയം. തെളിവെടുപ്പിനായി പ്രതികളെ എത്തിച്ച സാഹചര്യത്തിൽ ഇലന്തൂരിൽ കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൻ ജനക്കൂട്ടമാണ് ഇവിടെയുള്ളത്. പ്രതികൾക്ക് നേരെ കോൺഗ്രസ്, ബി ജെ പി പ്രവർത്തകർ നേരത്തെ പ്രതിഷേധിച്ചിരുന്നു.