fbpx

താലൂക്കാശുപത്രിയിലെ ഡി വൈ എഫ് ഐ യുടെ പൊതിച്ചോർ വിതരണം ഒരു ലക്ഷം കവിഞ്ഞു. ആശംസകളുമായി മുൻസിപ്പൽ ചെയർമാനും യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറിയും

തിരൂരങ്ങാടി : ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ എത്തിക്കുന്നതിനായി ഡി വൈ എഫ് ഐ ആവിഷ്ക്കരിച്ച ‘ ഹൃദയ പൂർവ്വം പദ്ധതിയിലൂടെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ വിശപ്പകറിയത് ഒരു ലക്ഷം പേരുടെ.
ഒരു ലക്ഷം കവിഞ്ഞതിൻ്റെ ഭാഗമായി വെള്ളിയാഴ്ച ആശുപത്രിക്ക് മുമ്പിൽ സംഘടിപ്പിച്ച ചടങ്ങിന് ആശംസകളുമായി മുൻസിപ്പൽ ചെയർമാനും യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറിയുമെത്തിയത് പദ്ധതിക്കുള്ള ജനകീയാംഗീകാരം കൂടിയായി.
ഒരു വർഷം മുമ്പ് ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തുടങ്ങിയ പദ്ധതിയിലൂടെ വെള്ളിയാഴ്ച വരെ 1,00 ,375 പേർക്ക് ഉച്ച ഭക്ഷണമെത്തിച്ചു. 2021 നവംബർ 11നാണ് തിരൂരങ്ങാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡി വൈ എഫ് ഐ ‘ ഹൃദയപൂർവ്വം’ പൊതിച്ചോർ വിതരണം താലൂക്കാശുപത്രിക്ക് മുന്നിൽ ആരംഭിച്ചത്. ബ്ലോക്ക് കമ്മറ്റിക്ക് കീഴിലുള്ള 163 യൂണിറ്റുകൾ വീടുകളിൽ നിന്നും ശേഖരിക്കുന്ന ഭക്ഷണമാണ് ഉച്ചയോടെ ആശുപത്രിയിലെത്തിച്ച് വിതരണം നടത്തുന്നത്. ജാതി മത രാഷ്ട്രീയാതീതമായി ഈ പ്രവർത്തനത്തിന് തിരൂരങ്ങാടിക്കാർ അകമഴിഞ്ഞ പിന്തുണയാണ് നൽകുന്നത്. ഒരു ലക്ഷം പിന്നിട്ട വെള്ളിയാഴ്ച പൊതിച്ചോർ വിതരണോദ്ഘാടനം ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ട് വി വസിഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മറ്റി പ്രസിഡണ്ട് എം ബൈജു അധ്യക്ഷനായി. തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ പി മുഹമ്മദ് കുട്ടി, യൂത്ത് ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം സെക്രട്ടറി യു എ റസാഖ്, ഡി വൈ എഫ് ഐ ജില്ല ജോയൻ്റ് സെക്രട്ടറി സി ഇല്യാസ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് കമ്മറ്റി സെക്രട്ടറി പി വി അബ്ദുൾ വാഹിദ് സ്വാഗതവും കെ പി ബബീഷ് നന്ദിയും പറഞ്ഞു.

ഫോട്ടോ: ഡി വൈ എഫ് ഐ ആവിഷ്ക്കരിച്ച ഹൃദയ പൂർവ്വം പദ്ധതി ഒരു ലക്ഷം പിന്നിട്ട വെള്ളിയാഴ്ച പൊതിച്ചോർ വിതരണോദ്ഘാടനം ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡണ്ട് വി വസിഫ് ഉദ്ഘാടനം ചെയ്യുന്നു.