പേവിഷബാധ വാക്സിനേഷൻ തീവ്രയജ്ഞം: എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും പങ്കാളിത്തം അനിവാര്യം – മന്ത്രി കെ രാജൻ
തൃശ്ശൂർ: ജില്ലയിൽ നടപ്പിലാക്കുന്ന പേവിഷബാധ വാക്സിനേഷൻ തീവ്രയജ്ഞത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളുടെയും നഗരസഭകളുടെയും പങ്കാളിത്തം അനിവാര്യമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. വാക്സിനേഷൻ യജ്ഞത്തിന്റെ ഭാഗമായി ഒല്ലൂർ മണ്ഡലത്തിലെ എല്ലാ ജനപ്രതിനിധികളെയും വകുപ്പ് ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തിക്കൊണ്ട് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മൃഗക്ഷേമ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ സഹായത്തോടെയാകും തെരുവുനായകളിൽ വാക്സിനേഷൻ നടപ്പിലാക്കുക. പേവിഷബാധ കുത്തിവെപ്പിന് തുക ഈടാക്കേണ്ടതില്ല. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും ലഭ്യമാകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി പ്രസ്തുത പ്രദേശങ്ങളിൽ വാക്സിനേഷൻ ഡ്രൈവ് ഊർജിതമാക്കണം. നിലവിൽ 20 നായപിടുത്തക്കാരാണ് ജില്ലയിലുള്ളത്. കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധ സേനാംഗങ്ങൾ, മൃഗക്ഷേമ സംഘടന പ്രവർത്തകർ, ജനമൈത്രി പോലീസ്, മൃഗക്ഷേമ സംഘടനകൾ തുടങ്ങിയവരുടെ സഹായത്തോടെ കൂടുതൽ ആളുകളെ തദ്ദേശ സ്വയംഭരണ സ്ഥാപനതല കമ്മിറ്റി കണ്ടെത്തി പരിശീലനം നൽകണം. വാഹന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സഹായങ്ങളും ഒരുക്കണം. തെരുവുനായകൾക്കും ഉപേക്ഷിക്കപ്പെട്ട നായകൾക്കും ഉള്ള അഭയ കേന്ദ്രങ്ങൾ ഒരുക്കേണ്ടതുണ്ട്. പൊതുനിരത്തുകളിലും പൊതുസ്ഥാപനങ്ങളിലും ജൈവ – അജൈവ – സങ്കര മാലിന്യങ്ങളെ നീക്കം ചെയ്യണം. ഭക്ഷണം, മാംസം, മാലിന്യങ്ങൾ തുടങ്ങിയവ തെരുവുനായകൾക്കു ഉപയോഗിക്കാവുന്ന വിധം നിക്ഷേപിക്കരുത്. ഹോട്ടലുകൾ, കല്യാണമണ്ഡപങ്ങൾ, ഭക്ഷണശാലകൾ എന്നിവയുടെ ഉടമകൾ, മാംസവ്യാപാരികൾ, വ്യാപാരി വ്യവസായി സംഘടനകൾ എന്നിവരുമായി ചർച്ചകൾ നടത്തണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും എ ബി സി കേന്ദ്രങ്ങൾ സജ്ജീകരിക്കണമെന്ന ആവശ്യം മൃഗസംരക്ഷണ വകുപ്പ് ഉന്നയിച്ചു. യോഗത്തിൽ പങ്കെടുത്ത ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ ജില്ലാ ഭരണകൂടത്തിന് നടപടികൾ നടപ്പിലാക്കുന്നതിനുള്ള പിന്തുണയും യോഗത്തിൽ അറിയിച്ചു. ഒല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ, മാടക്കത്തറ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിരാ മോഹൻ, പുത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണൻ, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, ആരോഗ്യം, മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണം, പോലീസ് എന്നി വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.