സംവിധായകനാകാനൊരുങ്ങി രാജേഷ് മാധവൻ
നടൻ, കാസ്റ്റിങ് ഡയറക്ടർ എന്നീ നിലകളില്‍ ശ്രദ്ധേയനായ രാജേഷ് മാധവൻ സംവിധായകനാകുന്നു. പെണ്ണും പൊറാട്ടും എന്നാണ് സിനിമയുടെ പേര്.ന്നാ താൻ കേസ് കൊട് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറിൽ പ്രശസ്ത നിർമാതാവായ സന്തോഷ് ടി കുരുവിള ആണ് നിർമാണം.ചിത്രത്തിന്‍റെ രചന രവിശങ്കർ നിർവഹിക്കുന്നു. ഭീഷ്മപർവം, റാണി പദ്മിനി എന്നീ ചിത്രങ്ങളുടെ സഹരചയിതാവ് കൂടിയായിരുന്നു. അദ്ദേഹം. സബിൻ ഉരാളുകണ്ടിയാണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. സീ യു സൂൺ സിനിമയുടെ ക്യാമറ നിർവഹിച്ച സബിൻ മാലിക്ക്, ബദായി ഹോ, ശ്യാം സിംഹ റോയ്, ആർക്കറിയാം എന്നീ ചിത്രങ്ങളുടെ ഭാഗമായിരുന്നു. ‘പെണ്ണും പൊറാട്ടും’ പാലക്കാടൻ ഗ്രാമീണപശ്ചാത്തലത്തിലുള്ള ഒരു കോമഡി ഡ്രാമയാണ്. ഈ ചിത്രത്തിന്‍റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്ത് വിടും. പിആര്‍ഒ മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ്: സ്നേക്ക് പ്ലാന്റ്.‘മഹേഷിന്‍റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ വേഷം ചെയ്തു കൊണ്ട് സിനിമാ രംഗത്തേയ്ക്ക് പ്രവേശിച്ച രാജേഷ് മാധവൻ നിരവധി ഹിറ്റ് ചിത്രങ്ങളുടെ അസോസിയേറ്റ് ഡയറക്ടറായും കാസ്റ്റിംഗ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. അഭിനയരംഗത്ത് ശ്രദ്ധേയമായ വേഷങ്ങളിൽ തിളങ്ങി നിൽക്കുന്ന ഒരു നടൻ എന്നതിലുപരി, ‘ന്നാ താൻ കേസ് കൊട്‘ എന്ന ചിത്രത്തിൽ പുതുമുഖങ്ങളെ അണിനിരത്തി വൻവിജയം കൈവരിച്ചതിനു പിന്നിൽ പ്രവർത്തിച്ച പരിചയ സമ്പന്നനായ കാസ്റ്റിങ് ഡയറക്ടർ കൂടിയാണ് രാജേഷ് മാധവൻ.