സിബാഖ് ദേശീയകലോത്സവം ഇന്ന് സമാപിക്കും. നാളെ ബിരുദദാന സമ്മേളനം


ഹിദായ നഗര്‍: കലയും കലാരവങ്ങളും സര്‍ഗവസന്തം തീര്‍ത്ത ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ആറാമത് സിബാഖ് ദേശീയ കലോത്സവത്തിന് ഇന്ന് സമാപ്തി. നാളെ ബിരുദദാന നേതൃസ്മൃതി സമ്മേളനം നടക്കും.കേരളത്തിനകത്തും പുറത്തുമുള്ള രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് സിബാഖില്‍ ഇത്തവണ മാറ്റുരക്കുന്നത്.
ഇന്ന് രാവിലെ എട്ട് മണി മുതല്‍ ദാറുല്‍ഹുദാ ശില്‍പികളുടെയും നേതാക്കളുടെയും മഖ്ബഖറകളിലൂടെയുള്ള സ്മൃതി പഥ പ്രയാണം നടക്കും. രാവിലെ 8.15 ന് പാണക്കാട് മഖാമില്‍ നിന്ന് തുടങ്ങി, കോട്ടക്കല്‍ പുലിക്കോട്, പുതുപ്പറമ്പ്, ചേറൂര്‍ എന്നിവിടങ്ങളിലെ സിയാറത്തിന് ശേഷം ഉച്ചക്ക് ഒരു മണിക്ക് മമ്പുറം മഖാമില്‍ സമാപിക്കും. ഹുദവി ബിരുദം സ്വീകരിക്കുന്ന യുവപണ്ഡിതരും ദാറുല്‍ഹുദാ അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും പ്രയാണത്തില്‍ അംഗങ്ങളാകും.
വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന സിബാഖ് സമാപന സമ്മേളനം സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാകും. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, ഇ.ടി മുഹമ്മദ് ബശീര്‍ എം.പി, നജീബ് കാന്തപുരം എം.എല്‍.എ, പി.കെ അബ്ദുര്‍റബ്ബ് തുടങ്ങിയവര്‍ സംബന്ധിക്കും.
നാളെ രാവിലെ പത്ത് മണിക്ക് അനുസ്മരണ സംഗമം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ എന്നിവര്‍ പ്രഭാഷണം നടത്തും. ഉര്‍ദു വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുസ്മരണ പരിപാടി സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ഹാശിം നദ്‌വി ലഖ്‌നൗ അധ്യക്ഷനാകും. മുസ്തഖീം അഹ്‌മദ് ഫൈസി ബീഹാര്‍, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് പ്രഭാഷണം നടത്തും.
വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഹുദവി സംഗമം സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ് അധ്യക്ഷനാകും.
രണ്ട് മണിക്ക് വിഷ്വന്‍ മീറ്റ് നടക്കും. നാലു മണിക്ക് നടക്കുന്ന ഖത്മ് ദുആ സദസ്സിന് കോഴിക്കോട് വലിയ ഖാദി സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും.
വൈകീട്ട് 6.30 ന് നടക്കു ബിരുദദാന-നേതൃസ്മൃതി സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ ചാന്‍സലര്‍ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ഹുദവി പണ്ഡിതര്‍ക്കുള്ള ബിരുദദാനവും അദ്ദേഹം നിര്‍വഹിക്കും. സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണവും ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ബിരുദദാന പ്രഭാഷണവും നടത്തും.
അറബനയില്‍ കൊട്ടിക്കയറി തലശ്ശേരി ദാറുസ്സലാം
ഹിദായ നഗര്‍: ദാറുല്‍ഹുദാ സിബാഖ് ദേശീയ കലോത്സവത്തിലെ ശ്രദ്ധേയ മത്സരയിനമായ അറബനമുട്ടില്‍ തലശ്ശേരി ദാറുസ്സലാം ഇസ്‌ലാമിക് അക്കാദമി ഒന്നാം സ്ഥാനം നേടി. സിബാഖ് കലോത്സവ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തവണ അറബന മുട്ട് മത്സരയിനത്തില്‍ ഉള്‍പെടുത്തിയത്. സ്‌കൂള്‍, സര്‍വകലാശാലാ കലോത്സവങ്ങളിലെ ശ്രദ്ധേയ ഇനമായ അറബനമുട്ട് ദാറുല്‍ഹുദാ വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായിരുന്നു.
ഗായകനടക്കം പത്ത് പേരടങ്ങിയ അറബന ടീം ഈണം കൊണ്ടും താളം കൊണ്ടും സദസ്സരുടെ മനംകവര്‍ന്നു. പ്രാഥമിക റൗണ്ടില്‍ നിന്നു യോഗ്യത നേടിയ അഞ്ച് ടീമുകളായിരുന്നു കുല്ലിയ്യ (ജനറല്‍) വിഭാഗത്തില്‍ ഇന്നലെ മത്സരിച്ചത്.
നഹ്ജുറശാദ് ഇസ്ലാമിക് കോളേജ് രണ്ടും ദാറുല്‍ ഹിദായ ദഅവാ കോളേജ് മാണൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.
ആത്മീയാനുഭൂതി പകര്‍ന്ന് ഖവാലി മത്സരം
സിബാഖ് ദേശീയ കലോത്സവ നഗരിയില്‍ ഇന്നലെ ഉച്ചക്ക് വേദി ഒന്നില്‍ നടന്ന ഉര്‍ദു വിഭാഗം ഖവാലി മത്സരം ആസ്വാദകര്‍ന്ന് ആത്മീയാനുഭൂതി പകര്‍ന്നു. ഉത്തരേന്ത്യന്‍ ഖവാലി സദസ്സുകളെ അനുസ്മരിപ്പിക്കും വിധം അരങ്ങേറിയ മത്സരം സദസ്സിന്റെ ഊഷ്മള കയ്യടി നേടി.
പ്രവാചാകാനുരാഗം, ഖാജാ മുഈനുദ്ദിന്‍ ചിശ്തി, ഹാജി അലി പ്രകീര്‍ത്തനം എന്നിവ ആസ്പദമാക്കിയുള്ള ഖവാലി മത്സരം ഒന്നിനൊന്ന് മികച്ചതായിരുന്നു. ദാറുല്‍ഹുദായുടെ കേരളേതര സംസ്ഥാനങ്ങളിലെ ഓഫ് കാമ്പസ് സെന്ററുകളായ പശ്ചിമ ബംഗാള്‍, ആസാം, കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലെ കാമ്പസുകളിലെയും കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ യു.ജി കോളേജുകളിലെയും വിദ്യാര്‍ത്ഥികളാണ് ഖവാലിയില്‍ മാറ്റുരച്ചത്.
ഗഹന ചര്‍ച്ചകളുടെ റെഡ് കാര്‍പറ്റ്
സിബാഖ് കലോത്സവ നഗരിയില്‍ വിവിധ ചര്‍ച്ചകളും സംവാദങ്ങളുമായി റെഡ് കാര്‍പറ്റ് സ്‌ക്വയര്‍. സിബാഖ് പ്രചരണ കമ്മിറ്റിയും കാമ്പസിന്‍ മാഗസിന്‍ തെളിച്ചവും സംയുക്തമായാണ് റെഡ്കാര്‍പറ്റ് ഒരുക്കിയിരിക്കുന്നത്. പത്രപ്രവര്‍ത്തകര്‍, വിധികര്‍ത്താക്കള്‍, എഴുത്തുകാര്‍, സംഗീതജ്ഞര്‍, ചിന്തകര്‍ എന്നിവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
ഇന്നലെ വൈകീട്ട് നടന്ന സൂഫി സംഗീതം നാള്‍വഴികള്‍ ചര്‍ച്ചയില്‍ സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍, ശാനവാസ് പുതുപ്പള്ളി സംസാരിച്ചു.
രാവിലെ നടന്ന മാപ്പിള കല , സാഹിത്യം എന്ന വിഷയത്തില്‍ മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരകത്തിലെ അബ്ബാസ് കൊണ്ടോട്ടി, മൊയ്‌നു കൊടുവള്ളി, അശ്‌റഫ് കൊണ്ടോട്ടി തുടങ്ങിയവര്‍ സംസാരിച്ചു.
സ്വത്വം, സാഹിത്യം, സമൂഹം ചര്‍ച്ചയില്‍ ശംസുദ്ദീന്‍ മുബാറക്, ശരീഫ് ഹുദവി ചെമ്മാട്, ലബീബ് ഹുദവി പാണ്ടിക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു.
പടങ്ങള്‍
1. സിബാഖ് ദേശീയകലോത്സവം കുല്ലിയ (ജനറല്‍) വിഭാഗം അറബന മുട്ടില്‍ ഒന്നാം സ്ഥാനം നേടിയ തലശ്ശേരി ദാറുസ്സലാം അക്കാദമി ടീം
- സിബാഖ് വേദി ഒന്നില്‍ ഇന്നലെ നടന്ന ഉര്‍ദുവിദ്യാര്‍ത്ഥികളുടെ ഖവാലി
- സിബാഖ് കലോത്സവ നഗരിയില്‍ ഒരുക്കിയ റെഡ് കാര്‍പറ്റ് സക്വയറില്‍ ശാനവാസ് പുതുപ്പള്ളി, സമീര്‍ ബിന്‍സി, ഇമാം മജ്ബൂര്‍ സംസാരിക്കുന്നു.