⚫ ബോട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി;തിങ്കളാഴ്ച (ഇന്ന്) ഔദ്യോഗിക ദുഃഖാചരണം

താനൂർ ഒട്ടുംപുറം തൂവൽതീരത്ത് വിനോദയാത്രാ സംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു.മരിച്ചവരിൽ താനൂർ ഓല പീടിക കാട്ടിൽ പിടിയേക്കൽ സിദ്ദീഖ് (41), മക്കളായ ഫാത്തിമ മിൻഹ (12), ഫൈസാൻ (3), പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ എന്ന കുഞ്ഞിമ്മു (40), പരപ്പനങ്ങാടി സൈതലവിയുടെ മക്കളായ സഫ്‌ല (7), ഹുസ്ന (18), ഷംന (17), പരപ്പനങ്ങാടി കുന്നുമ്മൽ റസീന, പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകൻ അഫലഹ് (7), പെരിന്തൽമണ്ണ സ്വദേശി അൻഷിദ് (10), മുണ്ടുപറമ്പ് മച്ചിങ്ങൽ നിഹാസിന്റെമകൾ ഹാദി ഫാത്തിമ (7), പരപ്പനങ്ങാടി കുന്നുമ്മൽ സിറാജിന്റെ മക്കളായ ഷഹറ, റുഷ്ദ, ഓട്ടുമ്മൽ വീട്ടിൽ സിറാജിന്റെ മകൾ നൈറ, താനൂർ സ്റ്റേഷനിലെ പൊലീസുകാരൻ പരപ്പനങ്ങാടി സ്വദേശി സബറുദ്ദീൻ (37),ചെട്ടിപ്പടി വെട്ടിക്കുടി വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ ആയിഷാബി, മകൾ അദില ഷെറി,കുന്നുമ്മൽ ആവായിൽ ബീച്ചിൽ റസീന, അർഷാൻ എന്നിവരെ തിരിച്ചറിഞ്ഞു.ബോട്ടിൽ നാൽപതിലധികം പേരുണ്ടായിരുന്നതായാണ് വിവരം. ഇതുവരെ ഇരുപതോളം പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയവരെ തിരൂരങ്ങാടി, താനൂർ, തിരൂർ എന്നിവിടങ്ങളിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്. അപകട സ്ഥലത്ത് വിശദമായ തിരച്ചിൽ നടത്തുന്നതിന് നേവിയുടെ സഹായം തേടിയിട്ടുണ്ട്. പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിൽ പൂരപ്പഴയിലാണ് അപകടമുണ്ടായ ഒട്ടുംപുറം തൂവൽ തീരം.മന്ത്രിമാരായ വി.അബ്ദുറഹിമാനും പി.എ.മുഹമ്മദ് റിയാസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നു. താനൂർ ബോട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുഃഖാചരണത്തിന്റെ ഭാഗമായി തിങ്കളാഴ്ച നടത്താനിരുന്ന സംസ്ഥാനത്തെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കിയതായി ചീഫ് സെക്രട്ടറി വി.പി.ജോയ് അറിയിച്ചു. താലൂക്ക് തല അദാലത്തുകളും മാറ്റിവച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും.പൂരപ്പുഴയിൽ സ്വകാര്യ ഉടമസ്ഥയിലുള്ള ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ഒരു മാസം മുൻപാണ് ഇവിടെ വിനോദസഞ്ചാരികൾക്കായി ബോട്ട് സർവീസ് തുടങ്ങിയത്. ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിനു വെളിച്ചക്കുറവ് പ്രതിസന്ധിയായെന്നു നാട്ടുകാർ പറഞ്ഞു. തലകീഴായി മറിഞ്ഞ ബോട്ട് പൂര്‍ണ്ണമായും മുങ്ങി. ഇതു പിന്നീട് ഉയർത്തി കരയ്‌ക്കടുപ്പിച്ചു. മൃതദേഹങ്ങൾ താനൂരിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ്, അഗ്നിരക്ഷാ സേന, തീരദേശ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. ഏകോപിതമായി അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മലപ്പുറം ജില്ലാ കലക്ടർക്ക് നിർദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുഴുവൻ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള ഇടപെടൽ നടന്നു വരികയാണ്. താനൂർ, തിരൂർ ഫയർ യൂണിറ്റുകളും പൊലീസ്, റവന്യൂ, ആരോഗ്യ വിഭാഗവും, നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നതായി മുഖ്യമന്ത്രി അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.അപകടത്തില്‍ പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സയൊരുക്കാനും മതിയായ ക്രമീകരണങ്ങളൊരുക്കാനും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളജിലും സര്‍ക്കാര്‍ ആശുപത്രികളിലും കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികളിലും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

[adsforwp id=”35311″]