കയറ്റുമതി വരുമാനം 55.7 കോടി; വികസനക്കുതിപ്പില്‍ സൈബര്‍പാര്‍ക്ക്
കോഴിക്കോട്: മുന്‍വര്‍ഷങ്ങളെക്കാള്‍ ഇരട്ടിയിലധികം കയറ്റുമതി വരുമാനവുമായി മലബാറിലെ ഐ.ടി കുതിപ്പിന് ചുക്കാന്‍ പിടിച്ച് ഗവണ്‍മെന്റ് സൈബര്‍പാര്‍ക്ക്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളെ തരണം ചെയ്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം വികസന, വരുമാന മുന്നേറ്റമാണ് സൈബര്‍പാര്‍ക്ക് നേടിയിരിക്കുന്നത്. ഈ സാമ്പത്തികവര്‍ഷം (2021 ഏപ്രില്‍ 1 മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം) 55.7 കോടി രൂപയുടെ കയറ്റുമതി വരുമാനം സൈബര്‍പാര്‍ക്ക് നേടി. പുതുതായെത്തുന്ന നിരവധി കമ്പനികളൊരുക്കുന്ന തൊഴിലവസരങ്ങളും മലബാറിന്റെ ഐ.ടി ഭൂപടത്തില്‍ നേട്ടങ്ങള്‍ കുറിക്കുകയാണ്.
2022 ജനുവരിക്ക് ശേഷം മാത്രം സൈബര്‍പാര്‍ക്കില്‍ പതിനേഴ് കമ്പനികളാണ് പ്രവര്‍ത്തനമാരംഭിച്ചത്. ഇതുവഴി നിരവധി തൊഴിലവസരങ്ങള്‍ തുറക്കപ്പെട്ടു. നിലവില്‍ സൈബര്‍പാര്‍ക്കിലെ 98 ശതമാനം സ്ഥലത്തും വിവിധ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വാംഷെല്‍ (കമ്പനികള്‍ സ്വയം സൗകര്യങ്ങള്‍ ഒരുക്കുന്ന രീതി) സ്‌പെയ്‌സ് പൂര്‍ണമായും വിവിധ കമ്പനികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇനി ശേഷിക്കുന്നത് ഏതാനും പ്ലഗ് ആന്‍ഡ് പ്ലേ (സൗകര്യങ്ങളുള്ള സ്ഥലത്തേക്ക് കമ്പനികള്‍ക്ക് നേരിട്ട് പ്രവര്‍ത്തനം തുടങ്ങുന്ന രീതി) യൂണിറ്റുകള്‍ മാത്രമാണ്. 75 ശതമാനം ഐ.ടി സ്‌പെയ്‌സും 25 ശതമാനം കൊമേഴ്‌സ്യല്‍ (നോണ്‍ സെസ്) സ്‌പെയ്‌സുമുള്ള നാല് ലക്ഷം സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള പുതിയ കെട്ടിടം നിര്‍മിക്കാന്‍ സര്‍ക്കാരിന് നിലവില്‍ അപേക്ഷ നല്‍കിക്കഴിഞ്ഞു. കൂടാതെ നിലവിലുള്ള സ്ഥലത്തേക്ക് പുതിയ കെട്ടിടം നിര്‍മിക്കാനായി കോ ഡെവലപ്പര്‍മാരെയും ക്ഷണിക്കുന്നുണ്ട്. ഇതിന് പുറമേ ജീവനക്കാര്‍ക്കായി സൈബര്‍പാര്‍ക്കിനുള്ളില്‍ ഫുട്‌ബോള്‍ ടര്‍ഫ്, ബാഡ്മിന്റണ്‍, ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടുകള്‍ തുടങ്ങിയവയും ഐ.ടി വികസനത്തിനാവശ്യമായ മറ്റ് സൗകര്യങ്ങളൊരുക്കാനും അധികൃതര്‍ ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
2017 – 18 സാമ്പത്തിക വര്‍ഷം ആറു കമ്പനികളിലായി 107 ജീവനക്കാരുമായി പ്രവര്‍ത്തിച്ചിരുന്ന സൈബര്‍പാര്‍ക്കിന്റെ കയറ്റുമതി വരുമാനം 3.01 കോടി രൂപയായിരുന്നു. 2018 – 19 സാമ്പത്തിക വര്‍ഷം അത് 20 കമ്പനികളും 482 ജീവനക്കാരുമായി ഉയര്‍ന്നു. കയറ്റുമതി വരുമാനം 8.1 കോടി രൂപയായി. 2019 – 20 സാമ്പത്തിക വര്‍ഷം 38 കമ്പനികളിലായി 575 ജീവനക്കാര്‍ സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിച്ചു. 14.76 കോടി രൂപയായിരുന്നു കയറ്റുമതി വരുമാനം. 2020 – 21 സാമ്പത്തിക വര്‍ഷം 58 കമ്പനികളും 764 ജീവനക്കാരുമായി 26.16 കോടി രൂപയുടെ കയറ്റുമതി വരുമാനം സൈബര്‍പാര്‍ക്ക് നേടി. 2021 – 22 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 67 കമ്പനികളും 1200 ജീവനക്കാരുമായി ഉയര്‍ന്നു. കയറ്റുമതി വരുമാനം 55.7 കോടി രൂപയായി ഉയര്‍ന്നു. നിലവില്‍ 84 കമ്പനികളിലായി 2000ത്തോളം ജീവനക്കാരാണ് സൈബര്‍പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ ഇരട്ടിയാണ് ഇത്തവണ പ്രതീക്ഷിക്കുന്ന കയറ്റുമതി വരുമാനം.
കേരളത്തിലെ ഐ.ടി വികസനക്കുതിപ്പില്‍ സൈബര്‍പാര്‍ക്കിന് ചെറുതല്ലാത്ത പങ്കുണ്ടെന്നും ഓരോ വര്‍ഷങ്ങളിലും കൂടുതല്‍ പുരോഗതിയുടെ പാതയിലാണ് സൈബര്‍പാര്‍ക്കും മലബാറിലെ ഐ.ടി മേഖലയുമെന്നും സൈബര്‍പാര്‍ക്ക് ജനറല്‍ മാനേജര്‍ വിവേക് നായര്‍ പറഞ്ഞു. ജീവനക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും ഐ.ടി മേഖലയെ അതുവഴി വളര്‍ച്ചയിലെത്തിക്കുകയുമാണ് ലക്ഷ്യമിടുന്നത്. കയറ്റുമതി വരുമാനത്തിലും ജീവനക്കാരുടെ എണ്ണത്തിലും കമ്പനികളുടെ എണ്ണത്തിലുമെല്ലാം കഴിഞ്ഞ വര്‍ഷങ്ങളിലെക്കാള്‍ വലിയ പുരോഗതി ഇത്തവണ സൈബര്‍പാര്‍ക്കിന് ആര്‍ജിക്കാനായിട്ടുണ്ട്. ഇത് വരും വര്‍ഷങ്ങളിലും തുടരും. കൂടുതല്‍ വലിയ കമ്പനികള്‍ മലബാറിലേക്ക് ചേക്കേറാന്‍ താല്‍പര്യവുമായി മുന്നോട്ട് വരുന്നുണ്ട്. ഇത് കോഴിക്കോട് സൈബര്‍പാര്‍ക്കിനും മലബാറിലെ ഐ.ടി മേഖലയ്ക്കും പുത്തന്‍ ഉണര്‍വ്വ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ഒട്ടേറെ വലിയ ഐ.ടി കമ്പനികള്‍ മുന്നോട്ട് വരുന്നത് ശുഭ സൂചനയാണെന്നും ഇത് മലബാറിലെ യുവാക്കള്‍ക്ക് ഒട്ടേറെ തൊഴിലവസരങ്ങള്‍ ഒരുക്കുമെന്നും കാഫിറ്റ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ പറഞ്ഞു. കേരളത്തിലെ ഏറ്റവും മികച്ച ടാലന്റ് പൂള്‍ ഉള്ള ഒരു മേഖലയാണ് കോഴിക്കോട്. ഇത് തിരിച്ചറിഞ്ഞാണ് കേരളത്തിലേക്ക് കടന്നുവരുന്ന കമ്പനികള്‍ ഇപ്പോള്‍ മലബാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യപ്പെടുന്നത്. ലോകോത്തര സൗകര്യങ്ങളും മികച്ച തൊഴില്‍ അന്തരീക്ഷവും ലഭ്യമാകുന്നതോടെ ഇവിടുത്തെ ചെറുപ്പക്കാരുടെ സേവനം നമ്മുടെ നാടിന് തന്നെ ലഭ്യമാകും. സൈബര്‍പാര്‍ക്കില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളും കമ്പനികളിലെ തൊഴില്‍ സാധ്യതയും കേരളത്തിലെ ഐ.ടി മേഖലയ്ക്ക് കൂടുതല്‍ മുന്നേറ്റം നല്‍കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.