താനൂർ22 പേരുടെ ജീവൻ അപഹരിച്ച പൂരപ്പുഴ ബോട്ടപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് നഗരസഭ ചെയർമാൻ രാജിവച്ചൊഴിയണമെന്ന് സിപിഐ എം
താനൂർ ഏരിയ കമ്മിറ്റിയംഗങ്ങൾ താനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തനിക്ക് പങ്കില്ലെന്ന് പ്രചരിപ്പിച്ച് ഉത്തരവാദിത്വം മന്ത്രിമാരുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ് നഗരസഭ ചെയർമാൻ ചെയ്യുന്നത്. 2020 ഡിസംബർ 9ന് പുറത്തിറങ്ങിയ എസ്ആർഒ 857നമ്പർ പ്രകാരമുള്ള ഗസറ്റ് വിജ്ഞാപന പ്രകാരം ജലവിനോദം പൂർണ്ണമായും നഗരസഭയുടെ അധികാരത്തിലാണ് എന്നതാണ്. വിനോദസഞ്ചാര ബോട്ടുകൾക്ക് ഫിറ്റ്നസ് നൽകേണ്ടതും, ആളുകളുടെ എണ്ണം തീരുമാനിക്കേണ്ടതും തുറമുഖ വകുപ്പാണ്. എന്നാൽ സർവീസ് നടത്തുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഇതിനു വേണ്ട അനുമതി നൽകേണ്ടത്. മാത്രമല്ല ടിക്കറ്റിനുള്ള നികുതി ഈടാക്കുന്നതും നഗരസഭയാണ്. ഇക്കാര്യങ്ങൾ മറച്ചുവച്ചാണ് നഗരസഭ ചെയർമാൻ വ്യാജപ്രചാരണം നടത്തുന്നതെന്ന് സിപിഐ എം നേതാക്കൾ പറഞ്ഞു. അറ്റ്ലാന്റിക് ബോട്ടുടമ 2023 ജനുവരി 18ന് അനുമതിക്കായി അപേക്ഷ നൽകിയിരുന്നു. ഇതിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്നും, അനുമതി നൽകിയിട്ടില്ലെങ്കിൽ പണംവാങ്ങി സർവീസ് നടത്തിയ ഉടമയ്ക്കെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്നും നഗരസഭാധ്യക്ഷൻ വ്യക്തമാക്കണമെന്നും, വിഷുവിന് സർവീസ് നിർത്തിവെച്ച വിനോദസഞ്ചാര ബോട്ടുകൾ വീണ്ടും സർവീസ് ആരംഭിച്ചതിനു പിന്നിൽ അഴിമതിയുണ്ടെന്ന് സിപിഐ എം നേതാക്കൾ പറഞ്ഞു. ഒട്ടുംപുറത്ത് സർവീസ് നടത്തുന്ന വിനോദസഞ്ചാര ബോട്ടുകൾ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ സികെഎം ബഷീർ ചെയർമാനോട് വാട്സാപ്പിലൂടെ മെയ് ഒന്നിന് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ ഇതിന്മേലും നടപടി ഉണ്ടായിട്ടില്ല. പ്രദേശത്ത് ഒരു വർഷത്തിലേറെയായി സർവീസ് നടത്തുന്ന ബോട്ടുകളിൽ നിന്നും നികുതി സ്വീകരിക്കുന്നുണ്ടോയെന്ന് നഗരസഭ അധികാരികൾ വ്യക്തമാക്കണമെന്നും സിപിഐഎം ഏരിയ കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട രേഖകൾ നഗരസഭയിൽ നിന്നും പൊലീസ് പിടിച്ചെടുക്കണമെന്നും, അല്ലായെങ്കിൽ തെളിവ് നശിപ്പിക്കാനുള്ള ശ്രമം നടക്കുമെന്നും നേതാക്കൾ പറഞ്ഞു. സിപിഐ എം ഏരിയ സെക്രട്ടറി സമദ്താനാളൂർ, ഏരിയ കമ്മിറ്റി അംഗങ്ങളായ എം അനിൽകുമാർ, സി പി അശോകൻ, നഗരസഭ കൗൺസിലർ പി ടി അക്ബർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
