റഷീദിന്‍റെ കുടുംബത്തിനാശ്വാസം; നഷ്ടപരിഹാരം ഉടനെന്ന് വനംമന്ത്രി

വനവും അതുമായി ചുറ്റപ്പെട്ട് ജീവിക്കുന്നവരുടെ ജീവിതവും എന്നും ആശങ്ക നിറഞ്ഞതാണ്. ജീവനും സ്വത്തും പണയംവെച്ചാണ് പലയാളുകളും മലയോരമേഖലകളിൽ താമസിക്കുന്നത്. കാടിറങ്ങി വരുന്ന കാട്ടുപന്നികളോ ആനകളോ എന്നാണ് ജീവൻ തട്ടിപ്പറിച്ചെടുക്കുക എന്ന ഭയത്തിലാണ് ഇന്നും മലയോര മേഖലയിലുള്ളവർ ജീവിക്കുന്നത്. മലയോര മേഖലയിലെ ഈ ആശങ്കയാണ് ‘കാട് കയറുന്ന നാട്’ എന്ന പരമ്പരയിലൂടെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തെത്തിച്ചത്. പരമ്പരയിലൂടനീളം വന്യമൃഗ ആക്രമണങ്ങളും കർഷകരുടെ സങ്കടങ്ങളുമാണ് പറഞ്ഞുവച്ചത്. അതിൽ ഏറ്റവും സങ്കടമുള്ള കാഴ്ചയായിരുന്നു കോഴിക്കോട് കൂരാചുണ്ട് സ്വദേശിയും കാട്ടുപന്നി ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെടുകയും ചെയ്ത റഷീദിന്‍റെ കുടുംബത്തിന്‍റെ കഥ.

റഷീദ് അപകടത്തിൽ മരിച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞെങ്കിലും ആ കുടുംബത്തിന് ഒരു രൂപ പോലും ഇതുവരെയും നഷ്ടപരിഹാരമായി ലഭിച്ചിട്ടില്ല. നായ ഓട്ടോയിലിടിച്ചാണ് റഷീദിന് അപകടമുണ്ടായതെന്നായിരുന്നു ആദ്യഘട്ടത്തിൽ വനംവകുപ്പിന്‍റെ കണ്ടെത്തൽ. എന്നാൽ പിന്നീട് അത് പന്നിയെന്ന് റിപ്പോർട്ട് നൽകിയിട്ടും നഷ്ടപരിഹാരം മാത്രം ലഭിച്ചില്ല. റഷീദിന്‍റെ മൃതദേഹവുമായി താമരശ്ശേരി റേഞ്ച് ഓഫീസ് ഉപരോധിച്ചപ്പോൾ നഷ്ടപരിഹാരം നൽകുമെന്ന ഉറപ്പ് നൽകിയ മന്ത്രിയും പിന്നീട് ആ കുടുംബത്തെ മറന്നുപോയി.
കണ്ണീരണിഞ്ഞ് നിന്ന റഷീദിന്‍റെ കുടുംബത്തിന് ആശ്വാസമായിരിക്കുകയാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്ത. വാർത്ത റിപ്പോർട്ട് ചെയ്തതിന് പിന്നാലെ റഷീദിന്‍റെ കുടുംബത്തിന് എത്രയും പെട്ടന്ന് നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കണ്ടപ്പോൾ മാത്രമാണ് റഷീദിന്‍റെ കുടുംബത്തിന് ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന വാർത്ത അറിഞ്ഞതെന്നും ശശീന്ദ്രൻ പ്രതികരിച്ചു. കൂടാതെ സംസ്ഥാനത്ത് വന്യമൃഗ ആക്രമണങ്ങളിൽ ഇരകളായവർക്കുള്ള നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് ഫണ്ടിന്‍റെ അപര്യാപ്തതയുണ്ടെന്നും അത് കേന്ദ്രത്തിന്‍റെ ശ്രദ്ധയിൽപെടുത്തുമെന്നും വനം മന്ത്രി പറഞ്ഞു.
വീണ്ടും വാർത്തകളിലൂടെ മനുഷ്യത്വത്തിന്‍റെ നല്ലപാഠമാണ് ഏഷ്യാനെറ്റ് ന്യൂസ് പഠിപ്പിക്കുന്നത്. സഹായിക്കേണ്ടവരെ സഹായിച്ച് നേരോടെ നിർഭയം മുന്നോട്ട് പോകുകയാണ് ഏഷ്യാനെറ്റ് ന്യൂസ്.