സാമൂഹികാരോഗ്യ കേന്ദ്രത്തിന് കൈത്താങ്ങായി വേള്‍ഡ് വിഷന്‍ ഇന്ത്യ മലപ്പുറം പ്രൊജക്ട്.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തിന് കൈത്താങ്ങായി വേള്‍ഡ് വിഷന്‍ ഇന്ത്യ മലപ്പുറം പ്രൊജക്ട്. കോവിഡ് ആശുപത്രികളിലെ തീവ്രപരിചരണ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ജില്ലാഭരണകൂടം നടപ്പാക്കുന്ന പ്രാണവായു പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപയുടെ സുരക്ഷാ ഉപകരണങ്ങളാണ് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കൈമാറിയത്. ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ കോവിഡ് രോഗ പ്രതിരോധ/ സുരക്ഷാ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ചടങ്ങില്‍ അധ്യക്ഷയായി.
10 ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ ആന്‍ഡ് ബെഡ് സെറ്റ്, 20 ഫോവ്ലര്‍ കോഡ് വിത്ത് ബെഡ്, സര്‍ജിക്കല്‍ ഗ്ലൗസ്, സാനിറ്റൈസര്‍, എന്‍95 മാസ്‌ക്, ഫ്ളോര്‍ ക്ലീനര്‍, പള്‍സ് ഓക്സിമീറ്റര്‍, ഇന്‍ഫ്രാ റെഡ് തോര്‍മോ മീറ്റര്‍, പി.പി.ഇ കിറ്റ് എന്നിവയാണ് നല്‍കിയത്. വഴിക്കടവ്, പോത്തുകല്ല്, ചുങ്കത്തറ കോവിഡ് കെയര്‍ സെന്ററുകളിലും വഴിക്കടവ്, പോത്തുകല്ല് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഇവ ഉപയോഗിക്കും.
കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സംഘടനയായ വേള്‍ഡ് വിഷന്‍ ഇന്ത്യയുടെ മലപ്പുറം ഏരിയ പ്രൊജക്ടില്‍ വഴിക്കടവ്, പോത്തുകല്ല് പഞ്ചായത്തുകളാണ് ഉള്‍പ്പെട്ടിരിക്കുന്നത്. മേഖലയിലെ കുട്ടികളുടെ മാനസികാരോഗ്യ വികാസത്തിന് ഊന്നല്‍ നല്‍കി വിവിധ പദ്ധതികളാണ് വേള്‍ഡ് വിഷന്‍ ഇന്ത്യ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കുട്ടികളുടെ സുരക്ഷയില്‍ ആശുപത്രികളുടെ പങ്ക് വ്യക്തമാക്കുന്ന ഫ്ളെയര്‍ ജില്ലാകലക്ടര്‍ പരിപാടിയില്‍ പ്രകാശനം ചെയ്തു. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ ബ്രോഷര്‍ പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാ രാജനും കോവിഡ് പ്രതിരോധം ബോധവത്കരണ ബ്രോഷര്‍ ചുങ്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യനും പ്രകാശനം ചെയ്തു.
ചുങ്കത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.കെ പാത്തുമ്മ ഇസ്മയില്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷെറോണ റോയ്, വേള്‍ഡ് വിഷന്‍ ഇന്ത്യ മലപ്പുറം പ്രൊജക്ട് മാനേജര്‍ ബിന്ദുമോള്‍ ജോസഫ്, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ലാല്‍ പരമേശ്വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.