fbpx

ചാള്‍സ് രാജാവിനും പത്നിക്കും നേരെ വിദ്യാര്‍ഥിയുടെ മുട്ടയേറ്

ലണ്ടന്‍: ചാള്‍സ് രാജാവിനും ക്യൂന്‍ കണ്‍സോര്‍ട്ട് കാമിലക്കും നേരെ മുട്ടയെറിഞ്ഞതിന് 23കാരനായ വിദ്യാര്‍ഥി അറസ്റ്റില്‍. യോര്‍ക്കില്‍ ബുധനാഴ്ചയായിരുന്നു സംഭവം. പൊതുസ്ഥലത്ത് ക്രമസമാധാനം തടസപ്പെടുത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ്.യോര്‍ക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയാണ് പ്രതി. “അടിമകളുടെ രക്തം കൊണ്ടാണ് ഈ രാജ്യം കെട്ടിപ്പടുത്തത്. ഇദ്ദേഹം എന്‍റെ രാജാവല്ല” എന്നു പറഞ്ഞുകൊണ്ടാണ് വിദ്യാര്‍ഥി മുട്ടയേറ് നടത്തിയത്. യോര്‍ക്ക് നഗരത്തില്‍ എലിസബത്ത് രാജ്ഞിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എത്തിയതായിരുന്നു ചാള്‍സും കാമിലയും. മൂന്നു മുട്ടകളാണ് എറിഞ്ഞതെങ്കിലും ഒന്നും രാജാവിന്‍റെ ദേഹത്ത് കൊണ്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തി വിദ്യാര്‍ഥിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സര്‍വകലാശാലയെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.