fbpx

ഛലോ ദില്ലി* EP-2_*മംഗളയിലെ മാമാങ്കങ്ങളിലേക്ക്

ഞങ്ങളുടെ കൂട്ടത്തിൽ ജീവിതത്തിൽ ആദ്യമായി സ്റ്റേഷനിൽ കയറിയ അല്പം ചിലർക്കൊപ്പം സൊറപറഞ്ഞ് അവരുടെ ചില രസകരമായ ചോദ്യങ്ങളും കേട്ടിരിക്കുമ്പോഴാണ് ചൂളം വിളിയോടെ കൂവിപ്പാഞ്ഞു വരുന്ന ട്രെയിൻ ശ്രദ്ധയിൽപ്പെട്ടത്.അതിനുമുമ്പ് കേട്ട സ്റ്റേഷൻ അനൗൺസ്മെന്റോട്കൂടി ഞങ്ങൾ കൃത്യമായി കയറേണ്ട പൊസിഷനുകളിൽ സ്ഥാനമുറപ്പിച്ചിരുന്നു.രണ്ട് മിനിറ്റു മാത്രം സ്റ്റേഷനിൽ നിർത്തുന്ന വണ്ടിയിൽ വളരെ സാഹസികമായാണ് ഞങ്ങൾ ഞങ്ങളുടെ ചരക്ക് കൂമ്പാരങ്ങളുമായി കയറി കൂടിയത്. ശേഷം താം തങ്ങൾ അവരവരുടെ ഇരിപ്പിടങ്ങൾ കൃത്യമാക്കിയപ്പോഴാണ് അല്പമെങ്കിലും സമാധാനം കൈവന്നത്.ആ മനസമാധാനത്തിൽ വണ്ടിയുടെ പുറത്തെ കാഴ്ചകളിലേക്ക് കണ്ണും നട്ടിരുന്ന് ഞാൻ ഒരു ഗ്ലാസ് ചായ മോന്തി.കോഴിക്കോട് സ്റ്റേഷനിൽ നിന്ന് വാങ്ങിയ ആ ചായയുടെ കിക്കിൽ വടകര വരെ ഞാൻ ഉന്മത്തനായിരുന്നു.വണ്ടി വടകര വിട്ടയുടൻ എന്റെ ഇരിപ്പിടം ഞാൻ ശരവണൻ സാറിന്റെ അടുത്തേക്ക് പറിച്ചുനട്ടു. പിന്നീടങ്ങോട്ടുള്ള ഓരോ നിമിഷങ്ങളും വിവിധതരം ചർച്ചകൾ കൊണ്ട് സമ്പന്നമായിരുന്നു.അതിൽ സാറിന്റെ പഠനകാലം,അധ്യാപന ജീവിതം,രാഷ്ട്രീയ രാഷ്ട്രീയേതര നിലപാടുകൾ,മതപരമായ സാറിൻറെ വീക്ഷണങ്ങൾ ഇങ്ങനെ തുടങ്ങി എന്തിനധികം സാറിന്റെ കുട്ടിയുടെ പേരിടലും അതിൻറെ മാനദണ്ഡവും സാങ്സ്റ്റർ സാങ്ങ്ഷൻ എന്നതിലേക്ക് എത്തിച്ച വഴിയും കണ്ടെത്തിയ വിധവും തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളും ഇങ്ങനെ നീളുന്നു ഞങ്ങളുടെ ചർച്ച.ഇങ്ങനെ ചർച്ച പൊടിപൊടിക്കുമ്പോൾ സാറിന്റെ വക ഇടയ്ക്കിടെ ഒരോ ഗ്ലാസ് ചായയും കൂടി കിട്ടുംഅതുകൂടിയാവുമ്പോൾ സംഗതി കുശാൽ. ട്രെയിനിൽ കയറുന്നത് വരെ എനിക്ക് ഏറ്റവും കൂടുതൽ ആശങ്കയുണ്ടായിരുന്നത് ട്രെയിനിലെ രണ്ട് ദിവസങ്ങളെ പ്പറ്റിയായിരുന്നു.ഈ രണ്ടുദിവസം തള്ളിനീക്കാൻ തക്കവിധത്തിലുള്ള തന്ത്രം മെനയാനും ഒരു വേള ഞാൻ മുതിർന്നിട്ടുണ്ട്.എന്നാൽ എൻ്റെ ആശങ്കകളെ അസ്ഥാനത്താക്കുന്ന അനുഭൂതികളും അനുഭവങ്ങളുമായിരുന്നു ഈ രണ്ട് ദിവസത്തെ ട്രെയിൻയാത്ര എനിക്ക് അപ്രതീക്ഷിതമായി സമ്മാനിച്ചത്.എന്നെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഒരു മാസത്തിൽ ചുരുങ്ങിയത് രണ്ടുപ്രാവശ്യമെങ്കിലും ട്രെയിൻയാത്ര ചെയ്യുന്ന ആളാണ് ഞാൻ. ഇതു കൂടാതെ രാജസ്ഥാൻ,ഗുജറാത്ത്,ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീർഘയാത്രകളും ഞാൻ ഇതിനു മുമ്പ് ട്രെയിനിൽ നടത്തിയിട്ടുണ്ട്.അതിൽ തന്നെ രാജസ്ഥാനിലേക്ക് നടത്തിയ യാത്ര വളരെ അസഹനീയമായ ചൂടുകാലത്തായിരുന്നു.ആ യാത്രാദിനങ്ങൾ എങ്ങനെയോ തള്ളിനീക്കിയാണ് അവസാനം രാജസ്ഥാനിൽ എത്തിച്ചേർന്നത്.ഈ അനുഭവങ്ങളുടെ പശ്ചാതലത്തിലായിരുന്നു ഞാൻ ഈ യാത്രയെപ്പറ്റിയും അൽപ്പം കടന്നു ചിന്തിച്ചത്. എന്നാൽ എൻ്റെ ജീവിതത്തിലെ ഏറ്റവും ആനന്ദകരമായ ഒരു യാത്രയായി ഇത് മാറുകയാണുണ്ടായത്.ഇടയ്ക്കിടെ ഞാനും സാറും ഞങ്ങൾക്ക് ലഭിച്ച കമ്പാർട്ട്മെന്റുകളിലെല്ലാം പര്യടനം നടത്തുന്നത് പതിവാണ്. കാരണം ഞങ്ങളുടെ കൂടെയുള്ള സഹപാഠികൾക്ക് വല്ല ആവശ്യങ്ങളോ പ്രയാസങ്ങളോ ഉണ്ടോ എന്ന് അറിയാനാണിത്.ഇങ്ങനെ നടക്കുമ്പോഴാണ് ഫഹദ് സാറേ കണ്ടുമുട്ടുക.സാറ് കൂട്ടത്തിൽ ഹിന്ദി ഏറ്റവും നന്നായി വശമുള്ള ആളായതുകൊണ്ടും ദീർഘ കാലം ഹിന്ദിക്കാരുമായി ഇടപഴകിയുള്ള അനുഭവസമ്പത്ത് കൊണ്ടും വിദ്യാർത്ഥികളുടെ സീറ്റുകളിൽ സഹയാത്രികർ നടത്തുന്ന അനധികൃത കുടിയേറ്റത്തോട് ഒരു വിട്ടുവീഴ്ചക്കും സാർ തയ്യാറായിരുന്നില്ല.കുടിയേറ്റക്കാർ ഹിന്ദിക്കാരാണെങ്കിൽ പിന്നെ പറയേണ്ടി വരില്ല.പിന്നെ അവരങ്ങായിക്കോളും.സാറിന്റെ ട്രെയിനിലെ പ്രധാന ഹോബിതന്നെ ഇതാണ്. ഞങ്ങൾക്ക് ലഭിച്ചിട്ടുള്ള കമ്പാർട്ട്മെന്റിലൂടെ അങ്ങോട്ടുമിങ്ങോട്ടുമിങ്ങനെ നടക്കും ഈ സമയം വല്ല ബംഗാളികളോ ഹിന്ദിക്കാരോ കുടിയേറ്റക്കാരായി കണ്ണിൽപ്പെട്ടാൽ കഴിഞ്ഞു കഥ പിന്നെ ടി.ടിയെ വിളിക്കലായി പോലീസിനെ അറിയിക്കലായി ഇങ്ങനെ ജഗ പുക.ഒരുവട്ടം ഇങ്ങനെ ടി.ടിയെ തേടി ട്രെയിനിന്റെ ഏറ്റവും മുമ്പിലെ കമ്പാർട്ട്മെൻറ് വരെ നടന്നിട്ടുണ്ട് പാവം.!ഫഹദ് സാറെ സഹപാഠികൾ സ്നേഹത്തോടെ “ഫിദു” എന്നാണ് വിളിച്ചിരുന്നത് അല്ലെങ്കിൽ വിളിക്കാൻ ഇഷ്ടപ്പെട്ടിരുന്നത്.രാത്രിയാവുമ്പോൾ എല്ലാവർക്കും അവരവർക്ക് സ്വസ്ഥമായി ഉറങ്ങാൻ തന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി നേടി കൊടുത്ത സീറ്റുകൾ നിലവിലുണ്ടോ എന്ന് ഉറപ്പുവരുതീട്ടെ സാറിന് ഉറക്കമുണ്ടായിരുന്നുള്ളൂ.നൈറ്റ് പെട്രോളിങ് കഴിഞ്ഞാൽ പിന്നെ സാറിനെ രാവിലെ 10 മണിക്ക് നോക്കിയാൽ മതി അതിനുമുമ്പ് സാറെ കിട്ടണമെങ്കിൽ S1 മുതൽ S6 വരെയുള്ള കമ്പാർട്ട്മെന്റുകളുടെ അട്ടത്ത് തിരയേണ്ടി വരും.അങ്ങനെ ഞാനും ശരവണൻ സാറും ഫഹദ് സാറേ പല സമയങ്ങളിലും പല ബോഗികളിലുമായാണ് കണ്ടെത്താറ്.കാരണം വിദ്യാർത്ഥികളുടെ കാര്യത്തിൽ പുള്ളി ബന്ധശ്രദ്ധനായിരുന്നു.എന്റെയും ശരവണൻ സാറിന്റെയും S6സിൽ നിന്ന് തുടങ്ങുന്ന ഈ നടത്തം പലവട്ടവും പോയി അവസാനിക്കുന്നത് പി.സിയുടെ അകത്തുകയറി ഒരു ഗ്ലാസ് ചായയോ മറ്റ് കൂൾ ഡ്രിങ്ക്സോ വാങ്ങി കുടിക്കുന്നതോടെ ആയിരിക്കും.ഞങ്ങളുടെ സാന്നിധ്യമുള്ള എല്ലാ ബോഗികളിലും സഹപാഠികൾ സഹയാത്രികരെ കയ്യിലെടുത്തിരുന്നു.അതിൽ നാസിക്കിൽ നിന്നുള്ള അചാച്ചനുണ്ട്. ഇന്ത്യയുടെഅഭിമാനമായി മാറിയ ഇന്ത്യയിൽ തന്നെ നിർമ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലയ ഐഎൻഎസ് വിക്രാന്തിലെ ഒരു നേവി ഉദ്യോഗസ്ഥനുണ്ട്. കൂട്ടത്തിൽ യൂണിവേഴ്സിറ്റി എക്സാമിൽ എഴ് സപ്ലികൾ സ്വന്തമാക്കി പിന്നീട് ഒരു ബോധോദയത്തിന്റെ പുറത്ത് അത് എഴുതിയെടുത്ത് ഇപ്പോൾ പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പിജിക്ക് പഠിക്കുന്ന ഒരു വടകരക്കാരൻ സുഹൃത്തുണ്ട്. ഇങ്ങനെ പേരും നാടും അറിയുന്നവരും അറിയാത്തവരുമായ വേറെയും പലരും. ഇവരുമൊക്കെ ഒത്തുള്ള യാത്ര വളരെ ഉല്ലാസഭരിതമായിരുന്നു.കൂടാതെ മറ്റൊരു രസകരമായ വസ്തുത ക്ലാസിലെ പല കുട്ടികളുടെയും പേര് ഞാൻ പഠിക്കുന്നത് ഈ ട്രെയിൻ യാത്രയിലെ രണ്ടു ദിവസങ്ങളിലാണെന്നതാണ്.ട്രെയിനിലെ ആദ്യദിവസം ഞാൻ അറിയാതെ ഒരു സൽകർമ്മം ചെയ്തതോർക്കുന്നു. സംഗതി ഇതാണ്. ട്രെയിനിലെ കച്ചവടക്കാരെയും അവരുടെ കൈകളിലുള്ള വിൽപന വസ്തുക്കളിലേക്കും ആശയോടുകൂടി നോക്കിയിരിക്കുന്ന ഉറ്റ സുഹൃത്ത് രഹനയെ കണ്ടപ്പോൾ എനിക്കൊരു ഹെയർബാന്റെങ്കിലും വാങ്ങി കൊടുതാൽ കൊള്ളാമെന്ന് തോന്നി.അങ്ങനെ ഞാൻ ഒരു ഹെയർബാന്റ് വാങ്ങി കൊടുത്ത് തിരഞ്ഞപ്പോഴാണ് മിണ്ടാതെ ഇതെല്ലാം സസൂക്ഷമം നിരീക്ഷിച്ച് കൊണ്ടിരുന്ന ഹസ്ന ചാന്ദിനിചൗക്കിൽ നിന്ന് അവൾക്ക് വാങ്ങി കൊടുക്കേണ്ട സാധനങ്ങളുടെ ലിസ്റ്റ് വായിച്ച്തുടങ്ങിയത് അതോടെ ഞാൻ പുണ്യകർമ്മങ്ങൾ ചെയ്യുന്ന എൻ്റെ ശീലത്തിന് ഒരു അർദ്ധ വിരാമമിട്ട് അവിടുന്ന് പെട്ടെന്ന് തടിതപ്പി.ശേഷം ഞാൻ നേരെ S1 ലക്ഷ്യമാക്കിയാണ് നീങ്ങിയത് കാരണം കൂട്ടത്തിൽ അധ്യാപകരെ കൂട്ടാതെ മറ്റൊരു ആൺതരിയുള്ളത് S1ലാണ്. സഹപാഠികൾ അവനെ “സൈദു “എന്ന് വിളിക്കാനാണ് താൽപര്യപ്പെടുന്നത്. അവിടെ ഞങ്ങൾ നാലഞ്ചു പേരുണ്ടായിരുന്നു. അവിടെ വെച്ചാണ് വടകരക്കാരൻ സുഹൃത്തിനെ പരിചയപ്പെടുന്നത്. അവന്റെ ഉപദേശനിർദേശങ്ങളിൽ അധികവും സൈദിന്റെ ഭാവിയെ മുൻ നിർത്തിയുള്ളതായിരുന്നു. അങ്ങനെ വിവിധങ്ങളായ ക്യാമ്പസ് വർത്തമാനങ്ങൾ പറഞ്ഞിരുന്നഞങ്ങൾ തുടർച്ചയായ യാത്രാ വിരസതയകറ്റാൻ പതിയെ അന്താക്ഷരിയിലേക്ക് നീങ്ങി. അപ്പോഴാണ് അവിടെ ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന പലരുടെയും ഉള്ളിലെ കലാകാരന്മാരും കലാകാരികളും നാണം മാറ്റി പുറത്ത് വരുന്നത്.അന്നാ യാത്രയിൽ വെച്ച് ജെന്നയും റഹിമയും പാടിയ പാട്ടുകൾ ഇന്നും ഇന്റെ മനസാന്തരങ്ങളിൽ തളം കെട്ടി നിൽക്കുന്നുണ്ട്.ഞാനൊരു മലയാളി അല്ലാത്തതുകൊണ്ടും മലയാള പാട്ടുകൾ അത്ര വശമില്ലാത്തതുകൊണ്ടും തോറ്റുനാറുന്നതിലും ഭേദം ഓടി രക്ഷപ്പെടുന്നതാണെന്ന് മനസ്സിലാക്കിയ ഞാൻ അടുത്ത സ്റ്റേഷനിൽ വണ്ടി നിർത്തിയപ്പോൾ മെല്ലെ അവരോട് യാത്ര പറഞ്ഞ് S1ൽ നിന്നിറങ്ങി S6ലേക്ക് ചെന്നു കയറി. അപ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നു.ഈ സമയത്തെ S6ലെ സഹയാത്രികരുടെ വ്യത്യസ്തവും വിഭിന്നവുമായ രൂപങ്ങളിലും ഭാവങ്ങളിലുമുള്ള ഉറക്കുകൾ എന്നെ ആശ്ചര്യപെടുത്തി. അതിൽ ചിലർ യർഭകാധ്യാനത്തിലാണെന്ന് തോന്നി മറ്റുചിലരാവട്ടെ ശ്വാന നിദ്രയിലായിരുന്നു. വേറെ കുറെ പേര് കാക്കദൃഷ്ടിയിലും. വൈവിദ്യങ്ങളുടെ ഇന്ത്യയിൽ ഉറക്കിലും ഇത്രയധികം വൈവിദ്യങ്ങളുണ്ടെന്ന കാര്യം ഞാൻ അപ്പോഴാണ് മനസിലാക്കിയത്. ഇത്രയധികം നിദ്രാവൈവിദ്യങ്ങളെ ഒരെ സമയം ഞാൻ നേരിൽ കാണുന്നതും ഇത് ആദ്യമാണ്.കുറച്ച് നേരം ഞാൻ ഇതൊക്കെ നീരിക്ഷിചെങ്കിലുംഅധികം വൈകിപ്പിക്കാതെ തന്നെ ഞാനും S6സിലെ എന്റെ മാടത്തിലേക്ക് കയറികിടന്ന് ഉറക്കത്തെ ക്ഷണിച്ചു വരുത്തി. നാസിഫ് നവാസ്