*കരിയർ വിങ്സ്*

പത്താം ക്ലാസ് പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് മലപ്പുറം ജില്ലാ പഞ്ചായത്തൊരുക്കുന്ന കരിയർ ഗൈഡൻസ് പദ്ധതി ഈ വർഷം പത്താം ക്ലാസ് പരീക്ഷ എഴുതിയ ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും അതത് സ്കൂളുകളിൽ കരിയർ ഗൈഡൻസ് ക്ലാസുകൾ നൽകുന്നു. പത്താം ക്ലാസ് കഴിഞ്ഞതിനുശേഷം ഉപരി പഠന മേഖലകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ബോധ്യപ്പെടുത്തുന്നതോടൊപ്പം ഭാവിയിലെ തൊഴിൽ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതിന് ഇപ്പൊഴേ വിദ്യാർഥികളെ സജ്ജമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. മലപ്പുറം സിജിഎസിയുടെ സഹകരണത്തോടെ നടത്തുന്ന ക്ലാസുകൾ മെയ് ആദ്യവാരം ആരംഭിക്കും. എസ്എസ്എൽസി റിസൾട്ട് വരുന്നതിനുമുമ്പ് എല്ലാ വിദ്യാർത്ഥികൾക്കും അതത് സ്കൂളുകളിൽ ക്ലാസുകൾ നൽകും. ക്ലാസ് എടുക്കുന്നവർക്കുള്ള പ്രത്യേക പരിശീലനം നൽകി കഴിഞ്ഞു. സ്കൂൾതലത്തിൽ പദ്ധതി ആസൂത്രണം ചെയ്യുന്നതിനായി മലപ്പുറം ജില്ലാ ആസൂത്രണ സെക്രട്ടറിയേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ഹൈസ്കൂൾ പ്രധാന അധ്യാപകരുടെയും പിടിഎ പ്രസിഡണ്ട് മാരുടെയും യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം കെ റഫീഖ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി ചെയർപേഴ്സൺ നസീബ അസീസ് അധ്യക്ഷത വഹിച്ചു. വികസന സ്ഥിര സമിതി അധ്യക്ഷ സെറീന ഹസീബ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി കെ സി അബ്ദുറഹ്മാൻ, വി കെ എം ഷാഫി, റൈഹാനത്ത് കുറുമാടൻ, സെലീന ടീച്ചർ, ടി പി എം ബഷീർ എന്നിവർ പങ്കെടുത്തു. വിജയഭേരി കോർഡിനേറ്റർ ടി.സലിം കരിയർ വിങ്സ് പദ്ധതി വിശദീകരിച്ചു. അടുത്തവർഷം സ്കൂളുകളിൽ ഏറ്റെടുക്കേണ്ട വിവിധ അക്കാദമിക പ്രവർത്തനങ്ങൾ ഡിഡിഇ രമേശ് കുമാർ അവതരിപ്പിച്ചു.

Comments are closed.