തിരികെ സ്‌കൂളിൽ: ജില്ലാതല ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു

.താനൂർകുടുംബശ്രീ സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുന്നതിനും പുതിയ കാലത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്തമാക്കുന്നതിനും വേണ്ടി വിദ്യാഭ്യാസ വകുപ്പിന്റെ ഭൗതിക സഹായത്തോടെ സംഘടിപ്പിക്കുന്ന ‘തിരികെ സ്‌കൂളിൽ’ ക്യാമ്പയിന്റെ ജില്ലതല ഉദ്ഘാടനം ഒഴൂർ സിപിപിഎച്ച്എം ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിച്ചു. ഒഴൂർ പഞ്ചായത്ത് പ്രസിഡന്റ് കെ യൂസഫ് അധ്യക്ഷനായി. വീടുകളിൽ അടയ്ക്കപ്പെട്ടവരെ പുറത്ത് കൊണ്ടുവരാൻ കുടുംബശ്രീക്ക് കഴിഞ്ഞിട്ടുണ്ട്. പുതിയ കാലത്തേക്ക് സഞ്ചരിക്കാൻ നമുക്കാവണമെന്നും അതിനു വേണ്ടിയാണ് തിരികെ സ്‌കൂൾ എന്ന പദ്ധതിക്ക് സർക്കാർ നേതൃത്വം നൽകുന്നതെന്നും മന്ത്രി പറഞ്ഞു. സ്ത്രീകൾ വിചാരിച്ചാൽ ഒട്ടേറെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് സർക്കാർ കരുതുന്നു. എല്ലാ മേഖലയിലും നേതൃത്വപരമായ പങ്കുവഹിക്കാൻ കഴിയുന്ന സ്ത്രീകളെ കൂടുതൽ മുന്നോട്ടു നയിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. ഒഴൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജ്ന പാലേരി മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലി. ഒഴൂർ പുലരി അയൽക്കൂട്ടാംഗം പാർവതിക്ക് സ്ലേറ്റും പെൻസിലും മന്ത്രി നൽകി. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ കെ രതീഷ്കുമാർ സംസാരിച്ചു. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ജാഫർ കെ കക്കൂത്ത് സ്വാഗതവും, ഒഴൂർ സിഡിഎസ് ചെയർപേഴ്സൺ എ പി ഗീത നന്ദിയും പറഞ്ഞു. ഒക്ടോബർ ഒന്ന് മുതൽ ഡിസംബർ പത്ത് വരെയുള്ള അവധി ദിവസങ്ങളിൽ സ്‌കൂളുകളിൽ വെച്ചാണ് ക്യാമ്പയിൻ നടത്തുന്നത്. സ്‌കൂൾ കാലഘട്ടത്തെ അനുസ്മരിക്കും വിധമാണ് കാമ്പയിൻ പ്രവർത്തനങ്ങൾ തയ്യാറാക്കിയിട്ടുള്ളത്.രാവിലെ തുടങ്ങി വൈകീട്ട് അവസാനിക്കുന്ന തരത്തിലാണ് ക്യാമ്പയിൻ. 50 മുതൽ 75 അയൽക്കൂട്ടങ്ങൾ വരെ ക്ലാസിൽ ഉൾപ്പെടുത്തും. കുടുംബശ്രീ അയൽക്കൂട്ട സംവിധാനത്തെ കൂടുതൽ ചലനാത്മകമാകാനും അയൽക്കൂട്ട അംഗങ്ങളിൽ കൂട്ടായ്മയും ഒത്തൊരുമയും ഊട്ടിയുറപ്പിക്കുക, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രധാന്യത്തെക്കുറിച്ചും സാമ്പത്തിക പ്രവർത്തനങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട വിഷയങ്ങളെകുറിച്ചും അവബോധം ഉണ്ടാക്കുക, സ്ത്രീപദവി ഉയർത്തുന്നതിനാവശ്യമായ കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. ഡിജിറ്റൽ പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തിയാണ് ക്ലാസുകൾ നൽകുക. സംഘശക്തി അനുഭവപാഠങ്ങൾ പാഠം, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, സംഘഗാനം, ജീവിത ഭദ്രത ഞങ്ങളുടെ സന്തോഷം, ഉപജീവനം ആശയങ്ങൾ, പദ്ധതികൾ എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പരിശീലനമാണ് അംഗങ്ങൾക്ക് ക്ലാസുകളിൽ നൽകുക.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇