ഏഷ്യാനെറ്റ് ന്യൂസിന് പുരസ്കാരത്തിളക്കം

2021ലെ സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഏഷ്യാനെറ്റ് ന്യൂസിന് അഭിമാന നിമിഷം. ഒരു ദൃശ്യ മാധ്യമത്തിന് ഏറ്റവും പ്രധാനപ്പെട്ട മൂന്ന് അവാർഡുകളും നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് മികച്ചതായത്.മികച്ച ദൃശ്യ മാധ്യമ പ്രവർത്തകൻ, മികച്ച ക്യാമറാമാൻ, മികച്ച എഡിറ്റർ തുടങ്ങി മൂന്ന് അവാർഡുകളാണ് ഏഷ്യാനെറ്റ് ന്യൂസ് സ്വന്തമാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് കോട്ടയം റിപ്പോർട്ടർ എസ്. ശ്യാംകുമാറാണ് മികച്ച ദൃശ്യ മാധ്യമ പ്രവർത്തകൻ. കോവിൻ ആപ്പിലെ സാങ്കേതിക പിഴവ് തുറന്നുകാട്ടിയ ‘കോവിൻ ഫ്രോഡ്’ എന്ന സ്‌റ്റോറിക്കാണു പുരസ്‌കാരം. കൊവിഡ് കാലത്ത് വാക്സീൻ വിതരണവുമായി ബന്ധപ്പെട്ട പിഴവുകൾ ചൂണ്ടിക്കാണിച്ച മികച്ച റിപ്പോർട്ടായിരുന്നു എസ്. ശ്യാംകുമാറിന്റേത്. വാക്സീന് വേണ്ടി ആളുകൾ നെട്ടോട്ടമോടുന്ന കാലത്തായിരുന്നു കൃത്യതയില്ലാതെ ആർക്കും മറ്റൊരാളുടെ വ്യക്തിഗത വിവരങ്ങളുപയോഗിച്ചും വാക്സീൻ രജിസ്റ്റർ ചെയ്യാൻ പറ്റിയത്. പലരെയും ബുദ്ധിമുട്ടിലാക്കിയ ഈ വാർത്തയ്ക്കാണ് ശ്യാംകുമാർ അവാർഡിന് അർഹനായത്.ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ കൃഷ്ണപ്രസാദ് ആർ.പി ക്കാണ് മികച്ച ടിവി ന്യൂസ് ക്യാമറയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. സത്രം ട്രൈബൽസ് എന്ന സ്റ്റോറിക്കു ദൃശ്യഭാഷയൊരുക്കിയതിനാണു പുരസ്‌കാരം. ഇടുക്കിയിലെ ആദിവാസികളുടെ ദുരവസ്ഥ എടുത്തു കാണിക്കുന്ന മികച്ച ദൃശ്യങ്ങളാണ് കൃഷ്ണപ്രസാദിനെ അവാർഡിനർഹനാക്കിയത്. നേരത്തെ സംസ്ഥാന സർക്കാരിന്റെ ടെലിവിഷൻ പുരസ്കാരത്തിലും കൃഷ്ണപ്രസാദ് മികച്ച ക്യാമറാമാനായി തെരത്തെടുക്കപ്പെട്ടിരുന്നു.ഏഷ്യാനെറ്റ് ന്യൂസിലെ കൊച്ചിയിലെ എഡിറ്റർ വി. വിജയകുമാർ മികച്ച ടിവി ന്യൂസ് എഡിറ്റിങ്ങിനുള്ള പുരസ്‌കാരവും നേടി. കക്കകളുടെ നിലനിൽപ്പും കക്ക വാരൽ തൊഴിലാളികളുടെ അതീജീവനവും വിഷയമാക്കി ഏഷ്യാനെറ്റ് ന്യൂസിൽ സംപ്രേഷണം ചെയ്ത സ്റ്റോറി എഡിറ്റ് ചെയ്തതിനാണു പുരസ്‌കാരം. കായലിന്റെ ആഴങ്ങളിലേക്കിറങ്ങി ചെന്ന് കക്ക വാരുന്ന തൊഴിലാളി, പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞ് കായലിൽ നിന്ന് കക്ക പോലും കിട്ടാതായ തൊഴിലാളിയുടെ നിസ്സഹായത ഒക്കെ വെളിവാക്കുന്ന മികച്ച ദൃശ്യങ്ങളെ ഏറ്റവും മികച്ചതും, പൂർണത ഒട്ടും ചോർന്നുപോകാതെ കൂട്ടിച്ചേർത്തതിനുമാണ് വിജയന് അവാർഡ് ലഭിച്ചത്.പുരസ്‌കാരങ്ങൾ ഫെബ്രുവരി 28നു വൈകിട്ട് 5.30നു തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും. ഡോ. മീന ടി. പിള്ള, കെ. മനോജ് കുമാർ, ടി.എം. ഹർഷൻ എന്നിവരടങ്ങിയ ജൂറിയാണു ദൃശ്യമാധ്യമ പുരസ്‌കാരങ്ങൾ നിർണയിച്ചത്.

Comments are closed.