*അരിക്കൊമ്പൻ കുമളിയിലെ ജനവാസമേഖലയ്ക്ക് അടുത്തെത്തി; ആകാശത്തേക്ക് വെടിയുതിർത്ത് കാട്ടിലേക്ക് തന്നെ തുരത്തി -*

കുമളി: ചിന്നക്കനാലിൽ നിന്നു പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട അരിക്കൊമ്പൻ കുമളിയിൽ തന്നെ തിരിച്ചെത്തി. ജനവാസ മേഖലയ്ക്ക് നൂറ് മീറ്റർ അടുത്ത് വരെയെത്തിയ കൊമ്പനെ കാട്ടിലേക്ക് തന്നെ തുരത്തി. കുമളി റോസപ്പൂക്കണ്ടം ഭാഗത്താണ് അരിക്കൊമ്പന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇന്നലെ രാത്രി പതിനൊന്നു മണിക്കു ശേഷമാണ് അരിക്കൊമ്പനെ ഇവിടെ കണ്ടത്. ആനയുടെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് വഴിയാണ് ആനയുടെ നീക്കം വനംവകുപ്പ് നിരീക്ഷിക്കുന്നത്. ആകാശത്തേയ്ക്ക് വെടിയുതിർത്ത് ശബ്ദം ഉണ്ടാക്കിയാണ് ആനയെ കാട്ടിലേക്ക് തന്നെ തുരത്തിയത്.എന്നാൽ എത്ര ദൂരത്തോളം ആന പോയി എന്നത് വ്യക്തമല്ല. സ്ഥലം മനസ്സിലാക്കിയതിനാൽ അരിക്കൊമ്പൻ ഇനിയും ഇവിടെക്ക് വരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. അതിനാൽ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് ശക്തമാക്കിയതായി വനംവകുപ്പ് അറിയിച്ചു.കഴിഞ്ഞദിവസം ആകാശദൂരം കുമളിയിൽ നിന്ന് ആറുകിലോമീറ്റർ അകലെ വരെ എത്തിയ അരിക്കൊമ്പൻ, ചിന്നക്കനാലിൽ നിന്ന് പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ ഇറക്കിവിട്ട മേദകാനം ഭാഗത്തേയ്ക്ക് തന്നെ മടങ്ങിയിരുന്നു. എന്നാൽ വീണ്ടും ജനവാസ മേഖലയ്ക്ക് അരികിൽ അരിക്കൊമ്പൻ എത്തിയത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.ഏഴുദിവസം മുമ്പാണ് ആന തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിന്റെ വനമേഖലയിൽ പ്രവേശിച്ചത്. അരിക്കൊമ്പനെ തുറന്നുവിട്ട പെരിയാർ വന്യജീവി സങ്കേതത്തിൽ നിന്ന് തമിഴ്‌നാട്ടിലെ മേഘമല വരെ പോയ ശേഷമായിരുന്നു കാട്ടാനയുടെ മടക്കം.വനപാലകർക്കുവേണ്ടി നിർമിച്ച ഷെഡ് ഞായറാഴ്ച അരിക്കൊമ്പൻ തകർത്തിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാർ അരിക്കൊമ്പനെ കണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.അരിക്കൊമ്പന്റെ ആക്രമണം ഭയന്ന് മേഘമലയിൽ വിനോദസഞ്ചാരികൾക്ക് തമിഴ്‌നാട് വനം വകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ആന പെരിയാർ വന്യജീവി സങ്കേതത്തിലേക്കു മാറിയിട്ട് ദിവസങ്ങൾ കഴിഞ്ഞെങ്കിലും ഇനിയും മടങ്ങിവരാനുള്ള സാധ്യത തമിഴ്‌നാട് തള്ളിക്കളയുന്നില്ല. അതിനാൽ നിരീക്ഷണത്തിനായി നിയോഗിച്ചിരിക്കുന്ന സംഘങ്ങളോട് അവിടെ തുടരാനാണു നിർദേശിച്ചിരിക്കുന്നത്.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇