‘ഒരു പശുവിന് ദിവസം 40 രൂപ വച്ച്’: ഗുജറാത്തില്‍ ആംആദ്മി പാര്‍ട്ടിയുടെ വാഗ്ദാനം
അഹമ്മദാബാദ്: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഗോ പരിപാലനം സംബന്ധിച്ച് വലിയ വാഗ്ദാനവുമായി ആംആദ്മി പാര്‍ട്ടി കണ്‍വീനറും, ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഞായറാഴ്ച രാജ്കോട്ടില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ ഓരോ പശുവിന്‍റെയും സംരക്ഷണത്തിനായി പ്രതിദിനം 40 രൂപ നൽകുമെന്ന് കെജ്രിവാള്‍ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ അലഞ്ഞുതിരിയുന്ന പശുക്കളുടെ വിഷയത്തിൽ സംസാരിച്ച അദ്ദേഹം സംസ്ഥാനത്തെ ഓരോ ജില്ലയിലും ഇത്തരത്തിലുള്ള കന്നുകാലികള്‍ക്കായി സംരക്ഷണ കേന്ദ്രങ്ങള്‍ നിർമിക്കുമെന്നും വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.’ദില്ലിയില്‍ ഓരോ പശുവിന്റെയും പരിപാലനത്തിനായി ഞങ്ങൾ പ്രതിദിനം 40 രൂപ നൽകുന്നുണ്ട്. ദില്ലി സർക്കാർ 20 രൂപയും നഗർ നിഗം 20 രൂപയും നൽകുന്നു. ഗുജറാത്തിൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, ഒരു പശുവിന്‍റെ പരിപാലനത്തിനായി ഞങ്ങൾ പ്രതിദിനം 40 രൂപ നൽകും. അലഞ്ഞുതിരിയുന്ന പശുക്കളെയും പാലുത്പാദനം നിർത്തിയ പശുക്കളെയും സംരക്ഷിക്കാന്‍ ഓരോ ജില്ലയിലും ഞങ്ങൾ സംരക്ഷണകേന്ദ്രങ്ങള്‍ നിർമ്മിക്കും’, ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കെജ്രിവാള്‍ മറുപടി നല്‍കി.