fbpx

എ.ആർ.നഗർ സഹകരണ ബാങ്ക്: മുഴുവൻ സർവ്വീസ് സഹകരണ ബാങ്കുകളിലും സമഗ്രാന്വേഷണം വേണം : പ്രൊഫ. എ.പി. അബ്ദുൽ വഹാബ്.

തിരൂരങ്ങാടി: എ.ആർ.നഗർ സഹകരണ ബാങ്കിൽ വൻതോതിൽ സാമ്പത്തിക ക്രമക്കേടുകൾ ഉണ്ടായ സാഹചര്യത്തിൽ മുഴുവൻ സർവ്വീസ് സഹകരണ ബാങ്കുകളിലും സമഗ്രാന്വേഷണം നടത്തണമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുൽ വഹാബ്. സഹകരണ ബാങ്കുകൾ വൻതോതിൽ സാമ്പത്തിക ക്രമക്കേടുകൾ നടത്തുന്നുണ്ട് എന്ന സംശയത്തിന്റെ തെളിവാണ് കേരളബാങ്ക് എന്ന ആശയത്തിൽ നിന്നും മലപ്പുറം ജില്ലയിലെ സഹകരണ ബാങ്കുകൾ മുഖം തിരിച്ചത്. കുത്തക മുതലാളിമാർക്കും അനധികൃത പണമിടപാടുകാർക്കും സാമ്പത്തിക ക്രമക്കേടുകൾ നടത്താനുള്ള ഇടമല്ല സർവ്വീസ് സഹകരണ ബാങ്കുകളിലെന്നും അദ്ദേഹം പറഞ്ഞു.
എ.ആർ.നഗർ സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതിയിൽ സമഗ്രാന്വേഷണം നടത്തനാമെന്നാവശ്യപ്പെട്ട് സി.പി.എം.എ.ആർ നഗർ ലോക്കൽ കമ്മിറ്റിക്ക് കീഴിൽ കുന്നത്ത് ബ്രാഞ്ച് സംഘടിപ്പിച്ച റിലേ സമരത്തിന്റെ ഒമ്പതാം ദിവസത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.ആർ.നഗർ സർവ്വീസ് സഹകരണ ബാങ്കിലെ അഴിമതിയിൽ സമഗ്രാന്വേഷണം നടത്തുക, മുഴുവൻ കള്ളപ്പണ നിക്ഷേപവും കണ്ടു കെട്ടുക, കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുക, ബാങ്ക് ഭരണസമിതി പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി.പി.എം.എ.ആർ നഗർ ലോക്കൽ കമ്മിറ്റിക്ക് കീഴിൽ കുന്നത്ത് ബ്രാഞ്ച് റിലേ സമരം സംഘടിപ്പിച്ചത്. ഒമ്പത് ദിവസമായി തുടരുന്ന സമരം ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി പി വി. വാഹിദ് ഉദ്ഘാടനം ചെയ്തു. എം.വി. ദാസൻ അദ്ധ്യക്ഷത വഹിച്ചു.കെ.പി.മനോജ് മാസ്റ്റർ, അഹമ്മദ് പാറമ്മൽ, ഇ. വാസു, സി.പി. സലീം, ഇബ്രാഹിം മൂഴിക്കൽ, കെ. സുനിൽ, കെ. അജ്ഞലി കൃഷ്ണ എന്നിവർ സംസാരിച്ചു.