fbpx

ഐഷ സുല്‍ത്താനയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

കൊച്ചി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകയും ലക്ഷദ്വീപ് സ്വദേശിയുമായ ഐഷ സുല്‍ത്താനയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് അശോക് മേനോനാണ് ഹര്‍ജി പരിഗണിച്ച്‌ ജാമ്യം അനുവദിച്ചത്.രാജ്യദ്രോഹ കുറ്റം പ്രഥമ ദൃഷ്ട്യാ നിലനില്‍ക്കുന്നില്ലന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാമര്‍ശം സമൂഹത്തില്‍ സംഘര്‍ഷത്തിന് വഴിവെച്ചതായി കാണുന്നില്ലന്നും കോടതി വ്യക്തമാക്കി.ലക്ഷദ്വീപിലെ ഭരണപരിഷ്ക്കാരങ്ങളെ കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയിലെ പരാമര്‍ശം വിവാദമാക്കി ബിജെപി ലക്ഷദ്വീപ് ഘടകം നല്‍കിയ പരാതിയിലാണ് ആയിഷ സുല്‍ത്താനയ്ക്കെതിരെ കവരത്തി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തത്. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം തേടി അയിഷ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

പരാതിയില്‍ ജൂണ്‍ 17ന് താല്‍ക്കാലിക ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്നും അറസ്റ്റിന് ശേഷം വിണ്ടു ചോദ്യം ചെയ്യണമെങ്കില്‍ അഭിഭാഷകന്റെ സാന്നിദ്ധ്യം അനുവദിക്കണമെന്നും അന്ന് വ്യവസ്ഥചെയതിരുന്നു.തുടര്‍ന്ന് ചോദ്യം ചെയ്യലിനായി അയിഷ കവരത്തിയിലെത്തി.
സംഭവത്തില്‍ കവരത്തി പൊലീസ് ഐഷയെ ഇതുവരെ മൂന്നു തവണ ചോദ്യം ചെയ്തു. കഴിഞ്ഞ ഞായര്‍, ബുധന്‍, വ്യാഴം ദിവസങ്ങളിലായാണ് ചോദ്യം ചെയ്തത്. മൂന്ന് ദിവസങ്ങളിലായി പത്ത് മണിക്കൂറിലധികം സമയം ഐഷയെ ചോദ്യം ചെയ്തു.

“എല്ലാം കഴിഞ്ഞു. എനിക്ക് കൊച്ചിയിലേക്ക് മടങ്ങാമെന്ന് പറഞ്ഞു”, ഇന്ന് അല്ലെങ്കില്‍ നാളെ താന്‍ കൊച്ചിയില്‍ എത്തുമെന്ന് ചോദ്യം ചെയ്യലിനുശേഷം ഐഷ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.