*എ ഐ ക്യാമറ ;ഈ മാസം 20 മുതൽ പിഴ ചുമത്തിയേക്കില്ല

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് കൊട്ടിഘോഷിച്ച്‌ നടപ്പാക്കിയ എ.ഐ ക്യാമറ വിവാദമായതിന് പിന്നാലെ, പിഴ ഉടന്‍ ഈടാക്കേണ്ടതില്ലെന്ന് നിര്‍ദേശം.നേരത്തെ ഈ മാസം 20 മുതല്‍ പിഴ ഈടാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, പദ്ധതി നടപ്പാക്കുന്ന കെല്‍ട്രോണും മോട്ടോര്‍ വാഹനവകുപ്പും തമ്മില്‍ അന്തിമ ധാരണ പത്രം തയാറാക്കാത്ത സാഹചര്യത്തിലാണ് പിഴ ഈടാക്കാനുള്ള തീരുമാനം വൈകിപ്പിക്കുന്നത്. പരിപാലനച്ചിലവ് സംബന്ധിച്ച്‌ ഒത്തുതീര്‍പ്പിലെത്താത്തതാണ് ധാരണപത്രം വൈകാന്‍ ഇടയാക്കുന്നത്. കാമറയുടെ ഉദ്ഘാടനം കഴിഞ്ഞ മാസം 20ന് നടന്നെങ്കിലും ഈ മാസം 19 വരെ പിഴ ഈടാക്കാതെ മുന്നറിയിപ്പ് നല്‍കാന്‍ മാത്രം നടപടി എടുക്കുമെന്നായിരുന്നു സര്‍ക്കാര്‍ അറിയിച്ചത്. എന്നാല്‍, മുന്നറിയിപ്പ് നോട്ടീസ് വാഹന ഉടമകള്‍ക്ക് അയക്കുന്നതിന്റെ തപാല്‍ ചിലവ് ആര് വഹിക്കുമെന്നതിനെ ചൊല്ലി കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തമ്മില്‍ തര്‍ക്കമായതോടെ നോട്ടീസ് അയക്കുന്നത് പോലും നടപ്പാക്കാനായിട്ടില്ല. അതിനിടെ കാമറകളുടെ കാര്യക്ഷമത, പിഴവ് സാധ്യത എന്നിവയെ കുറിച്ച്‌ മോട്ടോര്‍ വാഹന വകുപ്പ് കൈമലര്‍ത്തുകയാണ്. സാങ്കേതിക കാര്യങ്ങള്‍ പരിശോധിച്ച്‌ ഉറപ്പുവരുത്താതെയാണ് കാമറ പദ്ധതി നടപ്പാക്കിയത്. ഒരു റോഡിലൂടെ ഒരേ സമയം പത്തോളം വാഹനങ്ങള്‍ നിയമം ലംഘിച്ചെത്തിയാല്‍ കാമറ എത്ര കുറ്റം പിടികൂടുമെന്ന് ഇനിയും മോട്ടോര്‍ വാഹനവകുപ്പിനറിയില്ല. പരിശോധിച്ചിട്ടില്ലെന്നാണ് മറുപടി. നിര്‍മാതാക്കള്‍ നല്‍കിയ വിശദ കുറിപ്പിലും കാമറകളുടെ കാര്യക്ഷമത എത്രയെന്നില്ല. കറുത്ത സീറ്റില്‍ കറുത്ത കുപ്പായമിട്ടയാള്‍ സീറ്റ് ബെല്‍റ്റ് ധരിച്ചോ ഇല്ലയോ എന്ന് എങ്ങനെ കണ്ടെത്തുമെന്നതിലെ ആശയക്കുഴപ്പം ഉദാഹരണം. കാര്യക്ഷമത കണ്ടെത്താന്‍ മോട്ടോര്‍ വാഹനവകുപ്പ് ചെയ്തതും അശാസ്ത്രീയ സമീപനം. കണ്‍ട്രോള്‍ റൂമില്‍ രണ്ടോ മൂന്നോ ഉദ്യോഗസ്ഥരെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ നിയോഗിക്കുകയായിരുന്നു. ലൗഡ് സ്പീക്കര്‍ ഓണ്‍ ആക്കിയോ കാറിലെ സ്പീക്കര്‍ വഴി ബന്ധിപ്പിച്ചോ മൊബൈല്‍ ഫോണില്‍ സംസാരിച്ചാല്‍ എങ്ങനെ പിടികൂടുമെന്നതിലും അവ്യക്തതയേറെ. ഫോണ്‍ കൈയില്‍ പിടിച്ച്‌ സംസാരിക്കുന്നത് മാത്രമേ കാമറ തിരിച്ചറിയൂ. സംസാരിക്കാനല്ലാതെ ഫോണ്‍ കൈയിലെടുത്താല്‍ കാമറ പിടികൂടുമോ എന്നതിലും മോട്ടോര്‍ വാഹനവകുപ്പിന് ഉത്തരമില്ല. ഉദ്യോഗസ്ഥരുടെ സാന്നിധ്യം ആവശ്യമില്ലാതെ തന്നെ ഗതാഗത ലംഘനങ്ങളെല്ലാം പിടികൂടി കണ്‍ട്രോള്‍ റൂമില്‍ എത്തിക്കുമെന്നതാണ് പുതിയ ട്രാഫിക് എഫോഴ്സ്മെന്‍റ് സംവിധാനത്തിന്‍റെ പ്രത്യേകതയായി മോട്ടോര്‍ വാഹനവകുപ്പ് അവകാശപ്പെട്ടിരുന്നത്. ഇപ്പോള്‍ അവകാശവാദം വിഴുങ്ങിയെന്നു മാത്രമല്ല, പൊലീസ് കണ്‍ട്രോള്‍ റൂം മാതൃകയില്‍ ഉദ്യോഗസ്ഥരെ നിയമിച്ചാണ് കുറ്റങ്ങള്‍ കണ്ടെത്തി മാന്വലായി കമ്ബ്യൂട്ടറിലേക്ക് നല്‍കി ചെലാന്‍ തയാറാക്കുന്നത്. നമ്ബര്‍ പ്ലേറ്റ് തിരിച്ചറിഞ്ഞ് വാഹന വിവരങ്ങളിലേക്ക് കടക്കാന്‍ സാധിക്കുന്ന ‘ഓട്ടോമാറ്റിക് നമ്ബര്‍ പ്ലേറ്റ് റെകഗ്നിഷന്‍ കാമറ പ്രൊസസര്‍’ മാത്രമാണ് പദ്ധതിയില്‍ നിര്‍മിത ബുദ്ധി എന്ന് അവകാശപ്പെടാനാകുന്നത്. ഈ സൗകര്യമാകട്ടെ, നടപ്പാക്കിയിട്ടുമില്ല. 726 കാമറകളില്‍ 675 ഉം ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും പിടികൂടാനാണ്. 25 എണ്ണം നോ പാര്‍ക്കിങ് മേഖലയില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവരെ കണ്ടെത്താനും. സിഗ്നല്‍ ലംഘനത്തിന് 18 എണ്ണമാണുള്ളത്. അമിതവേഗം പിടികൂടാന്‍ വാഹനത്തില്‍ ഘടിപ്പിച്ചവയടക്കം എട്ടെണ്ണവും. കാമറകളുടെ കാര്യക്ഷമത വിശദീകരിക്കാത്തതിനാല്‍ മറ്റ് എ.ഐ ക്യാമറകളുമായി താരതമ്യം ചെയ്യാനും കഴിയുന്നില്ല. 98 ശതമാനം കൃത്യതയുള്ള കാമറയും പ്രൊസസറുമടക്കം 60,000 -75,000 രൂപക്ക് വിപണിയിലുണ്ട്. കെല്‍ട്രോണ്‍ നടപ്പാക്കിയതാകട്ടെ മൂന്നു ലക്ഷം രൂപയുടേതാണ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇