fbpx

ഭർത്താവിന്‍റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മലപ്പുറം: മലപ്പുറം പാണ്ടിക്കാട് ഭർത്താവിന്‍റെ ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളിയിലെ മമ്പാടൻ മൊയ്തീന്‍റെ മകൾ അഷ്‌ന ഷെറിൻ ആണ് മരിച്ചത്. നവംബർ അഞ്ചിനാണ് അഷ്‌ന ഷെറിനെ ഭർത്താവ് ചോക്കാട് കൂരാട് സ്വദേശി ഷാനവാസ് ആക്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം .കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുടുംബവഴക്കിനെ തുടർന്ന് ഇരുവരും പിരിഞ്ഞു താമസിക്കുകയായിരുന്നു. അഷ്നയുടെ വീട്ടിൽ അതിക്രമിച്ചു കയറിയായിരുന്നു പ്രതിയുടെ ആക്രമണം. ഓടുപൊളിച്ചാണ് ഷാനവാസ് വീടിനകത്ത് കയറിയത്. ശബ്ദം കേട്ട് അഷ്നയുടെ പിതാവ് പുറത്തിറങ്ങിയ സമയത്ത് ഷാനവാസ് വീടിന്‍റെ മേൽക്കൂരയിൽ നിൽക്കുന്നതാണ് കണ്ടത്. പിന്നീട് താഴെയിറങ്ങിയ ഷാനവാസ് വാതിൽ അകത്ത് നിന്ന് പൂട്ടുകയായിരുന്നു. അഷ്ന ആക്രമണം ചെറുക്കുന്നതിനിടെ ഷാനവാസിനും പൊള്ളലേറ്റിരുന്നു.