_*_*ഉറക്കം കെടുത്തിയ വടാപ്പൻ അനുഭവങ്ങളിലൂടെ…*_ EP-3 🖋️ * നാസിഫ് നവാസ്

*വടാപ്പാ… വടാപ്പാ… വടാപ്പാ…..എന്ന പേടിപ്പെടുത്തുന്ന ശബ്ദം കേട്ട് ഞെട്ടിയുണർന്ന ഞാൻ കണികണ്ടത് വടാപ്പയുടെ പിറകിൽ പോകുന്ന തടിച്ച് കൊഴുത്ത ഒരു ചായ വിൽപ്പനക്കാരൻ ഭായിയെയാണ്.ഉടനടി അറിയാവുന്ന ഹിന്ദി വെച്ച് ഒപ്പിച്ച് ഒരു മസാലാചായ ഓഡർ ചെയ്തു.സാധാരണ ബ്രഷ് ചെയ്ത ശേഷം ചായ കുടിക്കുന്ന എന്റെ ശീലം കുറച്ച് നാളത്തെക്ക് ഞാൻ ചുരുട്ടിയെടുത്ത് ബാഗിലിട്ടു. പിന്നീടണ്ടങ്ങോട്ടുള്ള ദിവസം മാറി ചിന്തിച്ച് മാറ്റം സൃഷ്ടിക്കാൻ വേണ്ടി ഞാൻ ചായ കുടിച്ച ശേഷം പല്ലുതേക്കൽ ശീലമാക്കി.കണി കണ്ട ഭായിയിൽ നിന്ന് വാങ്ങിയ ചൂടുള്ള ചായ അകത്താകിയ ശേഷം S1ലെ മാടത്ത് നിന്ന് ബ്രഷും പേസ്റ്റുമായി ഇറങ്ങി വാഷ് റൂമിലേക്ക് നടക്കാൻ നോക്കുമ്പോഴാണ് വാഷ്റൂം വാതിൽക്കൽ വരെ യുദ്ധമവസാനിച്ച യുദ്ധഭൂമിയിൽ വീരമ്യതു വരിച്ച് കിടക്കുന്ന ധീര ജവാൻ മാരെ പോലെ ഉറക്കിന്റെ ലഹരിയിൽ അടരാടി വീണ ധീര യോദ്ധാകളെ കാണുന്നത്.അവരെ ഉണർത്താതെ എവിടെയൊക്കെയോ അള്ളിപ്പിടിച്ച് ഞാൻ ഏങ്ങനെയോ വാഷ്റൂമിന്റെ വാതിൽ വരെ എത്തി.വാഷ്റൂമിന്റെ അകത്തളം ഏങ്ങനെയിരിക്കും എന്ന ആകാംശയോടെ പതിയെ കതക് തുറന്നപ്പോഴാണ് ഉത്തരേന്ത്യൻ വൃത്തിയുടെ തനതായ രൂപ ഭാവങ്ങൾ എന്റെ നയനങ്ങളെ വൃത്തിഹീനമാക്കിയത്.ഉടനടി വാതിലടച്ച് പൂട്ടി വൃത്തിയുള്ള വാഷ്റൂം തപ്പിയുള്ള പാച്ചിൽ മത്സരമാരഭിച്ചു.ഈ പാച്ചിലിനിടെ എനിക്ക് ഓർമ്മ വന്നത് ഞങ്ങൾ ഈ ട്രിപ്പ് പ്ലാൻ ചെയ്യുന്ന സമയത്ത് സഹപാഠി മുഫീദക്ക് ട്രൈനിലെ ബാത്ത്റൂം കാണാനുണ്ടായ കൗതുകത്തിന് ഗൂഗിളിന്റെ സഹായത്തോട് ഒരു പരിഹാരം കണ്ടെത്തി കൊടുത്തതാണ്.ആ ഓട്ടപാച്ചിൽ ചെന്നവസാനിച്ചത് മൂന്ന് കമ്പാർട്ട്മെന്റുകൾക്കപ്പുറമുള്ള ഒരു തിരക്ക് കുറഞ്ഞ ബോഗിയിലായിരുന്നു. അവിടെ ഒരു വാഷ്റൂമിൽ നിന്ന് പല്ല് തേക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം ഒരു ചായ കൂടി വാങ്ങിയ ഞാൻ അതുമായി വാതിലിനരികിൽ അഭയം പ്രാപിച്ചു. ഈ സമയം വണ്ടി മഹാരാഷ്ട്രയുടെ ഗ്രാമ ചതുര്യങ്ങളുടെ മനോഹാരിതയിലൂടെ അതിദ്രുതഗതിയിൽ കുതിക്കുകയായിരുന്നു.ഇങ്ങനെ ഇരിക്കുമ്പോൾ ഇടക്കിടെ എന്റെ ഉറക്കം കെടുത്തിയ ആ ഭീകര ശബ്ദം അങ്ങോട്ടുമിങ്ങോട്ടും ട്രെയിനിലൂടെ ഇങ്ങനെ പായുന്നുണ്ടായിരുന്നു.വടാപ്പാ എന്നാൽ മഹാരാട്രയുടെ ദേശീയ ഭക്ഷണമാണ്. നമ്മുടെ നാട്ടിൽ ഉഴുന്നുവട,പഴം പൊരി എന്നിവ പോലെ ഇവിടുത്തെ ജനങ്ങൾ പ്രഭാത പ്രദോഷ വ്യത്യാസമില്ലാതെ കഴിക്കുന്ന ഭക്ഷണമാണ് വടാപ്പാ.ചതുരാകൃതിയിലുള്ള ബണിന്റെ അകത്ത് ഉരുളക്കിഴങ്ങ് കൊണ്ടുള്ള ഗ്രേവി വെച്ചതാണ് വിഭവം. പേരിലെയും രൂപത്തിലെയും കൗതുകം എന്നെയും ഒരെണം വാങ്ങി കഴിക്കാൻ പ്രരിപ്പിച്ചു.ട്രെയിൻ മഹാരാഷ്ട്രയിലെ അത്രയൊന്നും ജനത്തിരക്കില്ലാത്ത ഒരു ഉൾനാടൻ സ്റ്റേഷനിൽ നിർത്തിയപ്പോൾ ഞാൻ ആ അപരിചിതമായ കമ്പാർട്ട്മെന്റിൽ നിന്നറങ്ങി ഞങ്ങളുടെ തറവാട്ടു വീടാക്കിയ S6ലേക്ക് ചെന്നു കയറി. അവിടെ വെച്ചിരുന്ന എന്റെ ബാഗ് സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തിയ ഞാൻ ബ്രഷും പേസ്റ്റും ബാഗിലെ ഒരു ചെറിയ അറയിലിട്ട് സിബ് പൂട്ടി സഹപാഠികളെയും തേടിയിറങ്ങി.അപ്പോഴെക്കും എല്ലാ ബോഗികളിലും സുഹൃത്തുക്കൾ പതിവ് കലാപരിപാടികൾ ആരംഭിച്ചിരുന്നു.എല്ലാവരും പ്രാതൽ കഴിക്കുന്ന തിരക്കിലാണ്. എന്നെ കണ്ടയുടനെ ഞങ്ങളുടെ ബോഗിയുടെ തൊട്ടപ്പുറത്തെ ബോഗിയിലുണ്ടായിരുന്ന സാന്ദ്രയുടെയും സജ്ന,മാളു തുടങ്ങിയവരുടെയും നേതൃത്വത്തിലുള്ള റീൽസ് ടീം എന്നെ ക്ഷണിച്ചിരുത്തി ഒരു പാത്രത്തിൽ പൊറാട്ടയും നല്ല നാടൻ ചിക്കൻ കറിയും കൂടെ രണ്ട് മൂന്ന് പീസ് ചിക്കൻ ഫ്രൈയുമൊക്കെ തന്നു.സന്തോഷത്തോടെ അത് വാങ്ങി കഴിച്ച ഞാൻ അതികം താമസിപ്പിക്കാതെ അടുത്ത കമ്പാർട്ട്മെന്റിലെ പ്രാതൽ എന്താണെന്നറിയാനുള്ള ജിജ്ഞാസയോടെ അങ്ങോട്ട് നടന്നു.ഹിസാനയുടെയും റഹിയയുടെയും നിയന്ത്രണത്തിലായിരുന്നുതൊട്ടടുത്ത കമ്പാർട്ട്മെൻറ് ആ കമ്പാർട്ട്മെന്റിലേക്ക് ഞാൻ എത്തേണ്ട താമസം സ്നേഹ സമ്പന്നകളായ ഈ സഹപാഠികൾ അവർ കഴിച്ച് കൊണ്ടിരിക്കുന്ന ഭക്ഷണ പാത്രങ്ങൾ എന്നിലേക്ക് നീട്ടി അവരുടെ ആ സ്നേഹ സമ്പന്നതക്ക് മുന്നിൽ ഞാൻ മതിമറന്ന് ഭക്ഷിച്ച്പോയി .ഇനിയങ്ങോട്ടുള്ള നടത്തം അത്ര ഉചിതമല്ലെന്ന് മനസിലാക്കിയ ഞാൻ എന്റെ ആ സവാരിക്ക് അവിടെ ഫുൾസ്‌റ്റോപിട്ടു.കാരണം ഇനിയങ്ങോട്ടുള്ള ബോഗികളിലാണ് അവശേഷിക്കുന്ന സ്നേഹിതരിൽ സിംഹഭാഗവും അവരെല്ലാവരുടെയുംസ്നേഹ സൽക്കാരങ്ങൾക്ക് വഴങ്ങി ഇങ്ങനെ വാങ്ങി കഴിച്ചാൽ അത് തുടർന്നുളള യാത്രയെ പ്രതികൂലമായി ബാധിക്കുമെന്ന ഉത്തമബോധ്യം എനിക്കുണ്ടായിരുന്നു.അങ്ങനെ അവിടെ ഇരിപ്പിട മുറപ്പിച്ച് ഇവരുടെ വിവരങ്ങൾ അനേഷിക്കുമ്പോഴാണ് ഞങ്ങളുടെ പ്രിയ എച്ച്.ഓ.ഡി സലീന മിസ്സിന്റെയും അറബിക് വിഭാഗം അസിസ്റ്റന്റ് പ്രോഫസറുമായ ജുബ്നാസ് മിസ്സിന്റെയും കടന്ന് വരവ്. മിസ്സിന്റെ ബോഗിയിലാണ് പെൺകുട്ടികൾ കൂടുതൽ എന്നുള്ളത് കൊണ്ട് മിസ്സ് അധിക സമയവും അവർക്ക് വേണ്ടി അവിടെ തന്നെ ചിലവഴിക്കാറാണ് പതിവ്. എങ്കിലും ദിവസവും മൂന്ന് വട്ടമെങ്കിലും ചുരുങ്ങിയത് മിസ്സ് എല്ലാവരുടെയുമടുക്കൽ വന്ന് കുശലാന്വേഷണങ്ങൾ നടത്തിയിരുന്നു.അങ്ങനെ ഇവരും വന്ന് ഞങ്ങളുടെ അടുത്തുള്ള സീറ്റുകളിൽ സ്ഥാനമുറപ്പിച്ചു. ഇവരെ കണ്ടയുടൻ അടുത്ത ബോഗികളിലെ സഹപാഠികളും കൂടെക്കൂടി.അങ്ങനെ ഇരിക്കുമ്പോഴുണ്ടായ ഒരു രസകരമായ ഓർമ്മയാണ് ഞാനിപ്പോൾ അയവിറക്കാൻ ശ്രമിക്കുന്നത്.ഉറങ്ങാൻ സീറ്റില്ലായിമ വല്ലതുമുണ്ടോ എന്ന് മിസ്സ് അന്വേഷിച്ചപ്പോൾ ഞാൻ ഒരു തമാശ രൂപേണ അതിനെന്താ ഇല്ലെങ്കിൽ ഈ സീറ്റുകൾക്കിടയിൽ നിലത്ത് വിരിച്ച് കിടക്കാമല്ലോ എന്ന ഡയലോഗ് അങ്ങോട്ട് കാച്ചിവിട്ടത്. ഇത് കേൾക്കേണ്ട താമസം മിസ്സ് അക്ഷയിയെയും റാഷിയെയും അനസിനെയും വെച്ച് എന്നെ വേട്ടയാടാൻ തുനിയുകയായി പിന്നെ.തമാശ രൂപത്തിലുള്ള മിസ്സിന്റെ ആ സംസാരം എന്നിൽ അല്പം കൗതുകവും തമാശയും പടർത്തുന്നുണ്ട്.ഇങ്ങനെ രസകരമായ ചില സംഭാഷണങ്ങളിൽ മുഴുകിയിരിക്കുമ്പോഴാണ് എൻറെ സഹയാത്രികരിൽ മർമ്മപ്രധാനിയും അധ്യാപകനുമായ ശരവണൻ സാറിന്റെ വരവ്സംസാരത്തിൽ സാറും ഭാഗവാക്കായപ്പോൾ പിന്നെ ലെവലങ്ങ് മാറി.കോളേജിനകത്തെ ആ ഒരു അക്കാദമിക് ശൈലിയിൽ നിന്നും മാറി ഒരു സുഹൃത്ത് ബന്ധത്തിലായി പിന്നെ സംസാരങ്ങൾ. അപ്പോഴാണ് പെട്ടെന്ന് സെലീന മിസ്റ്റ് ഒരു വാട്സപ്പ് മെസ്സേജ് വായിച്ചത്.മറ്റൊന്നുമല്ല മൂന്നാം സെമസ്റ്റർ റിസൾട്ട് പബ്ലിഷ് ചെയ്തുവെന്ന യൂണിവേഴ്സിറ്റിയുടെ സന്ദേശമായിരുന്നു അത്.താജ്മഹലും ചെങ്കോട്ടയും മണാലിയുമൊക്കെ കാണാനുള്ള കൗതുകത്തിലും അതിലുപരി ആവേശഭരിത തയുടെ ഉച്ചസ്ഥായിലുമായിരുന്ന മുഖങ്ങൾ പലതും ഒളിമങ്ങി തുടങ്ങി.അതുവരെ ആ കമ്പാർട്ട്മെന്റിലാകെ അലയടിച്ചുയർന്നിരുന്ന ശബ്ദകോലാഹലങ്ങൾ നിലച്ചു. പെട്ടെന്ന് കമ്പാർട്ട്മെന്റ് ആകെ എന്തോ സ്മശാന മൂഖമായതുപോലെ.! _തുടരും_

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇