താനൂർ ബോട്ട് അപകടം;രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള മുസ്ലീം ലീഗിലെ തീവ്രവാദി നേതാക്കളുടെ ശ്രമം ജനങ്ങൾ തിരിച്ചറിയണം

താനൂർനാടിനെ നടുക്കിയ പൂരപ്പുഴ ബോട്ടപകടം നടന്ന് 22 വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടത്. ഇത് താനൂരിനെ മാത്രമല്ല കേരളത്തിനാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.എന്നാൽ ദുരന്തമുഖത്ത് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള വൃത്തികെട്ട രാഷ്ട്രീയമാണ് മുസ്ലിംലീഗിലെ ഒരു വിഭാഗം തീവ്രവാദികളായ നേതാക്കൾ സ്വീകരിക്കുന്നതെന്നും, ഇത് ജനങ്ങൾ തിരിച്ചറിയണമെന്നും സിപിഐ എം താനൂർ ഏരിയ കമ്മിറ്റിയംഗങ്ങൾ താനൂരിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംഭവം നടന്ന അന്ന് രാത്രി തന്നെ മന്ത്രിമാരായ വി അബ്ദുറഹിമാനും, മുഹമ്മദ് റിയാസും സംഭവസ്ഥലത്ത് ഓടിയെത്തി ആവശ്യമായ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഏറ്റവും കൂടുതൽ ആളുകളെ എത്തിച്ച മൂലക്കലിലെ ആശുപത്രിയിൽ ക്യാമ്പ് ചെയ്ത് എല്ലാ നിർദ്ദേശങ്ങളും നൽകുകയുണ്ടായി. മാത്രമല്ല പ്രതിപക്ഷമോ ഭരണപക്ഷമോ നോക്കാതെ ജില്ലയിലെ എല്ലാ എംഎൽഎമാരെയും ഏകോപിപ്പിച്ച് ആവശ്യമായ തീരുമാനങ്ങൾ എടുക്കുകയാണുണ്ടായത്. മുഖ്യമന്ത്രിയും 13 മന്ത്രിമാരുമെത്തി മന്ത്രിസഭാ യോഗവും, സർവകക്ഷിയോഗവും വിളിച്ച് നടപടികൾ സ്വീകരിച്ചു. എന്നാൽ കുറച്ചുകാലമായി താനൂരിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കാനുള്ള പരിശ്രമത്തിലാണ് തീവ്രവാദ നിലപാടുള്ള മുസ്ലിം ലീഗിന്റെ നേതാക്കന്മാരിൽ ചിലർ. ഒരു ജനതയെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും അതിൽനിന്ന് രാഷ്ട്രീയനേട്ടം കൊയ്യാനുമാണ് ഈ നേതാക്കന്മാർ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. അപകടത്തിന്റെ പ്രാഥമികമായി ഉത്തരവാദിത്വം ആർക്കാണ് എന്നത് വ്യക്തമാണെന്നും, ഹൈക്കോടതി കേസെടുത്തപ്പോ അതിൽ ആദ്യം വിളിപ്പിക്കാൻ തീരുമാനിച്ചത് താനൂർ മുനിസിപ്പൽ സെക്രട്ടറിയാണെന്നും സിപിഐ എം നേതാക്കൾ പറഞ്ഞു. താനൂരിലെ ജനങ്ങളുടെ മനസ്സിൽ ഒരു വലിയ മുറിവുണ്ട്. ആ മുറിവുണക്കണം ഇവിടത്തെ സമാധാനം നിലനിർത്തണം അതിനുവേണ്ടിയാണ് സിപിഐ എം പരിശ്രമിക്കുന്നത്. ഈ ദുരന്തസാഹചര്യം മുതലെടുത്ത് മുസ്ലീംലീഗ് മാത്രമല്ല ജമാഅത്തെ ഇസ്ലാമി, കോൺഗ്രസ് മറ്റു പല കക്ഷികളും രാഷ്ട്രീയ നാടകം കളിക്കുന്നുണ്ട് ഇതൊക്കെ ജനങ്ങൾ തിരിച്ചറിയണമെന്നും സിപിഐ എം നേതാക്കൾ പറഞ്ഞു. ഏരിയ സെക്രട്ടറി സമദ് താനാളൂർ ഏരിയ കമ്മിറ്റി അംഗങ്ങളായ എം അനിൽകുമാർ, കെ ടി ശശി, പി പി സെെതലവി, സി പി അശോകൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇