
രാജ്യത്തെ 5 സംസ്ഥാനങ്ങളില്‍ ഇന്ന് സ്കൂളുകള്‍ തുറക്കും…

കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ അടച്ചിട്ട സ്‌കൂളുകളും കോളേജുകളും ഇന്ന് തുറക്കും. കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തിലാണ് സ്കൂളുകൾ തുറക്കാൻ തീരുമാനിച്ചത്. രാജ്യത്തെ 5 സംസ്ഥാനങ്ങളില്‍ ഇന്ന് സ്കൂളുകള്‍ തുറക്കും.ഡൽഹി, തമിഴ്നാട്, രാജസ്ഥാന്‍, അസം, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇന്ന് സ്കൂളുകള്‍ തുറക്കുന്നത്.
50% വിദ്യാര്‍ഥികളെ മാത്രം പ്രവേശിപ്പിച്ചാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. വിദ്യാർഥികൾ മാതാപിതാക്കളുടെ അനുമതിപത്രവും വാങ്ങേണ്ടതായിട്ടുണ്ട്. അധ്യാപകരും സ്കൂള്‍ ജീവനക്കാരും 2 ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്.
ആഴ്ചയില്‍ 6 ദിവസം ക്ലാസുകള്‍ നടത്താനാണു തീരുമാനം. ചില സംസ്ഥാനങ്ങളില്‍ രാവിലെയും ഉച്ചയ്ക്കുമായി 2 ഷിഫ്റ്റുകളായാണു ഓഫ്‌ലൈൻ ക്ലാസുകളുടെ പ്രവർത്തനം. ഇതിനൊപ്പം തന്നെ ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്.
എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ ഉള്ള തെലങ്കാന സര്‍ക്കാര്‍ തീരുമാനം തെലങ്കാന ഹൈക്കോടതി കഴിഞ്ഞ ദിവസം തടഞ്ഞിരുന്നു. രാജ്യത്ത് റെക്കോര്‍ഡ് വാക്സിനേഷനാണ് കഴിഞ്ഞ ദിവസം നടന്നത്. 1കോടി 16 ലക്ഷത്തിലേറെ വാക്‌സിന്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്തുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.