അശ്വമേധം 6.0 ; ജില്ലാ തല യോഗം ചേർന്നു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
കുഷ്ഠരോഗ നിർമാർജനത്തിനായി ആരോഗ്യവകുപ്പ് നടത്തുന്ന ‘അശ്വമേധം’ 6.0 ക്യാമ്പയിന്റെ ജില്ലാതല ഇന്റർ സെക്ടർ കോഡിനേഷൻ കമ്മിറ്റി യോഗം ചേർന്നു. ജില്ലാ കലക്ടർ എ ഗീതയുടെ അധ്യക്ഷതയിൽ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ കുഷ്ഠരോഗ നിർമാർജനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി.
കുഷ്ഠരോഗത്തെക്കുറിച്ച് ബോധവൽക്കരണം, പ്രാഥമിക പരിശോധന, രോഗബാധിതർക്ക് വിദഗ്ധ പരിശോധന, ചികിത്സ എന്നിവ ലഭ്യമാക്കുകയാണ് അശ്വമേധത്തിന്റെ ലക്ഷ്യം. രണ്ട് വയസിനു മുകളിൽ പ്രായമുള്ളവരിലാണ് പരിശോധന നടത്തുന്നത്. ജില്ലയിലെ മുഴുവൻ വീടുകളിലും ആരോഗ്യ വകുപ്പു ജീവനക്കാരുടെ നേതൃത്വത്തിൽ പരിശീലനം ലഭിച്ച വളണ്ടിയർമാർ സന്ദർശനം നടത്തുന്നതാണ്.
തൊലിപ്പുറത്ത് നിറം മങ്ങിയതും ചുവന്നതുമായ പാടുകളിൽ സ്പർശനം, ചൂട്, തണുപ്പ്, വേദന എന്നിവ അറിയാതിരിക്കൽ, പരിധീയ നാഡികളിൽ തൊട്ടാൽ വേദന, കൈകാൽ മരവിപ്പ് എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ. സർക്കാർ ആശുപത്രികളിൽ കുഷ്ഠരോഗ ചികിത്സ സൗജന്യമാണ്.
യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ രാജാറാം കെ.കെ, എസ്.സി ഡി ഡി ഒ ഷാജി കെ.പി, ജില്ലാ ട്രൈബൽ ഓഫീസർ അയ്യപ്പൻ ബി.സി, എൽ എസ് ജി ഡി അസിസ്റ്റന്റ് ഡയറക്ടർ ജോർജ്ജ് ജോസഫ്, അസിസ്റ്റന്റ് ലെപ്രസി ഓഫീസർ സുരേഷ് ടി മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.