ഭൂരഹിതരായ മനുഷ്യര്‍ക്കു വേണ്ടി നിയമത്തെ മാറ്റിമറിക്കും: റവന്യൂമന്ത്രി

ഭൂരഹിതനായ മനുഷ്യനു വേണ്ടി നിയമത്തെ മാറ്റിമറിക്കുകയാണ് ആധുനിക കാലത്ത് റവന്യൂ വകുപ്പ് നടപ്പാക്കേണ്ട ഏറ്റവും പ്രധാന പ്രവര്‍ത്തനമെന്ന് മന്ത്രി കെ. രാജന്‍. കളമശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ജില്ലാതല പട്ടയ വിതരണ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആറടി ഭൂമി സ്വന്തമായില്ലാത്ത മനുഷ്യരെ ഭൂമിയുടെ അവകാശികളാക്കി മാറ്റാന്‍ നിയമത്തിലോ ചട്ടത്തിലോ മാറ്റം വരുത്താന്‍ സര്‍ക്കാരിന് ഒരു മടിയുമില്ല. എന്നാല്‍ ഏക്കറുകണക്കിന് ഭൂമി സ്വന്തമാക്കി വെക്കുന്നവര്‍ എത്ര ഉന്നതരായാലും ആ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യുകയെന്നതാണ് സര്‍ക്കാര്‍ നിലപാട്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇനിയും ഭൂമി ലഭിക്കാനുള്ളവര്‍ക്ക് പട്ടയം നല്‍കാനുള്ള തടസമെന്തെന്ന് കണ്ടെത്തും. കൃത്യമായ നടപടിക്രമങ്ങളിലൂടെ ഭൂരഹിതരായ മുഴുവന്‍ പേര്‍ക്കും ഭൂമി ലഭ്യമാക്കും. ഇന്ത്യയിലാദ്യമായി യൂണീക് തണ്ടപ്പേര്‍ നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. അര്‍ഹതപ്പെട്ടവര്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സമയബന്ധിതമായ ഇടപെടല്‍ നടത്തും.

ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് ദിവസവും എണ്ണൂറിലേറെ പരാതികള്‍ സംസ്ഥാനത്ത് ലഭിക്കുന്നുണ്ട്. ഇത് വേഗത്തിലാക്കാനുള്ള പ്രവര്‍ത്തനം നടത്തും. ഇക്കാര്യത്തില്‍ നിയമഭേദഗതി ഉള്‍പ്പെടെ പരിഗണിക്കും. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ആക്ഷേപമില്ലാതെ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പ്രത്യേക സംവിധാനം റവ്യനൂ വകുപ്പ് ഏര്‍പ്പെടുത്തും.

1012 പട്ടയങ്ങളും 13 കൈവശാവകാശ രേഖകളും അടക്കം 1025 രേഖകളാണ് പട്ടയമേളയില്‍ കൈമാറുന്നത്. സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പട്ടയവും കൈവശാവകാശ രേഖയുടമക്കം ജില്ലയില്‍ 4002 രേഖകളാണ് വിതരണം ചെയ്തത്. 1,22000 കുടുംബങ്ങളാണ് ഇക്കാലയളവില്‍ സംസ്ഥാനത്ത് ഭൂമിയുടെ അവകാശികളായത്. രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പട്ടയമിഷന്‍ കൂടി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂമിക്ക് അര്‍ഹതപ്പെട്ട മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുകയെന്ന ചരിത്ര ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്.

ജൂലൈ മാസം മുതല്‍ പട്ടയമിഷന്റെ ഭാഗമായി കേരളത്തിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും എംഎല്‍എമാരുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി തഹസില്‍ദാര്‍മാര്‍ നോഡല്‍ ഓഫീസര്‍മാരായുള്ള സമിതി ഭൂമിയുടെ അവകാശികളാകാന്‍ ബാക്കിയുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ച് പട്ടയ ഡാഷ്‌ബോര്‍ഡിലേക്ക് രേഖപ്പെടുത്തും.

പട്ടയം നല്‍കുന്നതിനുള്ള തടസങ്ങള്‍ കൃത്യമായി രേഖപ്പെടുത്തി പരിഹാരം കണ്ടെത്തും. സംസ്ഥാന തലത്തില്‍ ചീഫ് സെക്രട്ടറി ചെയര്‍മാനും പ്രിന്‍സിപ്പല്‍ സെക്രട്ടറി കണ്‍വീനറുമായുളള പട്ടയവിതരണ നിരീക്ഷണ സമിതിയും പ്രവര്‍ത്തിക്കും. ആ സമിതിയില്‍ ഏഴ് സര്‍ക്കാര്‍ വകുപ്പുകളുടെ മേധാവികളുമുണ്ടാകും. ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റില്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാകും പട്ടയമിഷന്റെ പ്രവര്‍ത്തനം. ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലും താലൂക്കില്‍ തഹസില്‍ദാറുടെ നേതൃത്വത്തിലും പട്ടയമിഷന്‍ പ്രവര്‍ത്തിക്കും. വില്ലേജ് തല ജനകീയ സമിതിയും പട്ടയവിതരണത്തിന് ഇടപെടല്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ പരമാവധി വേഗത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി പി. രാജീവ് പറഞ്ഞു. സ്വന്തമായി ഭൂമി എന്നത് മനുഷ്യന്റെ പ്രധാന ആവശ്യങ്ങളിലൊന്നാണ്. എല്ലാവര്‍ക്കും വീട് എന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ്. ഇതു സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എല്ലാ താലൂക്കുകളിലും അദാലത്തുകള്‍ പൂര്‍ത്തീകരിച്ചു.

ജൂലൈ മാസം മുതല്‍ അദാലത്തില്‍ സ്വീകരിച്ച തീരുമാനങ്ങള്‍ സംബന്ധിച്ച് അവലോകനം നടത്തും. അതിനു ശേഷം മന്ത്രിസഭ ഒന്നാകെ ജില്ലാതലത്തില്‍ വികസനവിഷയങ്ങളില്‍ സൂക്ഷ്മ പരിശോധന നടത്തും. പരമാവധി വേഗത്തില്‍ ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ രണ്ട് പട്ടയമേളകളിലായി 2977 പട്ടയങ്ങള്‍ നല്‍കി. മൂന്നാമത്തെ പട്ടയമേളയോടെ ജില്ലയില്‍ ആകെ 3989 പട്ടയങ്ങളാണ് ഈ സര്‍ക്കാര്‍ നല്‍കിയത്. പട്ടയമേളയുടെ അടുത്തഘട്ടത്തില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം ലഭ്യമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയിലെ ഏഴ് താലൂക്കുകളിലായി 124 സാധാരണ പട്ടയങ്ങളും 288 ദേവസ്വം പട്ടയങ്ങളും 600 ലാന്‍ഡ് ട്രിബ്യൂണല്‍ പട്ടയങ്ങളുമാണ് വിതരണം ചെയ്തത്. കൂടാതെ 13 അപേക്ഷകര്‍ക്ക് കൈവശാവകാശ രേഖകളും കൈമാറി. കണയന്നൂര്‍ താലൂക്കില്‍ 12, ആലുവയില്‍ 13 ഉം, പറവൂരില്‍ നാലും കൊച്ചി താലൂക്കില്‍ 18 ഉം, മൂവാറ്റുപുഴയില്‍ 16ഉം കോതമംഗലത്ത് 30ഉം, കുന്നത്തുനാട്ടില്‍ 31ഉം സാധാരണ പട്ടയങ്ങളാണ് വിതരണം ചെയ്തത്. കണയന്നൂര്‍ താലൂക്കില്‍ ഒന്നും, കൊച്ചിയില്‍ ഏഴും, കുന്നത്തുനാട്ടില്‍ അഞ്ചും കൈവശാവകാശ രേഖകളാണ് നല്‍കുന്നത്.

സംസ്ഥാനത്തെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കുക, വര്‍ഷങ്ങളായി ഭൂമി കൈവശം വച്ചിരുന്നവര്‍ക്ക് പട്ടയവും ക്രയ സര്‍ട്ടിഫിക്കറ്റും നല്‍കുക എന്നീ ലക്ഷ്യത്തോടെയാണ് പട്ടയം മേള സംഘടിപ്പിച്ചത്. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ നടക്കുന്ന മൂന്നാമത്തെ പട്ടയമേളയാണ് കളമശേരിയില്‍ നടന്നത്. ആദ്യ പട്ടയമേളയില്‍ 530 പട്ടയങ്ങളും രണ്ടാമത്തെ പട്ടയമേളയില്‍ 2447 പട്ടയങ്ങളും ഉള്‍പ്പെടെ 2977 പട്ടയങ്ങളാണ് ജില്ലയില്‍ വിതരണം ചെയ്തത്.

എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, ആന്റണി ജോണ്‍, ടി.ജെ. വിനോദ്, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാന്‍, ഡെപ്യൂട്ടി കളക്ടര്‍മാരായ ബി. അനില്‍കുമാര്‍, ഉഷ ബിന്ദുമോള്‍, രാഷ്ട്രീയകക്ഷി പ്രതിനിധി കെ.എം. ദിനകരന്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.