ജില്ലാതലത്തിലും തദ്ദേശ സ്ഥാപനതലത്തിലും ശുചീകരണ പകർച്ചവ്യാധി പ്രതിരോധ അവലോകനം നടത്തും: ആരോഗ്യമന്ത്രി.

**തുടർച്ചയായ ശുചീകരണ പ്രവർത്തനങ്ങൾ എല്ലായിടത്തും സാധ്യമാക്കണം

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

** നാളെ മുതൽ വെള്ളിശനിഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ

** എല്ലാ സ്‌കൂളുകളിലും വെള്ളിയാഴ്ച ആരോഗ്യ അസംബ്ലി

** മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു


സംസ്ഥാനത്ത് പകർച്ചപ്പനി പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രി വീണാ ജോർജ്, തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്, പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ ആരോഗ്യം, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം വകുപ്പുകളുടെ യോഗം ചേർന്നു. ജൂലൈ മാസത്തിൽ പകർച്ചപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ പ്രതിരോധ പ്രവർത്തനങ്ങളും ജാഗ്രതയും ശക്തമാക്കണമെന്ന് യോഗശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഗുരുതര രോഗികൾ ഒരേ സമയം ആശുപത്രികളിലെത്തിയാൽ ആശുപത്രി സംവിധാനത്തിന് താങ്ങാൻ പറ്റില്ല. അത്തരമൊരു സാഹചര്യമുണ്ടാവാതിരിക്കാൻ വകുപ്പുകൾ ഏകോപിപ്പിച്ചുള്ള പ്രവർത്തനങ്ങൾ നടത്തണം. കുട്ടികളിൽ ഇൻഫ്‌ളുവൻസ കൂടി വരികയാണ്. ഈ സാഹചര്യത്തിൽ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവർത്തനത്തിനും പൊതുവിൽ എടുക്കേണ്ട തീരുമാനങ്ങൾ ചർച്ച ചെയ്യാനുമാണ് യോഗം വിളിച്ചതെന്നും മന്ത്രി പറഞ്ഞു.

വരുന്ന ആഴ്ചകളിൽ വെള്ളി, ശനി, ഞായർ ദിവസങ്ങൾ തോറും ഡ്രൈ ഡേ ആചരിക്കണം. വെള്ളിയാഴ്ച സ്‌കൂളുകൾ, ശനിയാഴ്ച ഓഫീസുകൾ, ഞായറാഴ്ച വീടുകൾ എന്നിങ്ങനെയാണ് ഡ്രൈ ഡേ ആചരിക്കേണ്ടത്. സർക്കാർ സ്വകാര്യ ഓഫീസുകളും സ്ഥാപനങ്ങളും ശുചീകരണ പ്രവർത്തനങ്ങൾ നടത്തി പ്രതിരോധം ഉറപ്പാക്കണം.

കുട്ടികളിൽ ഇൻഫ്‌ളുവൻസ കേസുകൾ കൂടി വരുന്ന സാഹചര്യം കണക്കിലെടുത്ത് വിദ്യാഭ്യാസ വകുപ്പ് പ്രവർത്തനങ്ങൾ ശക്തമാക്കും. പകർച്ചപ്പനി അവബോധത്തിനായി എല്ലാ സ്‌കൂളുകളിലും ജൂൺ 23 ന് ആരോഗ്യ അസംബ്ലി നടത്തും. സ്‌കൂളുകളെക്കൂടി ആരോഗ്യ വകുപ്പിന്റെ ഹോട്ട്‌സ്‌പോട്ട് പരിശോധനയിൽ ഉൾപ്പെടുത്തും. ആരോഗ്യ പ്രവർത്തകർ സ്‌കൂളുകൾ സന്ദർശിച്ച് മാർഗ നിർദേശങ്ങൾ നൽകും. ഒരു ക്ലാസിൽ അഞ്ചിൽ കൂടുതൽ കുട്ടികൾ പനിബാധിച്ച് ഹാജരാകാതിരുന്നാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുട്ടികൾ കുടിക്കാൻ പാടുള്ളൂ. കുട്ടികൾ മാസ്‌ക് ധരിക്കുന്നതാണ് നല്ലത്. പനിയുള്ള കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കരുത്.

ജില്ലകളിൽ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ അവലോകന യോഗം ചേരുന്നതാണ്. ഹരിതകർമ്മസേന, സന്നദ്ധ പ്രവർത്തകർ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവരുടെ പിന്തുണകൂടി ഉറപ്പ് വരുത്തും. വാർഡ് തലത്തിൽ ആരോഗ്യ ജാഗ്രതാ സമിതികൾ യോഗം ചേർന്ന് നടപടി സ്വീകരിക്കണം. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ശക്തമാക്കും. നിർമ്മാണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മ സേനാ പ്രവർത്തകർ, കർഷകർ, ക്ഷീര കർഷകർ, അരുമ മൃഗങ്ങളെ വളർത്തുന്നവർ എന്നിവരുടെ സുരക്ഷ ഉറപ്പാക്കാൻ അവബോധം ശക്തിപ്പെടുത്തും. ആൾപ്പാർപ്പില്ലാത്ത വീടുകൾ, തോട്ടങ്ങൾ തുടങ്ങിയയിടങ്ങളിൽ കൊതുകിന്റെ ഉറവിടത്തിന് കാരണമായാൽ നിയമപ്രകാരം നോട്ടീസ് നൽകി നടപടിയെടുക്കും.

ജില്ലാതലത്തിൽ കൂടാതെ തദ്ദേശ തലത്തിൽ രണ്ടാഴ്ചയിലൊരിക്കൽ യോഗം വിളിക്കുമെന്ന് മന്ത്രി എം.ബി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മെഡിക്കൽ ഓഫീസർ, കുടുംബശ്രീ, ഹരിതകർമ്മ സേന, തൊഴിലുറപ്പ്, പാടശേഖര സമിതി തുടങ്ങിയ പ്രതിനിധികളെ കൂടി യോഗത്തിൽ ഉൾപ്പെടുത്തും. ഹോട്ട് സ്‌പോട്ടുകളിൽ പ്രത്യേക ഇടപെടൽ നടത്തുന്നതാണ്. മഴക്കാല ശുചീകരണം നേരത്തെ തന്നെ നടത്തി വരുന്നു. നല്ല മാറ്റമുണ്ടായി. തദ്ദേശ സ്ഥാപനങ്ങൾ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി ഡ്രൈ ഡേ ആചരിക്കുമെന്നും മന്ത്രി പറഞ്ഞു.

തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. രത്തൻ ഖേൽക്കർ, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.