ചരിത്രം കുറിച്ച് അഗ്നിരക്ഷാസേന.

ആദ്യ ബാച്ച് ഫയര്‍ വുമണ്‍ ട്രെയിനികളുടെ പരിശീലത്തിന് തുടക്കമായി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

കേരള അഗ്നിരക്ഷാസേനയില്‍ നിയമിതരായ ആദ്യ ബാച്ചിലെ ഫയര്‍ വുമണ്‍ ട്രെയിനികളുടെ പരിശീലനത്തിന് വിയ്യൂര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍ തുടക്കമായി. ഉദ്ഘാടനം ഫയര്‍ ആൻഡ് റെസ്‌ക്യു ഡയറക്ടര്‍ ജനറല്‍ കെ പത്മകുമാര്‍ നിർവഹിച്ചു. രാജ്യത്തെ ഫയര്‍ സര്‍വീസ് ചരിത്രത്തില്‍ ആദ്യമായി ഒരേസമയം ഇത്രയേറെ വനിതകള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത് ആദ്യമായാണ്. സംസ്ഥാന സർക്കാരിന്റെ പ്രത്യേക താല്പര്യപ്രകാരം യൂണിഫോം സേനകളിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിയമനം.

അക്കാദമിയിലെ ആറുമാസത്തെ അടിസ്ഥാന പരിശീലനത്തിന് ശേഷം ബന്ധപ്പെട്ട നിലയങ്ങളില്‍ സ്റ്റേഷന്‍ പരിശീലനത്തിനായി അയക്കും. തുടർന്ന് വിവിധ സ്റ്റേഷനുകളിൽ രക്ഷപ്രവർത്തനങ്ങൾക്കായി ഇവരെ നിയോഗിക്കും. നിലവിൽ 86 പേരാണ് നിയമിതരായത്.

സ്ത്രീ -പുരുഷ വ്യത്യാസം ഇല്ലാതെ എല്ലാ മേഖലകളിലും പരിശീലനം നൽകുന്ന വിധത്തിലാണ് പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഉദ്ഘാടനം നിർവഹിച്ച ഫയര്‍ ആൻഡ് റെസ്‌ക്യു ഡയറക്ടര്‍ ജനറല്‍ കെ പത്മകുമാര്‍ പറഞ്ഞു. സ്കൂബ ഡൈവിംഗ്, ഡിങ്കി ബോട്ടുകൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം, വാതക ചോർച്ച, രാസവസ്തുക്കളാൽ ഉണ്ടാകുന്ന ദുരന്തം തുടങ്ങിയവ നേരിടുന്നതടക്കമുള്ള പരിശീലനം ഉറപ്പാക്കും.

പ്ലസ് ടു ആണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയെങ്കിലും ഭൂരിഭാഗം പേരും ഉന്നത വിദ്യാഭ്യാസം കൈവരിച്ചവരാണ്. സേനയുടെ വികസനത്തിനും വളർച്ചയ്ക്കും മുഖ്യപങ്ക് വഹിക്കാൻ അർപ്പണമനുഭാവത്തോടുകൂടി പ്രവർത്തിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

പരിശീലനത്തിൽ പങ്കെടുക്കുന്ന 86 പേരിൽ 28 ബിരുദാനന്തര ബിരുദധാരികളും 48 ബിരുദധാരികളും 3 ബി.ടെക് ബിരുദധാരികളും ബി.എഡ് യോഗ്യതയുള്ള 3 പേരും ഉൾപ്പെടുന്നു. തിരുവനന്തപുരം 12, കൊല്ലം നാല്, പത്തനംതിട്ട 2, ആലപ്പുഴ 8, കോട്ടയം 4, എറണാകുളം 10, ഇടുക്കി മൂന്ന്, തൃശൂർ നാല്, പാലക്കാട് 6, മലപ്പുറം 6, കോഴിക്കോട് 9, വയനാട് മൂന്ന്, കണ്ണൂർ 6, കാസർഗോഡ് 3 വീതം പേരാണ് നിയമിതരായത്.

വിവിധ മേഖലകളിൽ ഒരു വർഷത്തെ സമഗ്ര പരിശീലനമാണ് അഗ്നിരക്ഷാസേന നൽകുന്നത്. ഫയർ പ്രൊട്ടക്ഷൻ, ഇൻഡസ്ട്രിയൽ ഫയർ സേഫ്റ്റി, മൗണ്ട് റെ, വെള്ളത്തിനടിയിലെ രക്ഷാപ്രവർത്തനം, ഫ്ലഡ് റെസ്ക്യു സെൽഫ് , വിവിധ രാസ അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിനും രക്ഷാപ്രവർത്തനം നടത്തുന്നതിനുള്ള പ്രാവീണ്യം, പ്രഥമ ശുശ്രൂഷ, പുക നിറഞ്ഞതും ഇരുട്ടുള്ളതുമായ മുറികളിലെ രക്ഷാപ്രവർത്തനം, ശ്വസനസഹായികൾ ഉപയോഗിച്ച് ബഹുനില കെട്ടിടങ്ങൾ കയറിയുള്ള രക്ഷാപ്രവർത്തനം, ബേസിക് ലൈഫ് സപ്പോർട്ട് തുടങ്ങി വിവിധ വിഷയങ്ങളിലെ അടിസ്ഥാന പാഠഭാഗങ്ങളും പ്രായോഗിക പരിശീലനവും കൂടി ഉള്‍പ്പെടുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

ഡയറക്ടർ ടെക്നിക്കൽ എം നൗഷാദ് അധ്യക്ഷനായി. ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമി റീജിയണൽ ഫയർ ഓഫീസർ എം ജി രാജേഷ്, പാലക്കാട് റീജിയണൽ ഫയർ ഓഫീസർ കെ കെ ഷിജു, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമി ജില്ലാ ഫയർ ഓഫീസർ എസ്. എൽ ദിലീപ്, ജില്ലാ ഫയർ ഓഫീസർമാരായ അരുൺ ഭാസ്കർ, എം. എസ് സുവി, ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് അക്കാദമി ജില്ലാ ഫയർ ഓഫീസർ ശ്രീ. റെനി ലൂക്കോസ് തുടങ്ങിയവർ സംസാരിച്ചു.