കേരള മന്ത്രിസഭയെ വരവേറ്റ് ഗുരുവായൂർ നിയോജക മണ്ഡലം

ജനസാഗരമായി കൂട്ടുങ്ങൽ ചത്വരം

ചാവക്കാട് കൂട്ടുങ്ങൽ ചത്വരത്തിൽ നടന്ന ഗുരുവായൂർ നിയോജക മണ്ഡല നവകേരള സദസ് ജനസാഗരമായി. കടലോളമാളുകൾ കേരള മന്ത്രിസഭയെ കാണാനും കേൾക്കാനുമായെത്തി. സദസിൽ ഗുരുവായൂർ നിയോജക മണ്ഡലത്തിന്റെ ചരിത്രവും വികസനവും ഉൾപ്പെടുത്തിയ സുവനീർ ” നവം” മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

ഗുരുവായൂർ സത്യാഗ്രഹത്തെ കുറിച്ചുള്ള പുസ്തകവും രാമച്ചം കൊണ്ടുള്ള വിശറിയും ചപ്പലും ഉപഹാരം നൽകിയാണ് മന്ത്രിസഭയെ മണ്ഡലം സ്വാഗതം ചെയ്തത്. ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ചാവക്കാടിന്റെ വികസന രേഖ മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചു.

നവകേരള സദസിനെ സ്വാഗതം ചെയ്യാൻ കഥകളി വേഷങ്ങൾ ഒരുക്കിയിരുന്നു. പഞ്ചവാദ്യം, മാപ്പിളപ്പാട്ട് ഗാനമേള, സോപാന സംഗീതം, ചേർത്തല രാജേഷിന്റെ നേതൃത്വത്തിൽ ഫ്ലൂട്ട് ഫ്യൂഷൻ ബാന്റ് തുടങ്ങിയ കലാപരിപാടികളും അനുബന്ധമായി നടന്നു. അതോടൊപ്പം ‘എന്റെ കേരളം’ എന്ന വിഷയത്തിൽ സംസ്ഥാനത്തെ വികസനങ്ങളെ കുറിച്ച് വിദ്യാർത്ഥിയായ നദാൽ സംസാരിച്ചു. ഉപജില്ലാ കലോൽസവ വേദികളിൽ മികവു പുലർത്തിയ നാലാം ക്ലാസുകാരനായ നദാൽ കേരളത്തിന്റെ വികസനങ്ങൾ ഓരോന്നായി എടുത്തു പറഞ്ഞു.

സദസിനെത്തിയ ആളുകളുടെ ആരോഗ്യം ഉറപ്പാക്കാൻ ആലോപ്പതി, ആയുർവേദം ആരോഗ്യ വിഭാഗങ്ങൾ സജ്ജമായിരുന്നു. കൂട്ടുങ്ങൽ ചത്വരത്തിന്റെ നാല് ഭാഗത്തും മെഡിക്കൽ സംഘങ്ങൾ സ്ട്രേച്ചർ, ബെഡ്, വീൽ ചെയർ , ഒക്സിജൻ സൗകര്യം, ഫസ്റ്റ് എയ്ഡ് ബൂത്ത്, ആംബുലൻസ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
കാണികൾക്ക് ചുക്കു കാപ്പി, ബിസ്കറ്റ്, കുടിവെള്ളം എന്നിവ ഹരിത പ്രോട്ടോക്കോൾ പാലിച്ച് വിതരണം ചെയ്തു. അടിസ്ഥാന സൗകര്യങ്ങൾക്കായി ടേക്ക് എ ബ്രേക്ക് സൗകര്യവും ഒരുക്കി.

സദസിന് സഹായകരമായി എൻ. എസ്. എസ് , എൻ.സി.സി, സിവിൽ ഡിഫെൻസ്, ട്രാഫിക് വളണ്ടിയേഴ്സ്, സന്നദ്ധ യുവജന സംഘടനകൾ തുടങ്ങിയവയിൽ നിന്നായി 350 ൽ അധികം വളണ്ടിയേഴ്സ് പങ്കാളികളായി. അതോടൊപ്പം കുടുംബശ്രീ, ആശ, അംഗൻവാടി, ഹരിത കർമ്മ സേന എന്നി പ്രവർത്തകരും ജനപ്രതിനിധികൾ, പൊലീസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പരിപാടിയുടെ സുഗമമായ നടത്തിപ്പിന്റെ പങ്കാളികളായി.

Comments are closed.